ലളിതമായ കോഡിങ് സേവനങ്ങൾ നൽകുന്ന പഴയ മാതൃകയിൽനിന്ന് ആഗോള ഇനവേഷൻ ഹബ്ബുകളായി മാറാനുള്ള സമ്മർദമാണ് ഇന്ത്യൻ കമ്പനികൾക്കുമുന്നിലുള്ളത്. ഇത്തരം വിസാനിരോധനങ്ങളും പേം സസ്പെൻഷനുകളുമെല്ലാം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ, നൈപുണി വികസനത്തിലൂടെയും വിപണി വൈവിധ്യവത്‌കരണത്തിലൂടെയും അതിജീവിക്കാനുള്ള കരുത്ത് ഇന്ത്യൻ ഐ.ടി. മേഖല ആർജിക്കേണ്ടതുണ്ട്

അമേരിക്കൻ തൊഴിൽവിപണിയിൽ ഇന്ത്യൻ ഐ.ടി. മേഖലയ്ക്ക് വീണ്ടുമൊരു കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ടാണ് ഗ്രീൻ കാർഡ് പ്രക്രിയയിൽ എട്ട് പ്രമുഖ ഇന്ത്യൻ കമ്പനികൾക്ക് യു.എസ്. അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സ്ഥിരം താമസാനുമതിക്കായുള്ള പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) അപേക്ഷകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. ഇത് ഇന്ത്യൻ ടെക് കമ്പനികളെയും ആയിരക്കണക്കിന് പ്രൊഫഷണലുകളെയും കടുത്ത ആശങ്കയിലേക്കാണ് തള്ളിവിടുന്നത്. അമേരിക്കയിൽ കരിയർ സ്വപ്നംകാണുന്ന ഇന്ത്യൻ വിദഗ്ധർക്ക് ഗ്രീൻ കാർഡ് കേവലം ഒരു രേഖയല്ല. മറിച്ച്, അവിടത്തെ അവരുടെ ജീവിതത്തിന്റെ അടിത്തറയാണ്. എച്ച്-1ബി വിസയിൽ ജോലിചെയ്യുന്നവർക്ക് ഗ്രീൻ കാർഡ് അപേക്ഷ മുന്നോട്ടുപോയില്ലെങ്കിൽ നിശ്ചിത കാലാവധിക്കുശേഷം രാജ്യംവിടേണ്ടി വരും. ജീവനക്കാരുടെ മാനസികസമ്മർദം വർധിപ്പിക്കുന്നതിനൊപ്പം യു.എസിലെ പ്രധാന പ്രോജക്ടുകളിലേക്ക് വിദഗ്ധരായ മനുഷ്യവിഭവശേഷിയെ ദീർഘകാലത്തേക്ക് നിയോഗിക്കുന്നത് കമ്പനികൾക്ക് വലിയ വെല്ലുവിളിയാകുകയും ചെയ്യും.
അതിജീവിച്ച ചരിത്രപാഠങ്ങൾ
ഇത്തരം വിസാപ്രതിസന്ധികളും നിയന്ത്രണങ്ങളും ഇന്ത്യൻ ഐ.ടി. മേഖലയ്ക്ക് പുതിയ അനുഭവമല്ല. 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തും പിന്നീട് 2017-'18 കാലയളവിൽ യു.എസ്. ഭരണകൂടങ്ങൾ എച്ച്-1ബി വിസാനിയമങ്ങൾ കർശനമാക്കിയപ്പോഴും ഇന്ത്യൻ ടെക് ഭീമന്മാർ സമാനമായ തിരിച്ചടികൾ നേരിട്ടിരുന്നു. നാസ്‌കോമിന്റെ കണക്കുകൾപ്രകാരം അന്ന് അഞ്ചുശതമാനത്തിൽ താഴെയായിരുന്ന നിരസിക്കൽ നിരക്ക് ചില വിഭാഗങ്ങളിൽ 24 ശതമാനംവരെയായി കുതിച്ചുയർന്നിരുന്നു.
അപേക്ഷകൾ കൂട്ടത്തോടെ നിരസിക്കപ്പെട്ട ആ ഘട്ടങ്ങളെയെല്ലാം തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് ഇന്ത്യ മറികടന്നത്. അമേരിക്കൻ മണ്ണിൽത്തന്നെ പ്രാദേശികപൗരരെ ജോലിക്കെടുക്കുക, യു.എസിൽ നേരിട്ട് ഡെലിവറി സെന്ററുകൾ സ്ഥാപിക്കുക, കാനഡയും മെക്സിക്കോയും യൂറോപ്പും ഉൾപ്പെടുന്ന ഇതര വിപണികളിലേക്ക് പ്രവർത്തനങ്ങൾ വികേന്ദ്രീകരിക്കുക തുടങ്ങിയ വഴികളിലൂടെ അന്നത്തെ പ്രതിസന്ധികളെ ഇന്ത്യൻ കമ്പനികൾ അതിജീവിച്ചു. പ്രതിസന്ധികളോട് വേഗത്തിൽ പൊരുത്തപ്പെടാനുള്ള ഈ ശേഷിതന്നെയാണ് നിലവിലെ സാഹചര്യത്തിലും പ്രധാന കരുത്താകേണ്ടത്.
ചെറുകിടക്കാരുടെ സാധ്യതകൾ
എന്നാൽ, വൻകിട കമ്പനികൾക്കുള്ള ഈ നിയന്ത്രണത്തിന്റെ മറ്റൊരു വശം ചെറുകിട കമ്പനികൾക്ക് ഇത് ഗുണപരമായി വന്നേക്കാം എന്നതാണ്. അവരുടെ വിസ പ്രോസസിങ് കൂടുതൽ എളുപ്പമാകാം. മാത്രമല്ല വിദേശത്തേക്ക് ആളെ വിട്ടുള്ള പ്രവർത്തനങ്ങൾ കുറയുമ്പോഴും ഔട്സോഴ്സിങ് കുറയാൻ സാധ്യതയില്ല എന്നതിനാൽ ആഭ്യന്തര കമ്പോളത്തിൽ അത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാം .
നിലവിലെ അനിശ്ചിതത്വം മറികടക്കാൻ കമ്പനികളും ജീവനക്കാരും വ്യക്തമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. ലേബർ സർട്ടിഫിക്കേഷൻ നടപടികളിൽ ആഭ്യന്തര ഓഡിറ്റിങ് കർശനമാക്കുകയാണ് ആദ്യപടി. യു.എസ്. തൊഴിൽവിപണിയിൽ തത്തുല്യ വൈദഗ്ധ്യമുള്ള തദ്ദേശീയ ജീവനക്കാരെ ലഭ്യമല്ലെന്ന് തെളിയിക്കുന്ന തൊഴിൽപരസ്യങ്ങളും രേഖകളും കുറ്റമറ്റ രീതിയിൽ സമർപ്പിക്കാൻ കമ്പനികൾ കൂടുതൽ ശ്രദ്ധിക്കണം. പ്രൊഫഷണലുകൾ തങ്ങളുടെ ഇമിഗ്രേഷൻ പദ്ധതികളിൽ ഒരൊറ്റ രാജ്യത്തെമാത്രം ആശ്രയിക്കുന്നത് കുറയ്ക്കണം. യൂറോപ്യൻ യൂണിയന്റെ ബ്ലൂ കാർഡ്, യു.കെ. ഗ്ലോബൽ ടാലന്റ് വിസ, കാനഡ എക്സ്പ്രസ് എൻട്രി തുടങ്ങിയ ബദൽ സാധ്യതകൾ കൂടുതൽ സജീവമാക്കണം. ഒപ്പം, ഉയർന്ന ഗവേഷണ-സാങ്കേതിക വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് എച്ച്-1ബിക്ക് അപ്പുറം ഒ-1, ഇബി-1 തുടങ്ങിയ വിഭാഗങ്ങളിലൂടെ മുന്നോട്ടുപോകാനുള്ള അവസരങ്ങളും തേടാവുന്നതാണ്.
എ.ഐ. സാധ്യതയും ഭീഷണിയും
ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ ഒരുവശത്ത് നിലനിൽക്കുമ്പോൾത്തന്നെയാണ് എ.ഐ. ഈ മേഖലയെ മാറ്റിമറിക്കുന്നത് . ലോക സാമ്പത്തിക ഫോറത്തിന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നത് വരുംവർഷങ്ങളിൽ സാങ്കേതികമുന്നേറ്റംമൂലം ലോകത്താകമാനം ലക്ഷക്കണക്കിന് പരമ്പരാഗതജോലികൾ ഇല്ലാതാകുമെന്നാണ്. ജനറേറ്റീവ് എ.ഐ.യുടെ കടന്നുവരവോടെ കോഡിങ്, ക്വാളിറ്റി അഷ്വറൻസ്, േഡറ്റാ എൻട്രി തുടങ്ങിയ എൻട്രി ലെവൽ ഐ.ടി. ജോലികൾമുതൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള ജീവനക്കാർവരെ രാജ്യത്ത് ഇന്ന് തൊഴിൽ നഷ്ടഭീതിയിലാണ്
എന്നാൽ, എ.ഐ. മോഡൽ പരിശീലനം, എന്റർപ്രൈസ് േഡറ്റാ ആർക്കിടെക്ചർ, സൈബർ സുരക്ഷ, ക്ലൗഡ് ഇന്റഗ്രേഷൻ തുടങ്ങിയ അത്യാധുനിക മേഖലകളിൽ ഉയർന്ന വൈദഗ്ധ്യമുള്ളവർക്ക് ആഗോളതലത്തിൽ ഇപ്പോഴും വലിയ ക്ഷാമമുണ്ട്. ജീവനക്കാർ നേരിട്ട് വിദേശത്തേക്ക് പോകാതെത്തന്നെ ആഗോള പ്രോജക്ടുകളിൽ പ്രവർത്തിക്കാൻ അനുവദിക്കുന്ന ‘ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ’ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് നാസ്‌കോം റിപ്പോർട്ടുകളൊക്കെ അടിവരയിടുമ്പോഴും ഇക്കാര്യങ്ങളിൽ രാജ്യം ഒരുപാട് മുന്നോട്ടുപോകാനുണ്ട് എന്നതാണ് യാഥാർഥ്യം.
ലളിതമായ കോഡിങ് സേവനങ്ങൾ നൽകുന്ന പഴയ മാതൃകയിൽനിന്ന് ആഗോള ഇനവേഷൻ ഹബ്ബുകളായി മാറാനുള്ള സമ്മർദമാണ് ഇന്ത്യൻ കമ്പനികൾക്കുമുന്നിലുള്ളത്. ഇത്തരം വിസാനിരോധനങ്ങളും പേം സസ്പെൻഷനുകളുമെല്ലാം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ, നൈപുണി വികസനത്തിലൂടെയും വിപണി വൈവിധ്യവത്‌കരണത്തിലൂടെയും അതിജീവിക്കാനുള്ള കരുത്ത് ഇന്ത്യൻ ഐ.ടി. മേഖല ആർജിക്കേണ്ടതുണ്ട്.
Content Highlights: US authorities suspended PERM Green Card applications for eight major Indian IT companies due to alleged irregularities.
Published: 10 Oct 2026, 10:06 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented