കോട്ടയം: ടൂറിസ്റ്റ് ബസിന് എതിരായ പെറ്റിക്കേസിലെ പിഴ അടയ്ക്കുന്നതിനെച്ചൊല്ലി ഉടമകൾ തമ്മിലുണ്ടായ തർക്കം ധനകാര്യസ്ഥാപനത്തിലെ തിരിച്ചടവ് മുടക്കി. ബസിന് ഈടായി നൽകിയ വസ്തു ഇതോടെ ജപ്തിയിലായി. ഈ വസ്തു തിരികെപ്പിടിക്കുന്നതിന്, വിറ്റ ബസ് കണ്ടെത്താൻ ബസിന്റെ ’രജിസ്റ്റേർഡ് ഉടമ’ നടത്തിയ നെട്ടോട്ടം വിജയംകണ്ടു.

To advertise here,

ഉടമയുടെ ആവശ്യവും, കോടതിയുടെ ഇടപെടലും, പോലീസ് അന്വേഷണവുംകൂടി ആയപ്പോൾ, കോഴിക്കോട്ടുള്ള സ്വകാര്യവ്യക്തിയുടെ റബ്ബർ തോട്ടത്തിൽ മാസങ്ങളായി ‘ഒളിപ്പിച്ചിരുന്ന’ ടൂറിസ്റ്റ് ബസ് പോലീസ് കണ്ടെത്തി. വാഹനം, ഉടമയുടെ നാടായ കോട്ടയം വാകത്താനത്തെത്തിച്ചു.

വാകത്താനം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള ബസിന്റെ ചിത്രവും രേഖകളും അടുത്തദിവസം പോലീസ്, ചങ്ങനാശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. വാകത്താനം പുത്തൻകുളം പി.എസ്. അനീഷ് വാങ്ങി, പിന്നീട് വിറ്റ ടൂറിസ്റ്റ് ബസാണ് മാസങ്ങൾ ‘ഒളിവിൽ കിടന്ന’ശേഷം ചങ്ങനാശ്ശേരി കോടതിയിലെത്തുന്നത്.

പോലീസ് പറയുന്നത് ഇങ്ങനെ:

ഒന്നാം ഉടമയായ പി.എസ്. അനീഷ് വസ്തു ഈടുവെച്ചാണ് ബസ് വാങ്ങിയത്. സാമ്പത്തികബാധ്യത തീർക്കാമെന്ന വ്യവസ്ഥയിൽ തിരുവനന്തപുരം സ്വദേശിക്ക് രണ്ടുവർഷം മുമ്പ് ഇത് വിറ്റു. ഉടമകൾ മാറി മാറി കൊല്ലംവഴി ബസ് കോഴിക്കോട്ടെത്തി. ഇതിനിടെ, തിരുവന്തപുരത്തുണ്ടായ പെറ്റിക്കേസിൽ 55,000 രൂപ പിഴയടയ്ക്കാൻ ഉടമ അനീഷിന് നോട്ടീസ് കിട്ടി. അനീഷ് അന്വേഷിച്ചപ്പോൾ, ബസ് മറിച്ചുവില്പനയിലൂടെ കൊല്ലംവഴി കോഴിക്കോട്ടെത്തിയ വിവരം അറിഞ്ഞു.

തിരുവനന്തപുരം സ്വദേശി ബാങ്ക് തവണകൾ അടച്ചിരുന്നെങ്കിലും ഉടമസ്ഥാവകാശം മാറ്റാതിരുന്നതിനാൽ അനീഷിന്റെ പേരിൽത്തന്നെയായിരുന്നു രജിസ്ട്രേഷൻ. തിരുവനന്തപുരത്തെ ഉടമയുടെ കൈവശമിരുന്നപ്പോഴാണ് ബസിന് പെറ്റി വന്നത്. വിറ്റശേഷമുള്ള പെറ്റി ആയതിനാൽ താൻ അടയ്ക്കില്ലെന്ന നിലപാടിലായിരുന്നു അനീഷ്. പെറ്റി അടയ്ക്കാതെ ബാങ്കിലെ തവണ അടയ്ക്കില്ലെന്ന് കോഴിക്കോട്ടെ ഉടമയും നിലപാടെടുത്തു. ഇതോടെയാണ് ബാങ്കിലെ തിരിച്ചടവ് മുടങ്ങിയത്.

ഉടമയെന്ന നിലയിൽ അനീഷിന്റെ വസ്തു ജപ്തിചെയ്തു. ബസ് തിരിച്ചെത്തിച്ചാൽ ജപ്തി ഒഴിവാക്കാമെന്ന് ധനകാര്യസ്ഥാപനം അറിയിച്ചതോടെ വാഹനം കണ്ടെത്താൻ അനീഷ് കോടതിയുടെ സഹായം തേടുകയായിരുന്നു. വാകത്താനം പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബസ് കോഴിക്കോട്ടെ ഒളിസങ്കേതത്തിൽ കണ്ടെത്തിയത്. അവിടെ റബ്ബർതോട്ടത്തിലെ കുഴിയിലേക്ക് ഇറക്കിയിട്ടിരുന്ന ബസ് കൊടുവള്ളി പോലീസിന്റെ സഹായത്തോടെയാണ് വാകത്താനത്ത് എത്തിച്ചത്. വാകത്താനം പോലീസ് ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്ക്, സി.പി.ഒമാരായ ജോജി സെബാസ്റ്റ്യൻ, അനീഷ് ചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.