തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ കേരളാ കോൺഗ്രസിന്റെ നേതൃയോഗത്തിൽ തമ്മിലടി. പരസ്പരം ചേരിതിരിഞ്ഞ് പോർവിളികളും സംഘർഷവും ഉണ്ടാവുകയായിരുന്നു. തോമസ് ഉണ്ണിയാടൻ എം.എൽ.എയെ അനുകൂലിക്കുന്നവരും എതിർ ചേരിയിലുള്ളവരുമാണ് പരസ്പരം പോരടിച്ചത്. സംഘർഷത്തിനിടെ യോഗത്തിനെത്തിച്ച ചൂടുചായ ഒഴിക്കുകയും ചെയ്തു.

To advertise here,

പാർട്ടിനേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കേരള കോൺഗ്രസ് നേതാവ് തോമസ് ഉണ്ണിയാടൻ എം.എൽ.എ.ക്ക് തൃശ്ശൂരിൽ സ്വീകരണം നടക്കുന്നതിനിടെയാണ് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ മറ്റൊരു വിഭാഗം യോഗം ചേർന്നത്. ഇവിടേക്ക് ഉണ്ണിയാടൻ അനുകൂലികൾ എത്തുകയായിരുന്നു. തങ്ങളാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഔദ്യോഗികപക്ഷം എന്ന് അവകാശപ്പെട്ടായിരുന്നു ഇവർ ഇവിടെ എത്തിയത്. തുടർന്ന് വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. പ്രവർത്തകരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിൽ പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്.

മദ്യപിച്ചെത്തിയവരാണ് അക്രമം അഴിച്ചുവിട്ടതെന്ന് നേതൃ യോഗത്തിനെത്തിയവർ പറയുന്നു. വനിതാ പ്രവർത്തകർക്കടക്കം പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഫാൻ എടുത്തെറിഞ്ഞതിനെത്തുടർന്നാണ് വനിതാ പ്രവർത്തകയ്ക്ക് പരിക്കേറ്റതെന്നാണ് ആരോപണം.

മന്ത്രിസ്ഥാനത്തേക്കും ചീഫ് വിപ്പ് സ്ഥാനത്തേക്കും പാർട്ടിനേതൃത്വം തന്നെ പരിഗണിച്ചില്ലെന്നാണ് ഉണ്ണിയാടന്റെ പരാതി.