പത്തനംതിട്ട: വാഹനങ്ങളിലെ എല്‍.ഇ.ഡി. ഫ്‌ലാഷ് ലൈറ്റുകളുടെ ഉപയോഗം വീണ്ടും വ്യാപകമാകുന്നു. സ്‌കൂള്‍, കോളേജ് വിനോദയാത്രകളുടെ സീസണ്‍ തുടങ്ങിയതോടെ ടൂറിസ്റ്റ് ബസുകളിലും ട്രാവലറുകളിലുമാണ് ഇപ്പോള്‍ കൂടുതലായി എല്‍.ഇ.ഡി. ഫ്‌ലാഷ് ലൈറ്റുകള്‍ ഉപയോഗിക്കുന്നത്. വിനോദയാത്ര ഓട്ടംപിടിക്കാനുള്ള മത്സരം മുറുകുന്നതോടെ കൂടുതല്‍ വ്യത്യസ്തത കൊണ്ടുവരാനാണ് ഉത്തരം ലൈറ്റുകളുംമറ്റും ഉപയോഗിക്കുന്നത്.
ലൈറ്റുകള്‍ പിടിപ്പിച്ച വാഹനങ്ങളുടെ രാത്രിദൃശ്യങ്ങള്‍ ഷൂട്ടുചെയ്ത് റീല്‍സ് ആക്കുന്ന പ്രവണതയും കൂടിവരുന്നുണ്ട്.
രാജ്യത്തെ മോട്ടോര്‍വാഹനനിയമപ്രകാരം, ഒരു വാഹനത്തിലും ഇത്തരം എല്‍.ഇ.ഡി. ഫ്‌ളാഷ് ലൈറ്റുകള്‍ ഘടിപ്പിക്കാനാകില്ല. നിയമവിരുദ്ധമായി എല്‍.ഇ.ഡി. ഫ്‌ളാഷ് ലൈറ്റുകള്‍ ഘടിപ്പിച്ച് സഞ്ചരിക്കുന്ന എല്ലാ സര്‍ക്കാര്‍വാഹനങ്ങള്‍ക്കെതിരേയും കര്‍ശനനടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം 2023 മേയില്‍ ഉണ്ടായിരുന്നു. ഇതിനുപുറമേ, സ്വകാര്യവാഹന ഉടമകള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരേയും കര്‍ശനനടപടി വേണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
പരിശോധനയില്‍ ഇല്ല
വളരെയെളുപ്പം അഴിച്ചുമാറ്റുകയും സ്ഥാപിക്കുകയും ചെയ്യാന്‍സാധിക്കുന്ന ഇത്തരം ലൈറ്റുകള്‍ ഒഴിവാക്കിയാണ് മോട്ടോര്‍ വെഹിക്കിള്‍ പരിശോധനകള്‍ക്ക് വാഹനം ഹാജരാക്കുന്നത്. ശേഷം നിരത്തിലിറക്കുമ്പോള്‍ ഇവ തിരിച്ച് സ്ഥാപിക്കും. രാത്രിയില്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധനകള്‍ കാര്യമായി നടക്കാത്തതാണ് ഇത്തരക്കാര്‍ക്ക് ആനുകൂല്യമാകുന്നത്. 250 രൂപയാണ് അധികലൈറ്റുകള്‍ സ്ഥാപിച്ചാലുള്ള ചുരുങ്ങിയ പിഴ. രൂപമാറ്റം രീതിയില്‍ ചെയ്തിട്ടുണ്ടെങ്കില്‍ 5000 രൂപവരെ ഈടാക്കും.
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം
ഡിസംബര്‍, ജനുവരി മാസങ്ങളില്‍ രാത്രിയില്‍ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടാകാറുണ്ട്. ഒപ്പം മഴയും പെയ്യുന്നതോടെ റോഡില്‍ ഡ്രൈവര്‍മാരുടെ കാഴ്ച മറയാന്‍ സാധ്യത ഏറെയാണ്. ഇതിനിടെയാണ് എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിച്ച വാഹനങ്ങളും തലങ്ങും വിലങ്ങും ചീറിപ്പായുന്നത്. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവുമായി വരുന്ന വാഹനങ്ങള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കാനും കാരണമാകും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തുണ്ടായ വാഹനാപകടങ്ങളില്‍ നല്ലൊരു ശതമാനവും രാത്രിയിലായിരുന്നു.
Content Highlights: tourist bus led flash lights
Published: 07 Dec 2024, 08:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented