തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗൺസിലർ ആർ. സുഗതനെ അയോഗ്യതയിൽ നിന്ന് സംരക്ഷിക്കാൻ കത്ത് നൽകിയ സംഭവത്തിൽ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയെ സസ്പെൻഡ് ചെയ്തു. വകുപ്പ് മന്ത്രിയുടെ കൃത്യമായ നിർദ്ദേശം മറികടന്നുകൊണ്ടാണ് ഉദ്യോഗസ്ഥ കത്ത് നൽകിയത്. കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിയുന്ന പ്രതിക്ക് നിയമപരമായി അർഹതയില്ലാത്ത ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഫയലുകളിൽ ദുരുദ്ദേശപരമായി മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വരുത്തിയെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.
പോലീസ് സംരക്ഷണയോടെ പരോളിലിറങ്ങി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ അനുമതിയുണ്ടോ എന്ന സുഗതന്റെ ചോദ്യത്തിന് മറുപടി നൽകുന്നതിലാണ് ഉദ്യോഗസ്ഥ വീഴ്ച വരുത്തിയത്. പരോൾ ലഭിക്കില്ല എന്ന് മാത്രം മറുപടി നൽകേണ്ടതിന് പകരം, അയോഗ്യത ഒഴിവാക്കാനുള്ള വഴി കൂടി ഉദ്യോഗസ്ഥ നിർദ്ദേശിച്ചു. കൗൺസിലിൽ അവധി അപേക്ഷ നൽകി അത് വോട്ടെടുപ്പിലൂടെ പാസാക്കിയാൽ അംഗത്വം സുരക്ഷിതമാക്കാം എന്നായിരുന്നു കത്തിലെ ഉള്ളടക്കം.
സുഗതനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയപ്പോൾ അദ്ദേഹത്തിന് രക്ഷാകവചമായത് ഈ കത്തായിരുന്നു. ഈ വിഷയത്തെച്ചൊല്ലി മുൻപ് നടന്ന കൗൺസിൽ യോഗങ്ങളിൽ വലിയ സംഘർഷങ്ങളും കയ്യാങ്കളിയും അരങ്ങേറിയിരുന്നു. സംഭവത്തിൽ മന്ത്രിക്കുണ്ടായിരുന്ന കടുത്ത അതൃപ്തിയാണ് ഇപ്പോൾ അച്ചടക്ക നടപടിയിലേക്ക് നയിച്ചത്.
ഇതേ കത്ത് പരിശോധനകൾ കൂടാതെ പകർത്തി നൽകിയെന്ന ആക്ഷേപത്തിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. തദ്ദേശ വകുപ്പ് നൽകിയ കത്ത് അതേപടി കൈമാറിയതിൽ ആഭ്യന്തര മന്ത്രിക്കും വിയോജിപ്പുണ്ടായിരുന്നു. നിലവിൽ ആഭ്യന്തര വകുപ്പിലെ അന്വേഷണം പുരോഗമിക്കുകയാണ്.
Published: 03 Aug 2026, 10:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented