തൃശ്ശൂർ: സർക്കാരിന്റെ എല്ലാ ക്ഷേമപദ്ധതികളുടെയും പരിധിക്കുപുറത്താണ് ഈ മിടുക്കനായ വിദ്യാർഥിയും അമ്മയും. വീടില്ല, റേഷൻ കാർഡില്ല, സ്ഥിരം വരുമാനമില്ല. പക്ഷേ, കണ്ടശ്ശാംകടവിലെ ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു, വിശാൽ മിടുമിടുക്കനായ വിദ്യാർഥിയാണ്. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിനു സമീപം കൊച്ചിൻ ദേവസ്വം ബോർഡ് നിർമിച്ച ശൗചാലയത്തിന്റെ ഇറയത്താണ് അമ്മ സരിത(32)യും മകനും അന്തിയുറങ്ങുന്നത്. മെഴുകുതിരിവെട്ടത്തിൽ പഠിക്കുന്നു എന്നു പറയുന്നത് ആലങ്കാരികമല്ല.

To advertise here,

സരിത വീടുവീടാന്തരം കയറി പുൽത്തൈലം വിറ്റുകിട്ടുന്ന പണമാണ് ഏകവരുമാനം. ഒന്നും വിൽക്കാനായില്ലെങ്കിൽ അന്ന് വിശാലും അമ്മയും പട്ടിണിയിൽ. രാവിലെ എഴുന്നേറ്റ് തൃപ്രയാർ ക്ഷേത്രക്കുളത്തിൽ നനച്ചു കുളിക്കും. ആകെയുള്ളത് രണ്ടു യൂണിഫോം. കുറിതൊട്ട് ചിരിച്ച മുഖത്തോടെ സ്‌കൂളിൽപ്പോകും.

വിശപ്പിന്റെ കാര്യമോ തെരുവിൽ ഉറങ്ങുന്ന കാര്യമോ ആരേയും അറിയിക്കാറില്ല. പഠിച്ച് മികവുകാണിക്കും. നാടോടി കുടുംബമാണ് വിശാലിന്റേത്. കഴിഞ്ഞവർഷംവരെ അച്ഛൻ ശിവയുടെ തണലുണ്ടായിരുന്നു. ചൊവ്വന്നൂരിലുണ്ടായ തർക്കത്തിൽ ശിവ െകാല്ലപ്പെട്ടു. കേസ് എന്തായി എന്നുപോലും വിശാലിനും അമ്മയ്ക്കും അറിയില്ല. തൃശ്ശൂർ ടൗണിലെ അനാഥാലയത്തിൽ താമസിച്ച് ഏഴിലും നാലിലും പഠിക്കുന്ന രണ്ട് അനിയത്തിമാരുമുണ്ട്.