തൃശ്ശൂർ: പ്രിസൈഡിങ് ഓഫീസറുടെ നിലപാടിനെത്തുടർന്ന് നിഷേധിക്കപ്പെട്ട ജനാധിപത്യാവകാശം കണ്ണംകുളങ്ങര പെരിയത്ര വീട്ടിൽ അക്ഷയ സന്തോഷ് (27) പൊരുതി നേടി.
മൂന്നുദിവസംമുൻപ് മിക്സിക്കുള്ളിൽ വിരൽ കുടുങ്ങിയുണ്ടായ ഗുരുതര മുറിവിനെത്തുടർന്ന് ശസ്ത്രക്രിയ വേണ്ടിവന്ന ഇടതു ചൂണ്ടുവിരൽ തുന്നിക്കെട്ടിയ നിലയിലായിരുന്നു. ഇതു കണ്ടതോടെ പ്രിസൈഡിങ് ഓഫീസർ ജി. മഞ്ജു വോട്ടുചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടെടുത്തു. നാലരമണിക്കൂറോളംനീണ്ട അസാധാരണ സംഭവങ്ങൾക്കൊടുവിൽ മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർ ഇടപെട്ടാണ് വോട്ടവകാശം ഉറപ്പാക്കിയത്.
നാലുവയസ്സുള്ള മകൾ ഹൃദ്‌വിക്കും അച്ഛനുമൊപ്പം ഉച്ചയ്ക്ക് ഒന്നരയോടെയാണ് അക്ഷയ കൂർക്കഞ്ചേരി ബോധാനന്ദ സ്കൂളിലെ 205-ാം ബൂത്തിൽ വോട്ടുചെയ്യാനെത്തിയത്. ആദ്യം മുറിവ് തുറന്നുകാണിക്കണമെന്നായിരുന്നു പ്രിസൈഡിങ് ഓഫീസറുടെ ആവശ്യം.
15-ഓളം തുന്നലുണ്ടെന്നും ഇതു തുറന്നുകാണിക്കാൻ പ്രയാസമുണ്ടെന്നും അറിയിച്ചപ്പോൾ മെഡിക്കൽ രേഖകൾ തെളിവായി വേണമെന്നായി.
ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ എക്സ്റേ ഉൾപ്പെടെയുള്ള രേഖകൾ അച്ഛൻ എത്തിച്ചെങ്കിലും ഒാഫീസർ വഴങ്ങിയില്ല.
സ്ഥലത്തെത്തിയ റിട്ടേണിങ് ഓഫീസർ വിനോദ് രാജ് വോട്ട് അനുവദിക്കാമെന്ന് എഴുതിനൽകിയിട്ടും പ്രിസൈഡിങ് ഓഫീസർ നിലപാട് മാറ്റിയില്ല. ജില്ലാ വരണാധികാരികൂടിയായ കളക്ടർ ശിഖാ സുരേന്ദ്രൻ അനുമതി നൽകിയിട്ടും എ.ഡി.എം. ആർ. മനോജ് നേരിട്ടെത്തി ഇടപെട്ടിട്ടും ഫലമുണ്ടായില്ല.
ഒടുവിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവിയും തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ഡോക്ടറും സ്ഥലത്തെത്തി എക്സ്റേ പരിശോധിച്ചു. ഇതിനിടെ, മുൻമന്ത്രി വി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ, വോട്ട് ലഭിക്കാതെ മടങ്ങില്ലെന്ന് പ്രഖ്യാപിച്ചു.
6.10-ന് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസറുടെ നേരിട്ടുള്ള നിർദേശവുമെത്തി. 6.15-ന് തുന്നിക്കെട്ടിനുതാഴെ മഷി പുരട്ടിയ വിരൽ ഉയർത്തിപ്പിടിച്ച് അക്ഷയ ബൂത്തിനു പുറത്തുവന്നു.
Published: 10 Apr 2026, 07:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented