കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഫെയ്സ്ബുക് പോസ്റ്റുമായി പി.വി അൻവർ. ചേർത്തുപിടിക്കേണ്ടവരാൽ ചതിക്കപ്പെട്ടുവെന്നും ഇതാണ് തന്റെ നിശബ്ദമായ പിൻമാറ്റത്തിന് കാരണമെന്നും പി.വി അൻവർ പറഞ്ഞു.
‘ചതിച്ചതാര്? ചന്തുതന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല’ എന്ന് തുടങ്ങുന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ കോഴിക്കോട്ടെ കോൺഗ്രസ് നേതൃത്വത്തിനെതിരെയാണ് രൂക്ഷവിമർശനം. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ എം.എൽ.എ ബേപ്പൂരില തോൽവിയേക്കുറിച്ച് പറഞ്ഞ പ്രസംഗം പങ്കുവെച്ചാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.
പാളയത്തിലെ ചതിയും പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു എന്നുള്ളത് സത്യംതന്നെയാണ്. യു.ഡി.എഫിന് കിട്ടിയ 102 സീറ്റിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു വാർഡിലേക്ക് മത്സരിച്ചാൽപോലും കെട്ടിവെച്ച കാശ് തിരികെ ലഭിക്കാൻ സാധ്യതയില്ലാത്ത ബഹുഭൂരിപക്ഷം പേരും വിജയിച്ചത്
തന്റെ പോരാട്ടത്തിന്റെ ഫലം കൂടിയായാണ്, അൻവർ പറയുന്നു.
പിണറായിസത്തിന്റെ മുഖംമൂടി വലിച്ചുകീറിയാണ് എന്റെ ആരോഗ്യവും ജീവനും സമ്പത്തും വകവക്കാതെയും പരിഗണിക്കാതെയും സ്ഥാനമാനങ്ങൾ ത്യജിച്ചും രാഷ്ട്രീയ ഭാവിക്കുവേണ്ടി ഒട്ടും അഡ്ജസ്റ്റ് ചെയ്യാതെയും പൊതുസമൂഹത്തിന്റെ മുന്നിൽ ഞാൻ തുറന്നു കാണിച്ചത്. അത് മറക്കരുത്- പോസ്റ്റിൽ പറയുന്നു.
ബേപ്പൂരിൽ 7487 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മുഹമ്മദ് റിയാസിന്റെ വിജയം.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ചതിച്ചതാര്? ചന്തു തന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല. ഉത്തരവാദിത്തപ്പെട്ടവർ തന്നെ വിളിച്ചു പറഞ്ഞത് കേട്ടു.
ബേപ്പൂരിലെ ജനങ്ങളും സഖാക്കളും എന്നെ വിജയിപ്പിച്ചപ്പോൾ , പരാജയപ്പെടുത്തിയത് ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ തന്നെ.
നിലവിലെ പ്രതിപക്ഷ നേതാവിനും, കുടുംബാംഗങ്ങൾക്കും എതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവരുന്ന വാർത്തകൾ എല്ലാവരും കാണുന്നുണ്ടല്ലോ!
അതിൽ ഒരാൾ എനിക്കെതിരെ മത്സരിച്ച സ്ഥാനർഥി തന്നെ! ഒന്നരവർഷമായി ഞാൻ നടത്തിയ പോരാട്ടത്തിന്റെ അർഥവും സത്യവും വെളിവാകുന്ന രീതിയിൽ സത്യങ്ങൾ ഓരോന്നായി പുറത്തുവരികയാണ്.
ക്രിയാത്മക പ്രതിപക്ഷം എന്ന നിലയിൽ പിണറായിസത്തിനും, മരുമോനിസത്തിനും, കുടുംബാധിപത്യത്തിനും എതിരായി ഞാൻ നടത്തിയ ഒറ്റയാൾ പോരാട്ടം തന്നെയാണ് 102 സീറ്റിന്റെ ഉയരത്തിലേക്ക് ചവിട്ടിക്കയറാൻ യുഡിഎഫിനെ പ്രാപ്തമാക്കിയത്.
ആ102 -ൽ എനിക്ക് ഗുരുതുല്യമായവരും, അഭിവന്ദ്യരും സമാദരണീയരുമായ വ്യക്തിത്വങ്ങളുണ്ട്. അവരോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ,
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു വാർഡിലേക്ക് മത്സരിച്ചാൽ പോലും കെട്ടിവെച്ച കാശ് തിരികെ ലഭിക്കാൻ സാധ്യതയില്ലാത്ത ബഹുഭൂരിപക്ഷം പേരും വിജയിച്ചത് ഇന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്ന പിണറായിസത്തിന്റെ മുഖംമൂടി വലിച്ചുകീറി എന്റെ ആരോഗ്യവും ജീവനും സമ്പത്തും വകവക്കാതെയും, പരിഗണിക്കാതെയും, സ്ഥാനമാനങ്ങൾ ത്യജിച്ചും 'രാഷ്ട്രീയ ഭാവിക്കുവേണ്ടി' ഒട്ടും 'അഡ്ജസ്റ്റ്' ചെയ്യാതെയും പൊതുസമൂഹത്തിന്റെ മുന്നിൽ ഞാൻ തുറന്നു കാണിച്ചത് കൊണ്ടാണ് എന്ന് മറക്കരുത്.
മലർന്നു കിടന്നു തുപ്പുന്നവർ ഈ മുന്നണിയുമായി സഹകരിക്കാൻ ഭാവിയിലും തയ്യാറായേക്കാവുന്ന സംഘടനകൾക്കും വ്യക്തികൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നൽകുന്ന സന്ദേശം എന്താണ് എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്.
തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കു മുമ്പ് പ്രചരണത്തിന് എത്തിയ നിലവിലെ മുഖ്യമന്ത്രി ഒരു യോഗത്തിൽ വച്ച് 'ബേപ്പൂരിൽ പി വി അൻവറിനെ വിജയിപ്പിച്ചാൽ ബേപ്പൂരിന് ഒരു സമ്മാനമുണ്ട് ' എന്ന് പറഞ്ഞതിലൂടെ മന്ത്രിസ്ഥാനം സ്വപ്നം കണ്ടവരുടെ ഉറക്കം കെട്ടിരുന്നോ!? എന്നതും പുന:പരിശോധിക്കേണ്ടതുണ്ട്.
ഇത് കണ്ടപ്പോൾ 'ബ്രൂട്ടസേ നീയും!'എന്നെനിക്ക് തോന്നിയില്ല. കാരണം, എനിക്കിത് അന്നേ മനസ്സിലായതാണ്.
പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു എന്നുള്ളത് സത്യം തന്നെയാണ്.
എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്. ചേർത്തുപിടിക്കേണ്ടവരാൽ ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാൻ എനിക്ക് ജാള്യതയുണ്ട്.
അതെന്റെ ചരിത്രപരമായ പാരമ്പര്യത്തിൽ നിന്നും ഉണ്ടായിത്തീരുന്നതാണ്.'ഞങ്ങൾ ചതിച്ചതു തന്നെ' എന്ന് വിളിച്ചു പറയാൻ ഉളുപ്പില്ലാത്തവർ ഉണ്ടെങ്കിൽ ഇനിയും പറയട്ടെ.
പക്ഷേ, രാവും പകലും ഇല്ലാതെ എന്റെ കൂടെ പ്രവർത്തിച്ച സാധാരണക്കാരായ പ്രവർത്തകരോടും, അവരുടെ കുടുംബങ്ങളോടും, കേരളത്തിലെ ജനാധിപത്യ വിശ്വാസികളോടും, പിണറായിസത്തിനെതിരെ കൈകോർത്തു തോളോട് തോൾ ചേർന്ന് നിന്ന് പോരാടിയ സഖാക്കൾ അടക്കമുള്ള ആബാലവൃദ്ധം ജനങ്ങളോടുമുള്ള നന്ദിയും കടപ്പാടും എന്നും എന്റെ മനസ്സിൽ സുദൃഢമായിരിക്കും.
നിങ്ങളുടെ സ്വന്തം
പി.വി അൻവർ
Content Highlights: PV Anvar published a Facebook post blaming Congress leadership for his defeat in Beypore., He accused local leaders of betrayal and backstabbing during the assembly election., He highlighted his efforts in exposing the ruling government despite personal sacrifices.
Published: 24 Aug 2026, 03:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented