തിരുവനന്തപുരം: നാലു പതിറ്റാണ്ടിനുശേഷം കോർപ്പറേഷനിലെ ഭരണം മാറുമ്പോൾ എൽഡിഎഫിനെ പ്രതിസന്ധിയിലാക്കാൻ പോകുന്നത് അഴിമതി ആരോപണങ്ങളിലെ അന്വേഷണങ്ങളും താത്‌കാലിക നിയമനങ്ങളുമാണ്. കഴിഞ്ഞ ഭരണസമിതിയുടെ അഴിമതികൾ കോർപ്പറേഷനിലെ പരാജയകാരണമായെന്ന് സിപിഎം നേതാക്കൾതന്നെ പാർട്ടി യോഗങ്ങളിൽ തുറന്നടിച്ചിരുന്നു.
പലഘട്ടങ്ങളിലായി ഉയർത്തിയ ആരോപണങ്ങൾ കോർപ്പറേഷൻ ഭരണത്തിലെത്തുന്നതോടെ ബിജെപി പൊടിതട്ടിയെടുക്കുമെന്ന് ഉറപ്പാണ്. കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിലെ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിക്ക് മുൻ മേയർ കത്ത് നൽകിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നിശ്ചലമായ സ്ഥിതിയാണ്. കത്ത് തയ്യാറാക്കിയ കംപ്യൂട്ടറടക്കം മറ്റു തെളിവുകൾ നശിപ്പിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നതാണ്.
സംസ്ഥാനത്ത് ഇടത് ഭരണമായതിനാൽ അന്വേഷണം മുന്നോട്ടുപോയില്ലെന്നും ആരോപണമുയർന്നിരുന്നു. ഈ സംഭവത്തിൽ ദിവസങ്ങളോളം ബിജെപി കൗൺസിലർമാർ കോർപ്പറേഷൻ ആസ്ഥാനത്ത് സമരം നടത്തിയതാണ്.
പട്ടികജാതി ഫണ്ട് തട്ടിപ്പുമുതൽ വ്യാജ പെർമിറ്റ് വരെ
പട്ടികജാതി ഫണ്ട് തട്ടിപ്പ്, വ്യാജ പെർമിറ്റുകൾ നിർമിച്ചു, സ്വയംതൊഴിൽ വ്യവസായങ്ങൾ തുടങ്ങാനുള്ള സബ്‌സിഡി തുക തട്ടിച്ചെടുത്തു തുടങ്ങിയ എല്ലാ കേസുകളുടെയും അന്വേഷണങ്ങൾ അട്ടിമറിക്കുകയാണെന്ന് ബിജെപി പലതവണ ആരോപിച്ചിരുന്നു.
പട്ടികജാതി ഫണ്ട് തട്ടിപ്പിൽ നഗരത്തിലെ ഒരു ഡിവൈഎഫ്‌ഐ നേതാവിനു പങ്കുണ്ടെന്നും പരാതിയുണ്ടായിരുന്നു. വ്യാജ പെർമിറ്റുകൾ ഉണ്ടാക്കിയെടുത്തത് കോർപ്പറേഷൻ ഓഫീസിൽ െവച്ചാണന്നും ഇതിനായി ഉദ്യോഗസ്ഥരുടെ ലോഗിൻ ഐഡികൾ ഉപയോഗിച്ചെന്നും കണ്ടെത്തിയതാണ്. ഇത് ചില താത്കാലിക ജീവനക്കാരിലേക്കും സർവീസ് സംഘടനാ നേതാക്കളിലേക്കും എത്തിയതോടെ അന്വേഷണവും അവസാനിച്ചു.
വ്യവസായവകുപ്പ് വഴി സ്വയംതൊഴിൽ വായ്പയ്ക്ക് സബ്‌സിഡി നൽകുന്ന പദ്ധതിയിൽ തുടർച്ചയായി പല വർഷങ്ങളിലും വൻ തട്ടിപ്പാണ് നടന്നത്. വ്യാജ ജാതി സർട്ടിഫിക്കറ്റുകളടക്കം ഹാജരാക്കി നടത്തിയ തട്ടിപ്പിലെ അന്വേഷണവും മുന്നോട്ടുപോകുന്നില്ല.
വീടുകളിലെ മാലിന്യസംസ്‌കരണത്തിന് കിച്ചൺബിൻ വാങ്ങിയതിലും സ്വകാര്യ കമ്പനിക്ക് ഫൈബർ ഇന്റർനെറ്റ് കണക്ഷന് പോസ്റ്റുകൾ സ്ഥാപിക്കാൻ അനുമതി നൽകിയതിലും അഴിമതി ആരോപണവുമായി തിരഞ്ഞെടുപ്പുകാലത്ത് ബിജെപി രംഗത്തെത്തിയിരുന്നു.
ഈ ആരോപണങ്ങളിൽ പലതിന്റെയും തെളിവുകൾ ശേഖരിക്കാനാണ് ഭരണത്തിലെത്തിയാൽ ബിജെപി ശ്രമിക്കുക. തെളിവുകൾ പുറത്തുവിട്ടാൽ അന്വേഷണസംഘങ്ങളും നടപടികളെടുക്കേണ്ടിവരും.
തിരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ കോർപ്പറേഷനിലെ ഫയലുകൾ നശിപ്പിക്കാനും കടത്തിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്ന് ബിജെപി ആരോപിച്ചിരുന്നു. പക്ഷേ, ഓൺലൈൻ പണം കൈമാറ്റം അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനാണ് ബിജെപിയുടെ തീരുമാനം.
ആയിരത്തിലേറെ താത്കാലിക നിയമനങ്ങൾ
തിരുവനന്തപുരം കോർപ്പറേഷനിൽ മൂവായിരത്തോളം ജീവനക്കാരാണുള്ളത്. ഇതിൽ പിഎസ്‌സി വഴി സ്ഥിരം നിയമനം നേടിയവർ 850ഓളം പേരാണ്. കൂടാതെ സാനിറ്റേഷൻ വർക്കർ തസ്തികയിലും ഏകദേശം 900 പേർ സ്ഥിരം സേവനത്തിലുണ്ട്. ബാക്കിയുള്ളതെല്ലാം താത്കാലിക ജീവനക്കാരാണ്. ഓഫീസ് ജോലികളിലും ശുചീകരണജോലിയിലും താത്കാലിക നിയമനങ്ങൾ നടത്തിയിട്ടുണ്ട്. പിഎംഎവൈ, അമൃത്, കുടിവെള്ളവിതരണം തുടങ്ങി വിവിധ പ്രോജക്ടുകളിൽ ജോലിചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. േഡറ്റാ എൻട്രി എന്നപേരിൽ വർഷങ്ങളായി കരാർ പുതുക്കി നിലനിർത്തുന്ന ഇടത് രാഷ്ട്രീയക്കാരുടെ ബന്ധുക്കളും ഇക്കൂട്ടത്തിലുണ്ട്. ഇതിൽ പല തസ്തികകളും ആവശ്യമുള്ളതുമല്ല.
താത്‌കാലികക്കാരുടെ കണക്കുകൾ ബിജെപി നേതൃത്വം ശേഖരിച്ചിട്ടുണ്ട്. ഇതിൽ പാവപ്പെട്ടവരെയും കടുത്ത രാഷ്ട്രീയമില്ലാത്തവരെയും ഒപ്പംനിർത്താനും നിലനിർത്താനുമാവും പുതിയ ഭരണസമിതിയുടെ ശ്രമം. ബാക്കിയുള്ള രാഷ്ട്രീയനിയമനങ്ങളുടെയൊന്നും കരാറുകൾ പുതുക്കാതിരിക്കാനാണ് സാധ്യത.
Content Highlights: Ex-LDF ruled Trivandrum Corporation may faces probes into corruption and questionable temp hires. BJP aims to expose past scandals and new appointments. Learn more.
Published: 24 Dec 2025, 09:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented