തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേറ്റ് ആറു മാസം മാത്രം പിന്നിടുമ്പോഴും കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കങ്ങളും പരസ്യപോരും രൂക്ഷമാകുന്നു. കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താനെതിരെ എ ഗ്രൂപ്പിലെ യുവനേതാക്കൾ കടുത്തഭാഷയിലെ വിമർശനവും പരിഹാസവുമായി രംഗത്തെത്തി. ഷാഫി പറമ്പിലിനെ കുറിച്ച് ഉണ്ണിത്താൻ നടത്തിയ പരാമർശമാണ് എ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചത്. ഷാഫി ഏത് ഗ്രൂപ്പാണെന്ന് കേരളത്തിൽ അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം എന്നായിരുന്നു ഉണ്ണിത്താന്റെ പരിഹാസം.

To advertise here,

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നേരിട്ട് കണ്ട് എ ഗ്രൂപ്പ് നേതാക്കളായ കെ.സി. ജോസഫ്, ബെന്നി ബെഹന്നാൻ, ഷാഫി പറമ്പിൽ എന്നിവർ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. സംസ്ഥാനത്തെ ബോർഡ് കോർപ്പറേഷൻ നിയമനങ്ങളിലും മറ്റ് പ്രധാന രാഷ്ട്രീയ നിയമനങ്ങളിലും എ ഗ്രൂപ്പിലെ നേതാക്കൾക്ക് യാതൊരുവിധ പ്രാതിനിധ്യവും പങ്കാളിത്തവും നൽകുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ഷാഫി പറമ്പിലിനെതിരായ പരാമർശം നടത്തിയത്.

എ ഗ്രൂപ്പിലെ കെഎസ്‍യു, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ യുവനേതാക്കൾ സമൂഹമാധ്യമങ്ങളിലാണ് കൂട്ടത്തോടെ ഉണ്ണിത്താനെതിരെ ആഞ്ഞടിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് സ്ഥാനാർഥികൾക്കായി സംസ്ഥാനത്തുടനീളം വലിയ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ച് മുന്നിൽ നിന്ന നേതാവാണ് ഷാഫി പറമ്പിൽ എന്ന് യുവനേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ഷാഫി പറമ്പിൽ ചെല്ലുന്ന ഇടങ്ങളിലെല്ലാം ആളുകൾ വലിയ സ്‌നേഹത്തോടെ പൂവിട്ടാണ് അദ്ദേഹത്തെ സ്വീകരിക്കുന്നത്. എന്നാൽ രാജ്‌മോഹൻ ഉണ്ണിത്താൻ ചെല്ലുന്ന പലയിടങ്ങളിലും ആളുകൾ ചീമുട്ട എറിഞ്ഞാണ് സ്വീകരിച്ചിട്ടുള്ളത് എന്നും യുവനേതാക്കൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ണിത്താൻ പാർട്ടിക്ക് വേണ്ടി എന്താണ് ചെയ്തതെന്ന ചോദ്യവും യുവനേതാക്കൾ ശക്തമായി ഉന്നയിക്കുന്നുണ്ട്.

ഉണ്ണിത്താന്റെ ചോദ്യങ്ങൾക്ക് മറുപടിയായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒരു വേദിയിൽ പ്രസംഗിക്കുമ്പോൾ അദ്ദേഹത്തിന് കുടചൂടി നിൽക്കുന്ന ഷാഫി പറമ്പിലിന്റെ ഫോട്ടോ പങ്കുവെച്ചാണ് നേതാക്കൾ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീർ രാജ്‌മോഹൻ ഉണ്ണിത്താനെ 'സ്‌മോൾ ബോയ്' എന്ന് വിശേഷിപ്പിച്ചുകൊണ്ട് പരിഹസിച്ചു.

അതോടൊപ്പം ഉണ്ണിത്താന്റെ മകൻ ബിജെപിയിലെ ഏത് ഗ്രൂപ്പിലാണ് പ്രവർത്തിക്കുന്നത് എന്ന ചോദ്യവും നേമം ഷജീർ ഉൾപ്പെടെയുള്ള എ ഗ്രൂപ്പ് നേതാക്കൾ ചോദിച്ചു. ഇത്തരത്തിലുള്ള പരസ്യവിമർശനങ്ങളും പരിഹാസങ്ങളും രൂക്ഷമാകുന്നതോടെ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് വരും ദിവസങ്ങളിൽ വലിയ തലങ്ങളിലേക്ക് കടക്കുമെന്നാണ് വിലയിരുത്തൽ.