തിരുവനന്തപുരം: പാങ്ങപ്പാറ സ്വദേശിയായ 17-കാരൻ അഭിരാമിന്റെ മൃതദേഹം വാടകവീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ഒരു നാടാകെ വിറങ്ങലിച്ചുപോയി. കുടുംബവും നാട്ടുകാരും സഹപാഠികളുമെല്ലാം അവനെയോർത്ത് നെഞ്ചുപൊട്ടി  അലറിവിളിച്ചു. അച്ഛൻ മധുകുമാറും അമ്മ ധർമ്മജയും തളർന്നുവീണു. അനിയനെ ഒരുനോക്ക് കാണാൻ ഗൾഫിൽനിന്നെത്തിയ സഹോദരി ആര്യയുടെ കരച്ചിൽ ചുറ്റുംകൂടി നിന്നവരുടെ ഉള്ളുലച്ചു. ഒരു അമ്മയുടെ സ്‌നേഹം നൽകിയാണ് അനിയനെ ആര്യ നോക്കിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. എന്ത് വിശേഷമുണ്ടെങ്കിലും ആര്യയോടായിരുന്നു അവൻ ആദ്യം പങ്കുവെച്ചിരുന്നത്.

To advertise here,

അഭിരാമിന് പ്രതികളുമായി വ്യക്തിപരമായ ബന്ധമില്ലായിരുന്നുവെന്നും അവരുമായി പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും സഹോദരി ആര്യ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. 'ഞങ്ങൾ പരാതി നൽകിയ സമയത്തുതന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ജുവനൈലായ പ്രതിയെ കണ്ടെത്തിയെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. അവനെ ചോദ്യം ചെയ്‌തെങ്കിലും കുറ്റം സമ്മതിച്ചില്ല. ആ കുട്ടിയെ പോലീസ് സ്റ്റേഷനിൽ നിർത്താൻ കഴിയാത്തതുകൊണ്ടായിരിക്കാം ചോദ്യംചെയ്തശേഷം വിട്ടയച്ചത്. പിന്നീട് അടുത്ത ദിവസം വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതായും അറിയുന്നു.’

‘ഇതിനിടയിൽ പോലീസിന് ലഭിച്ച തെളിവുകളും വിവരങ്ങളും എന്തൊക്കെയാണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. പിന്നീട് കസ്റ്റഡിയിലെടുത്ത പെൺകുട്ടിയുടെ മൊഴിയിലൂടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. എന്റെ സഹോദരന് ഈ പ്രതികളുമായി സൗഹൃദമുള്ളതായി ഞങ്ങൾക്ക് അറിവില്ല. അവരുമായി വ്യക്തിപരമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. അവൻ വ്യക്തിപരമായ കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് പറയാറുണ്ട്.’

‘എന്റെ സഹോദരനെ അവർ കുടുക്കിയതാണ്. പ്രതികൾ നേരത്തെതന്നെ ആസൂത്രണം ചെയ്തിരുന്നു. ഇതിന് പിന്നിലുള്ള എല്ലാവരേയും പുറത്തുകൊണ്ടുവരണം. യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം. ഉമറിന് ഈ കേസിൽ കൃത്യമായ പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.’

Read more: 17-കാരനെ കൊന്ന് ചാക്കിലാക്കി; പ്രതിയായ 17-കാരൻ പിടിയിൽ: പെൺകുട്ടിയുടെ ഇൻസ്റ്റാ ഐഡിയിൽനിന്ന് മെസ്സേജയച്ച് വിളിച്ചുവരുത്തി 

‘എന്റെ സഹോദരൻ ആരെയും ഉപദ്രവിച്ചിട്ടില്ല. ശനിയാഴ്ച വൈകുന്നേരം ഞാൻ അവനെ വിളിച്ചിരുന്നു. അന്ന് അവൻ വീട്ടിലുണ്ടായിരുന്നു. കണ്ണാടിയുടെ മുന്നിൽനിന്ന് ഫാഷനൊക്കെ കാണിച്ച് സംസാരിച്ച എന്റെ കുട്ടിയെ ഇത്തരത്തിൽ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.’

‘ആരെങ്കിലും വിളിക്കുമ്പോൾ നമ്മൾ സാധാരണയായി പോകുന്നതുപോലെ തന്നെയാണ് അവനും അവരെ കാണാൻ പോയത്. നമ്മളെ ഉപദ്രവിക്കാനാണ് ഒരാൾ വിളിക്കുന്നതെന്ന് ആരും പ്രതീക്ഷിക്കില്ലല്ലോ. എന്റെ സഹോദരനും അതുതന്നെയാണ് സംഭവിച്ചത്. എന്റെ സഹോദരന് നീതി ലഭിക്കണം. അതിനുവേണ്ടി ഏതറ്റംവരെ പോകേണ്ടിവന്നാലും ഞങ്ങൾ പോകും. ഇനി മറ്റൊരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകരുത്’, ആര്യ പറഞ്ഞു.

മകന്റെ കൊലപാതകത്തിന് പിന്നിലെ എല്ലാവരേയും ശിക്ഷിക്കണമെന്ന് അമ്മ തേങ്ങലോടെ പറയുന്നു. പ്രതികളുടെ പ്രായം പരിഗണിച്ച് മകനെ കൊന്നവനെ ശിക്ഷിക്കാതിരിക്കരുതെന്നും അവർ പറഞ്ഞു.

'മകന് നീതികിട്ടാൻ ഏതറ്റംവരെ പോകേണ്ടിവന്നാലും ഞങ്ങൾ പോകും. ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് ഞങ്ങൾക്ക് അറിയണം. എന്നോട് പറയാത്ത കാര്യങ്ങൾ പോലും അവൻ ചേച്ചിയോട് പങ്കുവെക്കുമായിരുന്നു. മെസേജ് അയച്ച പെൺകുട്ടിയുമായി അവന് പ്രത്യേകിച്ച് എന്തെങ്കിലുമൊരു ബന്ധമുണ്ടായിരുന്നുവെന്ന് ഞങ്ങൾക്ക് അറിയില്ല. നേരത്തെതന്നെ ആസൂത്രണം ചെയ്താണ് ഇവർ അവനെ കൊന്നത്. 17-കാരനായ ഒരു കുട്ടിയെക്കൊണ്ട് മാത്രം ഇത്രയും ചെയ്യാൻ കഴിയില്ല. മറ്റുള്ളവരും ഇതിൽ പങ്കാളികളാണ്. ഇനി ലോകത്ത് ഒരു അമ്മയ്ക്കും ഈ ഗതി വരരുത്. ഞങ്ങളുടെ മകന് നീതി കിട്ടണം', തേങ്ങലോടെ അമ്മ പറഞ്ഞു.

പാങ്ങപ്പാറയിലെ ഒഴിഞ്ഞപറമ്പിൽ ചാക്കിലാക്കി ഉപേക്ഷിച്ച നിലയിലാണ് കഴിഞ്ഞദിവസം അഭിറാമിന്റെ മൃതദേഹം കണ്ടെടുത്തത്. കൗമാരക്കാർക്കിടയിലെ പ്രണയത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ.

ഒന്നാംപ്രതിയായ 17-കാരന്റെ മുൻകാമുകിയുടെ ഇപ്പോഴത്തെ ആൺസുഹൃത്ത് അഭിരാമിന്റെ കൂട്ടുകാരനാണ്. ഈ പെൺകുട്ടിയും പ്രതിയായ കൗമാരക്കാനും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. പെൺകുട്ടിയുടെ ആൺസുഹൃത്തിനെ തങ്ങൾ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് എത്തിക്കാനാണ് പ്രതി അഭിരാമിനെ വിളിച്ചുവരുത്തിയത്. പ്രതിയായ പതിനേഴുകാരനെ കൂടാതെ ഇയാളുടെ കൂട്ടുകാരനായ ഉമർ, ഉമറിന്റെ പെൺസുഹൃത്ത് ഐശ്വര്യ, ഒന്നാം പ്രതിയുടെ പെൺസുഹൃത്ത് ആനന്ദ എന്നിവരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്.