
തിരുവനന്തപുരം: ബിജെപിയിലെ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പൂഞ്ഞാറിലെ തിരഞ്ഞെടുപ്പ് ഫണ്ട് കണക്കുകൾ വെളിപ്പെടുത്തി സ്ഥാനാർഥിയായിരുന്ന പി.സി.ജോർജ്. ഫണ്ടിൽ തിരിമറി നടന്നെന്നും അദ്ദേഹം സൂചിപ്പിച്ചു. ബിജെപി യോഗത്തിൽതന്നെയാണ് ജോർജിന്റെ തുറന്നുപറച്ചിൽ.
നാലര കോടി രൂപ പൂഞ്ഞാറിൽ പാർട്ടി ചെലവഴിച്ചു. നിങ്ങളിൽ ആരൊക്കെ അതിന്റെ വിഹിതം പറ്റിയിട്ടുണ്ടെന്ന് എനിക്കറിയില്ല. സ്വയം ചിന്തിക്കണം. ഞാനതിൽ തൊട്ടിട്ടില്ല. അത് മുഴുവൻ സജി കുരിക്കാടിനെയാണ് ഏൽപ്പിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സജിയോട് ഞാൻ കണക്ക് ചോദിച്ചു. മൂന്ന് ദിവസം കണക്കുമായി വന്നു. 4.45 കോടി രൂപ ചെലവായതിന്റെ കണക്കാണ് ലഭിച്ചത്. ആ കണക്ക് കാണിച്ചാൽ നമ്മുടെ പാർട്ടി പ്രവർത്തകർക്ക് മുഴുവൻ നാണക്കേടാകും.
പലരേയും ഞാൻ വിളിച്ച് ചോദിച്ചപ്പോൾ അവരാരും അറിഞ്ഞിട്ടില്ല. മിണ്ടാതിരിക്കുക മാത്രമാണ് മാർഗം. നിങ്ങളിൽ ആരെങ്കിലും എടുത്തോ എന്ന് മനസ്സിൽ ചോദിച്ചാൽ മതി. ഒരു ബൂത്തിൽ 31000 രൂപ കൊടുക്കാൻ ശക്തമായ നിർദേശം നൽകിയിരുന്നു. എത്ര പേർക്ക് കൊടുത്തു. ആ പണം എവിടെ പോയി. ഞാൻ ഒറ്റയ്ക്ക് നിൽക്കുമ്പോൾ മൂവായിരം വോട്ട് ലീഡ് നേടിയിരുന്ന ഒരു പഞ്ചായത്തിലെ ബൂത്തിൽ 50ൽ താഴെ വോട്ട് കണ്ടപ്പോൾ ഞാൻ ബൂത്ത് പ്രസിഡന്റിനെ വിളിച്ച് വരുത്തി. 31000 രൂപ എന്ത് ചെയ്തുവെന്ന് ചോദിച്ചു. എനിക്ക് കിട്ടിയിട്ടില്ലെന്ന് മറുപടി നൽകി.
കൊടുക്കാൻ ചുമതലപ്പെടുത്തിയ ആളെ വിളിച്ച് വരുത്തിയപ്പോൾ മറന്ന് പോയെന്നാണ് പറഞ്ഞത്. അവനോട് മാത്രമാണ് ഞാൻ വാങ്ങിയത്. അത് സൂക്ഷിച്ച് വെച്ചിട്ടുമുണ്ട്. അത്ര വൃത്തിക്കെട്ടവൻമാരാണ് പാർട്ടിയിലുള്ളത്. പലരും കാറ് വാങ്ങുന്നു. ബിജെപിയുടെ കാശ് കൊണ്ട് കാർ എടുത്താൽ ഇടിച്ച് നശിക്കും. മോഷ്ടിച്ചവനെയൊന്നും ദൈവം വെറുതെ വിടുകേല. പ്രാകുന്നത് ഞാനാണ്' പിസി ജോർജ് പറഞ്ഞു.
33 വർഷം എംഎൽഎ ആയിരുന്നിട്ടും താൻ ആരോടും അഞ്ചു പൈസ പോലും വാങ്ങിച്ചിട്ടില്ലെന്നും, അഴിമതിയില്ലാത്ത ജീവിതമാണ് നയിക്കുന്നതെന്നും പി.സി.ജോർജ് അവകാശപ്പെട്ടു. ബിജെപിയുടെ ഫണ്ട് ഉപയോഗിച്ച് ആരെങ്കിലും വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാക്കിയാൽ അത് ഗുണകരമാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Content Highlights: PC George revealed that BJP spent 4.45 crore rupees in the Poonjar election., Alleged financial irregularities and missing booth funds entrusted to Saji Kurickad., Claimed booth-level funds were not distributed properly and party members used funds for personal gains like buying cars., Stated he has maintained a corruption-free political career for 33 years as an MLA.
Published: 16 Aug 2026, 11:55 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented