
പാലക്കാട്: ഓലയും ടാർപ്പായയും തകരഷീറ്റും കെട്ടിവെച്ചുണ്ടാക്കിയ ഒറ്റമുറിക്കൂര. അടച്ചുറപ്പുള്ള വാതിലില്ല, ജനലില്ല, വൈദ്യുതവെളിച്ചമില്ല. കുഞ്ഞുങ്ങളടക്കം പായിട്ട് കിടക്കുന്നത് വെറുംനിലത്ത്. വിറകടുപ്പും ഇതിനടുത്തുതന്നെ. പുതുപ്പരിയാരം മുല്ലക്കര കോളനിയിൽ പോഷകാഹാരക്കുറവും ഗുരുതര ആരോഗ്യപ്രശ്നങ്ങളുംമൂലം മരിച്ച ആദിവാസിബാലൻ കെവിന്റെ (അഞ്ച്) വീട്ടിലെ കാഴ്ചകൾ നെഞ്ചുലയ്ക്കും.
കെവിന്റെ അച്ഛൻ കൃഷ്ണൻകുട്ടിയും അമ്മ ഗിരിജയും സഹോദരിയുമടങ്ങുന്ന ഈ കുടുംബം വർഷങ്ങളായി ഇവിടെയാണു താമസം. മുല്ലക്കര കോളനിയിലെ ഭൂരിഭാഗം ആളുകളുടെയും ജീവിതം മറിച്ചല്ല.
വിവിധ ഭവനപദ്ധതികളിലായി 20 കുടുംബങ്ങൾക്ക് വീടുനിർമിക്കുന്നുണ്ട്. അഞ്ചോ ആറോ കുടുംബങ്ങൾക്കുമാത്രമേ താമസിക്കാനായിട്ടുള്ളൂ. ബാക്കിയുള്ളവരുടെ വീടുപണി ഇനിയും പൂർത്തിയായിട്ടില്ല. പലരുടെയും തറപ്പണിപോലും തുടങ്ങിയിട്ടില്ല.
‘‘വീട്ടിൽ മക്കളടക്കം ഞങ്ങൾ നാലുപേരുണ്ട്. മഴപെയ്താൽ പലയിടത്തും ചോരും. നിലത്ത് നനവുവരും. അടുപ്പിൽ തീപിടിപ്പിക്കാൻപോലും പാടാണ്. വീട് കിട്ടുമെന്നൊക്കെ പറയുന്നുണ്ട്. കൂടുതൽ അറിയില്ല’’-കോളനിയിലെ 36-കാരി ഓമനാ ശശി പറഞ്ഞു.
കൂലിപ്പണിചെയ്തും തൊഴിലുറപ്പിന് പോയുമാണ് മിക്കവരുടെയും ജീവിതം. വനംവകുപ്പിൽ താത്കാലിക വാച്ചർമാരായി പോകുന്നവരുണ്ട്. സർക്കാർജോലി കിട്ടിയവരോ ബിരുദപഠനം പൂർത്തിയാക്കിയവരോ ഇവിടെയില്ല.
വൈദ്യുതിയില്ലാതെ രണ്ടുവർഷം
സമ്പൂർണ വൈദ്യുതീകരണത്തിന്റെ ഭാഗമായി 15 വർഷം മുൻപുതന്നെ മുല്ലക്കര കോളനിയിലെ ചെറുകൂരകളിലേക്ക് തൂണുകളടക്കം സ്ഥാപിച്ച് വൈദ്യുതിയെത്തിച്ചിരുന്നു. എന്നാൽ, വൈദ്യുതി ബില്ല് ആരും കൃത്യമായി അടയ്ക്കാതായതോടെ കുടിശ്ശികയായി.
പഞ്ചായത്തും കളക്ടറുമെല്ലാം ഇടപെട്ട് പ്രത്യേക അദാലത്ത് നടത്തി പലരുടെയും കുടിശ്ശിക അടപ്പിച്ചു. ചില കുടുംബങ്ങൾ തുടർന്നും ബില്ലടയ്ക്കാതായതോടെ 2022 അവസാനത്തോടെ കെഎസ്ഇബി കണക്ഷൻ വിച്ഛേദിച്ചു. 20-ഓളം കുടുംബങ്ങളിൽ ഇപ്പോഴും വൈദ്യുതിയില്ല. മെഴുകുതിരിയുടെ വെളിച്ചത്തിലാണ് കുട്ടികളുടെ പഠനം.
കുടിശ്ശികയടക്കം 2.57 ലക്ഷം രൂപയോളം അടയ്ക്കാനുണ്ടെന്ന് മുണ്ടൂർ കെഎസ്ഇബി സെക്ഷൻ അധികൃതർ പറഞ്ഞു. നിലവിലെ വീടുകളിൽ പലതിലും മതിയായ സുരക്ഷയില്ലാത്തതും വൈദ്യുതി പുനഃസ്ഥാപിക്കാൻ തടസ്സമാകും. ആധുനികരീതിയിൽ വയറിങ് നടത്തിയാലേ സുരക്ഷിതമായി കണക്ഷൻ നൽകാനാവൂവെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു.
ഒറ്റമറയിൽ കുളിമുറി
തുണികളും ചാക്കുകളും കെട്ടിമറച്ചതാണ് പല വീടുകളിലും കുളിമുറി. സുരക്ഷിതവും വൃത്തിയുള്ളതുമായ ശൗചാലയമില്ല. പറമ്പും പുറമ്പോക്ക് സ്ഥലങ്ങളുമൊക്കെയാണ് ആശ്രയം. വർഷങ്ങൾക്കുമുൻപ് പഞ്ചായത്തിടപെട്ട് കുറച്ചുപേർക്ക് ശൗചാലയം നിർമിച്ചുനൽകിയിരുന്നെങ്കിലും പലതും വാതിൽപോലുമില്ലാതെ പൊളിഞ്ഞുകിടക്കുന്നു.
അങ്കണവാടിയിൽ ഇനി ആറുപേർ
മുല്ലക്കരയിലെ അങ്കണവാടിയിൽ ഏഴുകുട്ടികളുണ്ടായിരുന്നെങ്കിലും കെവിന്റെ മരണത്തോടെ ആറുപേരായി. തൂക്കം കുറവുള്ള കെവിന് പ്രത്യേകശ്രദ്ധ നൽകിയിരുന്നെന്നും എല്ലാ കുട്ടികൾക്കും പോഷകാഹാരം മുടങ്ങാതെ എത്തിച്ചിരുന്നെന്നും അങ്കണവാടി വർക്കർ എം. ബിന്ദു പറഞ്ഞു. മാതാപിതാക്കൾ കുട്ടികളെ പതിവായി അങ്കണവാടിയിലേക്കു വിടാത്ത സ്ഥിതിയുണ്ട്. വീട്ടുകാരെ പറഞ്ഞുമനസ്സിലാക്കിയാണ് പല കുഞ്ഞുങ്ങളെയും അങ്കണവാടിയിലെത്തിക്കുന്നത്.
പാൽ, ബിസ്കറ്റ്, ചെറുപയർ, ഗോതമ്പ്, കടല, കഞ്ഞി, ഉപ്പേരി തുടങ്ങി മിക്കതും നൽകുന്നുണ്ട്. കോളനിയിലുള്ള മൂന്ന് ഗർഭിണികൾ, പാലൂട്ടുന്ന രണ്ട് അമ്മമാർ, 10 വയോധികർ, കൗമാരക്കാർ എന്നിവർക്കും പോഷകവിതരണം നടത്തുന്നുണ്ടെന്ന് ഇവർ പറഞ്ഞു.
Content Highlights: Tribals living in pathetic condition, Palakkad, mullakkara colony
Published: 06 Jul 2025, 07:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented