പത്തനംതിട്ട: മദ്യപിച്ച് വാഹനമോടിച്ച അന്തർസംസ്ഥാന ബസിന്റെ ഡ്രൈവർ പോലീസ് പിടിയിൽ. അടൂരിൽനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറായ പത്തനംതിട്ട വെട്ടിപ്പുറം മുണ്ടുകോട്ടയ്ക്കൽ ചരിവുകാലായിൽ വീട്ടിൽ എബി സാമുവലിനെയാണ് അടൂർ ഹൈവേ പോലീസ് പിടികൂടിയത്.

To advertise here,

വ്യാഴാഴ്ച വൈകിട്ട് 3.45-ഓടെയായിരുന്നു സംഭവം. അടൂർ ഹൈസ്കൂൾ ജങ്ഷന് സമീപം അസ്വാഭാവികമായ രീതിയിൽ വാഹനം പോകുന്നത് കണ്ട് ഹൈവേ പോലീസ് എസ്.ഐ. ബി.എസ്. ബിജു, സി.പി.ഒ മുഹമ്മദ് സുൽഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബസ് തടയുകയും പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തുകയുമായിരുന്നു.

ബാംഗ്ലൂരിലേക്ക് യാത്രതിരിക്കുന്നതിനായി യാത്രക്കാരെ കയറ്റാൻ പോകുന്നതിനിടയിലാണ് ബസ് പോലീസ് തടഞ്ഞുനിർത്തിയത്. ഈസമയം എബി സാമുവലും സഹായിയും മാത്രമാണ് ബസിലുണ്ടായിരുന്നത്. പരിശോധനയ്ക്ക് പിന്നാലെ ബസും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് മറ്റൊരു ഡ്രൈവർ സ്ഥലത്തെത്തി ബസ് കൊണ്ടുപോയി.