
ഇരുപത് കൗൺസിലർമാർ പുനഃസത്യപ്രതിജ്ഞ ചെയ്യേണ്ടിവന്ന അപൂർവതമുതൽ കൗൺസിലറുടെ അയോഗ്യതാപ്രശ്‌നവും രാഷ്ട്രീയപോരാട്ടവുമൊക്കെയായി സംസ്ഥാനത്തിന്റെതന്നെ ശ്രദ്ധാകേന്ദ്രമാണ് തിരുവനന്തപുരം കോർപ്പറേഷൻ. മാലിന്യപ്രശ്‌നമടക്കം കത്തിനിൽക്കുന്നതിനിടെ അമേരിക്കൻ സന്ദർശനം നടത്തിയ മേയർ വി.വി. രാജേഷ് പ്രതീക്ഷയ്ക്കു വകയേകുന്ന പുത്തൻ പ്രവർത്തനപദ്ധതികളുമായാണ് മടങ്ങിവന്നത്. തിരുവനന്തപുരം നഗരവും ടെക്‌സസിലെ മിസോറി സിറ്റിയും തമ്മിൽ സഹോദരനഗര ബന്ധം സ്ഥാപിക്കുന്നതുൾപ്പെടെയുള്ള യാത്രാവിശേഷങ്ങൾ മാതൃഭൂമി പ്രതിനിധി സി. ശ്രീകാന്തിനോടു പങ്കുവെക്കുകയാണ് മേയർ വി.വി. രാജേഷ്.
ഇരട്ടനഗരബന്ധം വീണ്ടും ചർച്ചയാവുകയാണല്ലോ. എന്താണ് അതിന്റെ സാധ്യതകൾ?
മലയാളി കൂട്ടായ്മയായ ഫൊക്കാനോയുടെ ക്ഷണപ്രകാരമാണ് അമേരിക്ക സന്ദർശിച്ചതെങ്കിലും ഈ യാത്രകൊണ്ട് തിരുവനന്തപുരം നഗരത്തിനു പ്രയോജനമുണ്ടാകണമെന്നുള്ളതിനാൽ കർമപദ്ധതികൾ പ്ലാൻചെയ്താണ് പോയത്. ഇരട്ടനഗരം, സഹോദരനഗര ബന്ധം എന്നിങ്ങനെയുള്ളവ തെറ്റിദ്ധരിപ്പിക്കപ്പെട്ട വാക്കുകളാണ്. എന്തൊക്കെ കാര്യത്തിൽ രണ്ടു നഗരങ്ങൾ തമ്മിൽ സഹകരിക്കാം എന്നതാണ് ഈ ആശയം. മാതൃകയാക്കാവുന്ന കാര്യങ്ങളും പദ്ധതികളും അങ്ങോട്ടുമിങ്ങോട്ടും പങ്കിടുന്നതാണത്. അല്ലാതെ അമേരിക്കപോലെയായി മാറുകയല്ല.
താനും മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടും ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തി. ഹൂസ്റ്റൺ മെട്രപൊളിറ്റൻ മേഖലയിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നാണ് മിസോറി സിറ്റി. മികച്ച നഗരാസൂത്രണം, ആധുനിക അടിസ്ഥാനസൗകര്യങ്ങൾ, ഗുണമേന്മയുള്ള പൊതുസേവനങ്ങൾ എന്നിവകൊണ്ടു ശ്രദ്ധേയമായ നഗരമാണിത്. ഏറ്റവും കൂടുതൽ വിദേശമലയാളികളുള്ള സ്ഥലവും. ഇരുനഗരങ്ങളുടെയും വികസനത്തിനും ജനക്ഷേമത്തിനുമായുള്ള സഹകരണ സാധ്യതകളാണ് കൂടിക്കാഴ്ചയിൽ വിലയിരുത്തിയത്. അടിസ്ഥാനസൗകര്യവികസനം, പൊതുസേവനങ്ങൾ, നിക്ഷേപ-വ്യാപാര അവസരങ്ങൾ, തദ്ദേശഭരണം, സമൂഹപങ്കാളിത്തം എന്നിവ പ്രധാന ചർച്ചാവിഷയങ്ങളായി. നിർമിതബുദ്ധി മേഖലയിലും തിരുവനന്തപുരം-മിസോറി സിറ്റി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ചർച്ചചെയ്തു. ഇക്കാര്യങ്ങളിൽ കൃത്യമായ ധാരണകളുമായിട്ടാണ് മടങ്ങിവന്നത്. മിസോറി സിറ്റിയിൽനിന്നുള്ള സംഘം വൈകാതെ തിരുവനന്തപുരത്ത് എത്തുന്നുണ്ട്.
അമേരിക്കൻ സന്ദർശനത്തിൽ ഏറെ ചർച്ചയായത് പ്രശസ്ത ഡോക്ടർമാരുമായുള്ള ചർച്ചകളാണല്ലോ?
ഏറ്റവും മൂല്യവത്തായ കൂടിക്കാഴ്ചകൾ നടന്നത് അവിടെയുള്ള ഡോക്ടർമാരുമായിട്ടായിരുന്നു. 390 മലയാളി ഡോക്ടർമാർ പങ്കെടുത്ത സമ്മേളനത്തിന്റെ ഭാഗമായപ്പോഴാണ് അതിശക്തമായ ഈ അന്തരീക്ഷം എന്തുകൊണ്ട് പ്രയോജനപ്പെടുത്തിക്കൂടാ എന്നു ചിന്തിച്ചത്. പിന്നീടുള്ള ചർച്ചകളിൽ അവരിൽ 50 ശതമാനത്തിലേറെപ്പേരും ജന്മനാടായ കേരളത്തിനായി എന്ത് സഹായംചെയ്യാനും സന്നദ്ധത അറിയിച്ചു. അമേരിക്കയിലെ കാർഡിയോളജിസ്‌റ്റും അതിപ്രഗല്‌ഭനുമായ ഡോ. ശെൽവികുട്ടി കേരളത്തിലേക്കു വരാനും കോർപ്പറേഷനുമായി സഹകരിക്കാനും തയ്യാറായിക്കഴിഞ്ഞു. അതും സ്വന്തം ചെലവിൽ. ആദ്യമായി കോവിഡ് വാക്‌സിൻ ഉൾപ്പെടെ കണ്ടുപിടിച്ച ജോൺ ഹോക്കിൻ സർവകലാശാലയിലെ കാർഡിയോളജി വിഭാഗം മേധാവിയാണ് അദ്ദേഹം.
അവിടെവെച്ച് കണ്ടുമുട്ടിയ മറ്റൊരു പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. എം.പി. പിള്ള തന്റെ ക്ഷണം സ്വീകരിച്ച് സെപ്‌റ്റംബറിൽ തിരുവനന്തപുരത്തേക്കു വരുന്നുണ്ട്. ഒരു ഓങ്കോളജി സെന്റർ എന്ന സ്വപ്‌നത്തിനാണ് അതോടെ ചിറകുമുളയ്ക്കുന്നത്. അദ്ദേഹത്തിന്റെ മാർഗനിർദേശം ഏറെ വിലപ്പെട്ടതായിരിക്കും. കേരളം എന്ന വികാരവും മലയാളി സ്‌നേഹവും മനസ്സിൽ സൂക്ഷിക്കുന്ന ഇവർക്കെല്ലാം നാടിനായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. അതിന് അവസരമൊരുക്കി നഗരത്തെ വികസിപ്പിക്കുകയാണ് ലക്ഷ്യം.
സാങ്കേതികവിദഗ്‌ധരുമായി നടത്തിയ ചർച്ചകൾ ഫലംകണ്ടോ?
കാലിഫോർണിയയിൽ ലേസർ വ്യവസായവും മുഹമ്മയിൽ മീൻകൃഷിയുമുള്ള വ്യത്യസ്‌തനായ ശാസ്ത്രജ്ഞൻ ഡോ. രാംദാസ് പിള്ള ഏറെ അദ്‌ഭുതപ്പെടുത്തിയ മലയാളിയാണ്. കാര്യവട്ടം, ഡൽഹി ഐ.ഐ.ടി., കാലിഫോർണിയ സർവകലാശാല എന്നിവിടങ്ങളിൽ പഠിച്ചിറങ്ങിയ ഇദ്ദേഹം സ്ഥാപിച്ച ന്യൂഫോട്ടോണൺ എന്ന കമ്പനി ശൂന്യാകാശത്തുനിന്നുള്ള വാർത്താവിനിമയത്തിനു ഉപയോഗിക്കുന്ന ലേസർ ട്രാൻസിമിറ്ററുകളും ആംപ്ലിഫെയറുകളും നിർമിക്കുന്ന ആദ്യത്തേതും ലോകത്തിലെ ഏക കമ്പനിയുമാണ്. ഗവേഷകനും ശാസ്ത്രജ്ഞനും വ്യവസായ സംരംഭകനുമായി തിളങ്ങുന്ന രാംദാസ് പിള്ളയുടെ സേവന സന്നദ്ധത ഏതൊക്കെ മേഖലകളിൽ ഉപയോഗിക്കാമെന്നു ചർച്ചകൾ നടന്നുവരുകയാണ്. 19-ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം പത്തു ദിവസത്തിലേറെ ഇവിടെയുണ്ടാകും. അഡ്‌മിനിസ്‌ട്രേറ്റീവ് കാര്യങ്ങളിൽ ഇദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തും.
ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികളിൽ ജോലിചെയ്യുന്ന നൂറുകണക്കിനു മലയാളി ഐ.ടി. വിദഗ്ധരാണ് കേരളത്തിനായി തങ്ങളുടെ കഴിവുകളും സമയവും നീക്കിവെക്കാൻ തയ്യാറായിട്ടുള്ളത്. ഈ ഐ.ടി. സഹകരണം ഭരണത്തിന്റെ വേഗത വർധിപ്പിക്കാനടക്കം പ്രയോജനപ്പെടുത്തും. മുഖ്യമന്ത്രിയെയും ഐ.ടി. മന്ത്രിയെയും കണ്ട് ഇക്കാര്യങ്ങളിൽ ധാരണയുണ്ടാക്കും.
മാലിന്യസംസ്‌കരണത്തിന് എന്തെങ്കിലും മാതൃക നമുക്ക് പ്രയോജനപ്പെടുമോ?
ടെക്‌സസിലെയും മിസോറിയിലെയുമൊക്കെ മാലിന്യസംസ്‌കരണ സംവിധാനങ്ങൾ നേരിട്ടു കണ്ടിരുന്നു. മിസോറിയിൽ 100 ഏക്കറിലാണ് മാലിന്യസംസ്‌കരണ സംവിധാനം പ്രവർത്തിക്കുന്നത്. ഒരു ഏജൻസിയുടെ 75 വർഷത്തെ പദ്ധതിയാണിത്. മാലിന്യത്തിനു പുറത്ത് മണ്ണുമൂടുന്നതാണ് രീതി. തുടർന്ന് ഇതിനുതാഴെ ഭൂമിക്കടിയിലൂടെ ൈപപ്പുകൾ സ്ഥാപിച്ച് ഗ്യാസ് ഉത്‌പാദിപ്പിക്കും. സ്ഥലപരിമിതി കാരണം ഒരിക്കലും കേരളത്തിൽ ഈ മാതൃക പ്രാവർത്തികമാക്കാൻ കഴിയില്ല. കേന്ദ്രീകൃത പ്ലാന്റിന് സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് കോർപ്പറേഷൻ.
തെരുവുനായപ്രശ്‌നത്തെ തിരുവനന്തപുരം നഗരത്തിലെ അതേ രീതിയിൽതന്നെയാണ് അവിടെയും േനരിടുന്നത്. പക്ഷേ, അവിടെ തെരുവുനായ്ക്കളുടെ എണ്ണം 1500 ആണെങ്കിൽ ഇവിടെ പതിനയ്യായിരമാണ്. അതുകൊണ്ടുതന്നെ ഇവിടെ ഒരുകൂട്ടിൽ 20 നായ്ക്കളെ വരെ അടയ്‌ക്കേണ്ടിവരും.
Content Highlights: Thiruvananthapuram and Missouri City, Texas are establishing a sister city partnership focusing on infrastructure, trade, and AI., Renowned diaspora doctors, including Dr. Selvi Kutty and Dr. M.P. Pillai, have agreed to collaborate and visit Kerala., Scientist Dr. Ramdas Pillai and US-based IT professionals are offering their expertise to boost the city's administration and development., Mayor VV Rajesh evaluated US waste management and stray dog control models during the trip.
Published: 16 Aug 2026, 07:09 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented