കൊച്ചി: കോടതി ഉത്തരവിനെ തെറ്റായി അവതരിപ്പിക്കുന്ന ഓൺലൈൻ മാധ്യമങ്ങളെ വിമർശിച്ച് ഹൈക്കോടതി. ഉത്തരവിനെ തെറ്റായി അവതരിപ്പിക്കുന്നവർ ഈ കാലത്ത് ഒരു പൊരിമതി പലതിനും എന്ന് ഓർക്കണമെന്ന് കോടതി പറഞ്ഞു. ദൈവസഹായത്താൽ ഒന്നും ഉണ്ടായില്ലെന്നും അഭിപ്രായപ്പെട്ടു.

To advertise here,

തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി. കൗൺസിലർമാർ ബലിദാനികളുടെയും വിവിധ ദൈവങ്ങളുടെയും പേരിൽ സത്യപ്രതിജ്ഞചെയ്തത് അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിനെയാണ് ഓൺലൈൻ മാധ്യമങ്ങൾ തെറ്റായി അവതരിപ്പിച്ചത്. ഇതിനെയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വിമർശിച്ചത്.

തടവിലുള്ള കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫയൽചെയ്ത ഹർജി പരിഗണിക്കവേയായിരുന്നു വാക്കാലുള്ള വിമർശനം.

മുസ്ലിംസമുദായാംഗങ്ങളായ 11 നിയമസഭാംഗങ്ങൾ അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞചെയ്തതിൽ തെറ്റില്ലെന്നാണ് 2006-ൽ 'മധു പരുമല' കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞത്. നിയമപരമായി മികച്ചതല്ലെന്ന് വിലയിരുത്തി 'ഹരിദാസൻ പാലയിൽ' കേസിൽ (ഉമേഷ് ചള്ളിയിൽ) 2003-ൽ പുറപ്പെടുവിച്ച ഉത്തരവ് കണക്കിലെടുത്തായിരുന്നു കൗൺസിലർമാരുടെ ആദ്യ സത്യപ്രതിജ്ഞ സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. ദൈവനാമത്തിലുള്ള പ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ വേണമെന്നാണ് ഭരണഘടനയിൽ പറയുന്നതെന്ന് വിലയിരുത്തിയായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.

ഇതിനെയാണ് ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുംവിധം അവതരിപ്പിച്ചതെന്ന് കോടതി പറഞ്ഞു. മുഖ്യധാരാമാധ്യമങ്ങൾ ശരിയായ റിപ്പോർട്ടാണ് നൽകിയതെന്നും അഭിപ്രായപ്പെട്ടു.