തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്.എഫ്.ഐ. പ്രവർത്തകർ നടത്തിയ മാർച്ചിലെ സംഘർഷത്തിൽ കൂടുതൽ പേരെ അറസ്റ്റുചെയ്തു. കേന്ദ്രകമ്മിറ്റിയംഗം എസ്.കെ. ആദർശ്, സംസ്ഥാന കമ്മിറ്റിയംഗം ടോണി കുര്യാക്കോസ് ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. നടത്തിയ കന്റോൺമെന്റ് പോലീസ് സ്‌റ്റേഷൻ മാർച്ച് സംഘർഷഭരിതമായി. പിന്നാലെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. 

To advertise here,

കഴിഞ്ഞദിവസം അറസ്റ്റിലായ എസ്.എഫ്.ഐ. പ്രവർത്തകരിൽ ചിലർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ ചികിത്സയിലുണ്ടായിരുന്ന എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി. സഞ്ജീവിനെ കാണാനും കൂട്ടിരിക്കാനുമായി എത്തിയപ്പോഴാണ് ആദർശ്, ടോണി കുരിയാക്കോസ് എന്നിവരെ വൈകുന്നേരം ഏഴ് മണിയോടെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.

ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി. സഞ്ജീവിനെ വൈകുന്നേരത്തോടെ ഡിസ്ചാർജ് ചെയ്തിരുന്നു. നെഞ്ചിലടക്കം മർദ്ദനമേറ്റ സഞ്ജീവ് ഡിസ്ചാർജ് ആയി പുറത്തിറങ്ങുന്നതിനിടെ ആശുപത്രി കോമ്പൗണ്ടിൽ കയറിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ആദ്യം എ.ആർ. ക്യാമ്പിലേക്കും പിന്നീട് ഫോർട്ട് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം തുമ്പ പോലീസ് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്.

അറസ്റ്റിൽ പ്രകോപിതരായി എത്തിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കന്റോൺമെന്റ് പോലീസ് സ്റ്റേഷന് മുന്നിലെ ബാരിക്കേഡുകൾ തള്ളിമറിക്കാൻ ശ്രമിച്ചതോടെ സംഘർഷം രൂക്ഷമായി. ഇതേത്തുടർന്ന് പോലീസ് പ്രതിഷേധക്കാർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു.