തിരുവനന്തപുരം: ഇലക്ട്രിക് ബസിന്റെ കാര്യത്തിൽ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് തിരുവനന്തപുരം മേയർ വി.വി രാജേഷും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറും ഉറപ്പിച്ചതോടെ വിവാദം വലിയ നിയമപ്രശ്‌നമായി മാറുകയാണ്. കോർപ്പറേഷൻ പരിധിക്ക് പുറത്ത് ബസ് ഓടിക്കുന്നത് കരാർ ലംഘനമാണെന്നാണ് മേയർ വി.വി രാജേഷിന്റെ വാദം. എന്നാൽ കരാർ ലംഘിച്ചിട്ടില്ലെന്നാണ് ഗതാഗത മന്ത്രിയും ഉറപ്പിച്ചുപറയുന്നത്. കോർപ്പറേഷനിൽ അധികാരത്തിലെത്തിയതിനു പിന്നാലെ ആദ്യമായി ചേരുന്ന കൗൺസിൽ യോഗത്തിൽ വിഷയം വൻ ചർച്ചയാക്കാനാണ് ബിജെപിയുടെ നീക്കം.

To advertise here,

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലെത്തിയതോടെയാണ് ശബ്ദമില്ലാതെ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് ബസിന്റെ കാര്യത്തിൽ ശബ്ദം ഉയർന്നുതുടങ്ങിയത്. മേയർ വി.വി രാജേഷ് തിരികൊളുത്തി, മന്ത്രി ഗണേഷ് കുമാർ ആളിക്കത്തിച്ചു.

ഇലക്ട്രിക് ബസ് വിവാദത്തിനു പിന്നിൽ ചില രാഷ്ട്രീയ അജണ്ടകളും തെറ്റിദ്ധാരണകളുമുണ്ട്. നഗരത്തിൽ ഓടുന്നത് 163 ബസുകളാണ്. നഗരത്തിൽ മാത്രം ഓടുന്നത് ലാഭകരമല്ലെന്ന് വിലയിരുത്തിയാണ് കെഎസ്ആർടിസി മറ്റ് സ്ഥലങ്ങളിലേക്കും ബസ് ഓടിച്ചത്. എന്നാൽ ഇത് കരാർ ലംഘനമാണെന്ന് മേയർ പറയുന്നു. പക്ഷേ നഗരത്തോടു ചേർന്നുള്ള മേഖലകളിലും ഓടിക്കാമെന്ന് കരാറിലുണ്ട്. മെച്ചപ്പെട്ട സേവനത്തിനായി ഡിപ്പോകളിൽ നിന്ന് സർവീസ് നടത്താമെന്നും പറയുന്നു. എന്നാൽ കോർപ്പറേഷൻ പരിധിയിൽ നിന്നുതന്നെ നിർബന്ധമായി സർവീസ് വേണമെന്ന് പ്രത്യേകം കരാറിൽ വ്യവസ്ഥയില്ല.

എന്നാൽ ലാഭവിഹിതം കോർപ്പറേഷന് നൽകണമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. പക്ഷേ അവിടെയുമുണ്ട് പ്രശ്‌നം. ലാഭവിഹിതം പങ്കുവെയ്ക്കുന്നതിന് ഉന്നതതല സമിതി രൂപീകരിക്കണമെന്നാണ് കരാർ. ഈ സമിതി രൂപീകരിച്ചിട്ടില്ല. ഒപ്പം എന്നുമുതൽ ലാഭവിഹിതം നൽകുമെന്നും വ്യക്തമാക്കിയിട്ടില്ല. മുടക്കുമുതൽ തിരിച്ചുപിടിച്ചതിനു ശേഷമാണെന്നും അല്ലെന്നും ഇരുകൂട്ടർക്കും വേണമെങ്കിൽ വാദിക്കാം.

163 സർവീസിൽ 85 ശതമാനവും മാസംതോറുമുള്ള വരവ് ചെലവ് കണക്കിൽ കണക്കിൽ ലാഭകരമാണെങ്കിലും ബസുകൾക്കായി മുടക്കിയ കോടികൾ തിരിച്ചെത്തിയിട്ടില്ല. പിന്നെ ഇതെല്ലാം എങ്ങനെ വിവാദമാകുന്നു എന്നല്ലേ. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലെത്തിയതോടെ ചില കീഴ്‌വഴക്കങ്ങളെ പൊളിക്കുമെന്ന സൂചന നൽകുന്നുണ്ട്. വി.കെ പ്രശാന്ത് എംഎൽഎയും ആർ. ശ്രീലേഖയും തമ്മിൽ വാടക കെട്ടിടത്തിന്റെ പേരിലുണ്ടായ ഏറ്റുമുട്ടലും കെഎസ്ആർടിസിയിലെ ഇടപെടലുമെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്. അതുകൊണ്ടാണ് വിഷയം കോർപ്പറേഷന്റെ കൗൺസിൽ യോഗത്തിലേക്കും എത്തിക്കുന്നത്. മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പാർട്ടിക്ക് ഒരു ജനപ്രതിനിധി പോലുമില്ലാത്ത തിരുവനന്തപുരത്തെ കൗൺസിലിൽ വിഷയം എത്തിയാൽ പ്രതിരോധിക്കേണ്ട ബാധ്യത സിപിഎമ്മിനാണ്.