പമ്പ: ശബരിമല തീർഥാടകരുമായി പമ്പയിലെത്തിയശേഷം നദിയിൽ കുളിക്കാനിറങ്ങിയ ഡ്രൈവറുടെ പിൻഭാഗത്ത് കമ്പി തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് മധുര സ്വദേശി മീനാക്ഷി കുമാറിനാണ് (54) പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

To advertise here,

ട്രാവൽ ഏജൻസിയുടെ വാഹനത്തിൽ തീർഥാടകരുമായി വെള്ളിയാഴ്ച രാവിലെയാണ് മീനാക്ഷികുമാർ പമ്പയിലെത്തിയത്. ഇവരെ മലകയറ്റിവിട്ടശേഷം 11 -മണിയോടെയാണ് പമ്പാനദിയിൽ ത്രിവേണി രണ്ടാംപാലത്തിനുസമീപം കുളിക്കാനിറങ്ങിയത്. വെള്ളത്തിൽ കാൽവഴുതിയ മീനാക്ഷികുമാർ നിലതെറ്റി പെട്ടെന്ന് ഇരുന്നുപോയി. ഇൗ സമയത്താണ് വെള്ളത്തിനടിൽ കൂർത്തുനിന്ന കമ്പി പിൻഭാഗത്തുകൂടി തുളഞ്ഞുകയറിയത്.

ഉടൻതന്നെ മറ്റ് തീർഥാടകരും പോലീസും ചേർന്ന് പമ്പ ഗവൺമെന്റ് ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും കൊണ്ടുവന്നെങ്കിലും മുറിവ് തുന്നിക്കെട്ടാൻ കഴിയാത്തതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രളയത്തിൽ നദിയിൽ അടിഞ്ഞുകൂടിയ കോൺക്രീറ്റ് പാളികളും കമ്പികളും മാറ്റാനുള്ള നടപടിയില്ലാത്തത് തീർഥാടകർക്ക് വലിയ ഭീഷണിയായിട്ടുണ്ട്.