ആലപ്പുഴ: പോഷകാഹാരക്കുറവു മൂലം ഹരിപ്പാട്ട് രണ്ടുവയസ്സുള്ള ആൺകുട്ടി മരിച്ച സംഭവത്തിനു പിന്നാലെ അമ്മയ്ക്കു വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി. 10 വർഷത്തിനിടെ യുവതി ഏഴുതവണ പ്രസവിച്ചിരുന്നു. ഏഴാമത്തെ പ്രസവശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് ശസ്ത്രക്രിയയ്ക്കു വിധേയയായത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

To advertise here,

കുട്ടികളെ സംരക്ഷിക്കുന്നതിൽ ഗുരുതരവീഴ്ചയുണ്ടായതായും രണ്ടു കുട്ടികൾ പോഷകാഹാരക്കുറവുമൂലം മരിച്ചതായും വ്യക്തമായ സാഹചര്യത്തിലാണ് ശസ്ത്രക്രിയയ്ക്ക് അധികൃതർ നിർദേശിച്ചത്. യുവതിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ഡോക്ടർമാർ തുടർപ്രസവങ്ങൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു കൊടുത്തിരുന്നു.

വന്ധ്യംകരണത്തിനു യുവതി സമ്മതിക്കാഞ്ഞതിനാൽ മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗം അധികൃതരും ഇവരുമായി സംസാരിച്ചു. കുട്ടികളുടെ സംരക്ഷണം, കുടുംബത്തിന്റെ ഉത്തരവാദിത്വം, തുടർപ്രസവം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും ചെയ്തു. ഇതിനുശേഷം യുവതി സമ്മതമറിയിച്ചതോടെയായിരുന്നു ശസ്ത്രക്രിയ. ഒടുവിൽ ജനിച്ച കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തിട്ടുണ്ട്. കുട്ടി ആരോഗ്യവാനാണെന്നാണു വിവരം.

വീട് വാസയോഗ്യമല്ലെന്നുകാട്ടി നോട്ടീസ്

പോഷകാഹാരക്കുറവു മൂലം മരിച്ച രണ്ടുവയസ്സുകാരന്റെ കുടുംബം താമസിച്ചിരുന്ന വീട് വാസയോഗ്യമല്ലെന്നുകാട്ടി കാർത്തികപ്പള്ളി ഗ്രാമപ്പഞ്ചായത്ത് നോട്ടീസ് നൽകി. കാർത്തികപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് ഈ വീട്.

കുട്ടിയുടെ അച്ഛന്റെ അമ്മയുടെ പേരിലാണ് ഏറെ പഴക്കമുള്ള വീട്. അധികൃതർ വ്യാഴാഴ്ച ഉച്ചയോടെ വീട്ടുടമയ്ക്കു നോട്ടീസ് കൈമാറി. അടച്ചുറപ്പില്ലാത്തതും പരിസരശുചിത്വമില്ലാത്തതും സുരക്ഷിതമായി താമസിക്കാൻ കഴിയാത്തതുമായ വീടാണിത്. അതിനാൽ വാസയോഗ്യമാക്കുംവരെ ആരെയും പാർപ്പിക്കാൻ പാടില്ലെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

മരിച്ച രണ്ടുവയസ്സുകാരനും നാലു സഹോദരിമാരും അച്ഛനും അമ്മയും രണ്ടുമാസമായി ഈ വീട്ടിലായിരുന്നു താമസം. കുട്ടികളുടെ പിതൃസഹോദരനും ബന്ധുക്കളും തമ്മിൽ വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമുണ്ട്. ഇതിനാൽ ഏറെക്കാലമായി വീട് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. വാതിലുകൾ ഇളക്കിമാറ്റിയിട്ടുണ്ട്. ജനാലകൾ തുറന്നുകിടക്കുകയാണ്. മേൽക്കൂര തകർന്നും ഭിത്തിപൊട്ടിയും ഏതുനിമിഷവും തകർന്നുവീഴാവുന്ന നിലയാണ്. പ്രധാന റോഡിൽനിന്ന് അകത്തേക്കുള്ള നാട്ടുവഴിയോരത്താണ് വീട്. അപകടനിലയിലുള്ള വീട് അതുവഴിയുള്ള യാത്രക്കാർക്കും ഭീഷണിയാണ്. ഈ സാഹചര്യത്തിലാണ് വീട് സുരക്ഷിതമാക്കാൻ ഗ്രാമപ്പഞ്ചായത്ത് നിർദേശം നൽകിയത്.

ലൈഫ് ഭവനപദ്ധതിയിൽ കുട്ടികളുടെ മുത്തശ്ശിക്ക് വീടു ലഭിക്കാൻ അർഹതയുണ്ടെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ഉല്ലാസൻ പറഞ്ഞു. നിലവിലെ വീട് പൊളിച്ചുമാറ്റുകയും ഭൂമിയും വീടുമായി ബന്ധപ്പെട്ട് വീട്ടുകാർ തമ്മിലുള്ള തർക്കം പരിഹരിക്കുകയും ചെയ്താൽ ലൈഫ് പദ്ധതിയിലെ വീടു നിർമിക്കാം. വീട്ടുകാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുമായി പല സ്ഥലങ്ങളിൽ വാടകയ്ക്കു താമസിക്കുന്നതായിരുന്നു പത്തുവർഷത്തിനിടെ ഏഴുപ്രാവശ്യം പ്രസവിച്ച യുവതിയുടെയും ഭർത്താവിന്റെയും രീതി. വാടകവീട് ഒഴിഞ്ഞശേഷം പുതിയതു കണ്ടെത്തുന്ന ഇടവേളയിൽ മിക്കപ്പോഴും കാർത്തികപ്പള്ളിയിലെ ഈ വീട്ടിലാണ് ഇവരെത്തിയിരുന്നത്.