തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് അതിവേഗ പാത അനിവാര്യമാണെന്നും അതിന് യുഡിഎഫ് സർക്കാർ കെ റെയിൽ പേര് മാറ്റി വിളിച്ചാലും കുഴപ്പമില്ലെന്ന് സിപിഎം നേതാവ് തോമസ് ഐസക്. കെ റെയിൽ പദ്ധതി റദ്ദാക്കിയ യുഡിഎഫ് സർക്കാരിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു ഐസക്.

To advertise here,

'കെ റെയിലിനെ യുഡിഎഫ് തുടക്കംമുതൽ എതിർത്തവരാണ്. അതുകൊണ്ട് അത് വേണ്ടെന്ന് വെച്ചതിൽ അത്ഭുതമില്ല' ഐസക് പറഞ്ഞു. സംസ്ഥാനത്ത് അതിവേഗ പാത വേണോ എന്നതിൽ യുഡിഎഫ് വ്യക്തത വരുത്തണമെന്നും ഐസക് ആവശ്യപ്പെട്ടു. വേണമെങ്കിൽ പേര് മാറ്റി രാഗാ റെയിൽ എന്നാക്കിക്കോളൂവെന്നും ഐസക് പറഞ്ഞു.

'കേരളത്തിൽ ഇങ്ങനെയൊരു അതിവേഗ പാതവേണോ എന്ന കാര്യത്തിൽ വ്യക്തത വേണം. രാഗാ റെയിൽ എന്ന് വേണമെങ്കിൽ വിളിക്കാം. കേരളത്തിലുള്ളവരെല്ലാം കാറെടുത്ത് തെക്ക് വടക്ക് ഓടണമെന്നാണോ ഇവർ പറയുന്നത്. റോഡ് മുഖേന ദീർഘദൂര യാത്ര ചെയ്യുന്നവരെ ട്രെയിനിലേക്ക് മാറ്റാൻ പറ്റണം. അങ്ങനെ സാധിക്കണമെങ്കിൽ അതിവേഗ പാതവേണം. ഇനി ഇത് വേണ്ടെങ്കിൽ ബദൽ എന്താണെന്ന് പറയണം. കേരളത്തിന്റെ വികസനത്തിന് മുന്നോട്ടുള്ള പോക്കിന് അതിവേഗ പാത അനിവാര്യമാണ്' ഐസക് പറഞ്ഞു.

കേരളത്തിന്റെ വളർച്ച 25 വർഷത്തേക്ക് മുൻകൂട്ടി കണ്ട് പ്ലാൻ ചെയ്ത പദ്ധതിയായിരുന്നു കെ റെയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചു. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് കെ റെയിൽമുമ്പ് തന്നെ വഴിക്ക് വെച്ച് നിർത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.