തൃശ്ശൂർ: തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് ആവർത്തിച്ച് വിഎസ് സുനിൽ കുമാർ. വിഷയത്തിൽ എല്ലാവരുടേയും മൊഴി രേഖപ്പെടുത്തണമെന്നും സമഗ്ര അന്വേഷണമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആരോപിച്ച ഗുണ്ടാ ആക്രമണത്തെപ്പറ്റിയും പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൂരനഗരിയിൽ നിയമം ലംഘിച്ചുള്ള സുരേഷ് ഗോപിയുടെ യാത്ര പൂരം അട്ടിമറിക്കലിന്റെ ഭാഗമാണ്. രാഷ്ട്രീയ ഗുണ്ടകൾ തന്നെ അക്രമിച്ചുവെന്ന് എന്തുകൊണ്ട് സുരേഷ് ഗോപി നേരത്തെ പറഞ്ഞില്ല? ആക്രമിച്ച വിവരം ജനങ്ങളോട് പറയാതെ മറച്ചുവെച്ചത് അത് നുണയായതിനാലാണ്. സിസിടിവി അടക്കം പരിശോധിച്ച് അന്വേഷണം നടത്തണമെന്നും വി.എസ്. സുനിൽകുമാർ പറഞ്ഞു.
നിയമം ലംഘിച്ചു കൊണ്ടാണ് സുരേഷ് ഗോപി ആംബുലൻസിൽ പൂരനഗരിയിലേക്ക് വന്നത്. വാഹനം ഏതൊക്കെ വഴിയിൽ കൂടി പോകണം എന്നതിനുള്ള കൃത്യമായ നിർദേശങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാൽ അവയൊക്കെ മറികടന്നുകൊണ്ടാണ് സഞ്ചരിക്കാൻ പാടില്ലാത്ത വഴികളിൽ കൂടി രോഗിയല്ലാത്ത ആളെ രാഷ്ട്രീയ താത്പര്യത്തിനു വേണ്ടി സേവാഭാരതിയുടെ ആംബുലൻസിൽ കയറ്റിക്കൊണ്ടുവന്നത്. ഇത് പൂരം അട്ടിമറിക്കാൻ വേണ്ടി നടന്ന കാര്യമാണ്.
ആദ്യം അംബുലൻസിൽ സഞ്ചരിച്ചിട്ടില്ലെന്ന് പച്ചക്കള്ളം പറഞ്ഞു. അതു തിരുത്തി. പിന്നെ അദ്ദേഹം ഉന്നയിച്ചത് ഗുണ്ടകൾ ആക്രമിച്ചു എന്നാണ്. ആംബുലൻസിലേക്ക് വരുന്നതിന് മുമ്പ് മറ്റു പാർട്ടിയിൽപെട്ട ഗുണ്ടകൾ തന്റെ വാഹനത്തെ ആക്രമിച്ചുവെന്നും രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാർ തന്നെ സംരക്ഷിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷിക്കണം. സിസിടിവികളടക്കം പരിശോധിക്കണം. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് സത്യം വെളിച്ചത്ത് വരുമെന്ന ഘട്ടത്തിൽ പലതരം നുണകളും കള്ളത്തരങ്ങളുമാണ് പ്രചരിപ്പിക്കുന്നതെന്നും സുനിൽകുമാർ പറഞ്ഞു.
Content Highlights: thrissur pooram issue vs sunil kumar press meet against suresh gopi
Published: 02 Nov 2024, 12:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented