തിരുവനന്തപുരം: കേവലഭൂരിപക്ഷം തുലാസിലായ തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് യു.ഡി.എഫ്. പ്രഖ്യാപിച്ചെങ്കിലും അതിനെ പിന്തുണയ്ക്കുന്നതിൽ എൽ.ഡി.എഫ്. തീരുമാനമെടുത്തിട്ടില്ല. അവിശ്വാസപ്രമേയത്തെ നേരിടാൻ ഭരണസമിതി തയ്യാറാണെന്ന് മേയർ വി.വി. രാജേഷും പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് കൗൺസിൽ യോഗം.

To advertise here,

അവിശ്വാസത്തിന് പിന്തുണ തേടി യു.ഡി.എഫ്. സമീപിച്ചിട്ടില്ലെന്ന് സി.പി.എം. ജില്ലാസെക്രട്ടറി വി. ജോയ് പറഞ്ഞു. ഇക്കാര്യത്തിലെ നയപരമായ തീരുമാനം പാർട്ടി സംസ്ഥാനതലത്തിലാണ് എടുക്കേണ്ടത്. അങ്ങനെയൊരു കാര്യം നിലവിൽ പാർട്ടിയുടെ പരിഗണനയിലില്ലെന്നും ജോയ് പറഞ്ഞു. കാപ്പ കേസിൽപ്പെട്ട കൗൺസിലറെ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട് എൽ.ഡി.എഫ്. സമരം തുടരുമ്പോഴും യു.ഡി.എഫ്. ഒരു പ്രതിഷേധപരിപാടിയും സംഘടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബി.ജെ.പി. ഭരണസമിതിക്കെതിരേ ആര് അവിശ്വാസപ്രമേയം കൊണ്ടുവന്നാലും എതിർക്കേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞദിവസം വി. ശിവൻകുട്ടി പറഞ്ഞത്.

യു.ഡി.എഫുമായി ചേർന്ന് അവിശ്വാസം കൊണ്ടുവരാൻ എൽ.ഡി.എഫ്. തയ്യാറാകില്ലെന്നാണ് സൂചന. പ്രമേയത്തെ പിന്തുണയ്ക്കാത്തത് ബി.ജെ.പി.യും എൽ.ഡി.എഫും തമ്മിലുള്ള ഒത്തുകളിയാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരീനാഥ് ആരോപിച്ചു. എന്നാൽ, കോൺഗ്രസ്-സി.പി.എം. സഖ്യമാണ് കോർപ്പറേഷനിലുള്ളതെന്നും അതിന്റെ ഭാഗമായാണ് അവിശ്വാസനീക്കമെന്നും മേയർ വി.വി. രാജേഷും ആരോപിച്ചു.

കൂടുതൽ സാവകാശം വേണ്ടതിനാൽ തിങ്കളാഴ്ച നടക്കുന്ന കൗൺസിൽ യോഗത്തിൽ അവിശ്വാസനീക്കം ഉണ്ടാകില്ലെന്ന് ശബരീനാഥൻ അറിയിച്ചു. പകരം ഭരണസ്തംഭനം ആരോപിച്ച് തിങ്കളാഴ്ച യു.ഡി.എഫ്. കോർപ്പറേഷനിലേക്ക് മാർച്ച് നടത്തും. ബി.ജെ.പി. ഭരണസമിതി പരിഹരിക്കുമെന്ന് പറഞ്ഞിരുന്ന നഗരത്തിലെ തെരുവുനായപ്രശ്നം, കുടിവെള്ളപ്രശ്നം, വെള്ളക്കെട്ട്, മാലിന്യസംസ്കരണം എന്നിവയിലൊന്നും നടപടികളുണ്ടായില്ലെന്നാണ് പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നത്.

അവിശ്വാസത്തെ നേരിടാൻ ഭരണസമിതി തയ്യാറെന്ന് മേയർ

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ നേരിടാൻ ഭരണസമിതി സജ്ജമെന്ന് തിരുവനന്തപുരം മേയർ വി.വി.രാജേഷ്. ഇത്തരം സാഹചര്യങ്ങളെ നേരിടേണ്ടി വരുമെന്ന ബോധ്യത്തിൽത്തന്നെയാണ് ഭരണസമിതി അധികാരത്തിൽ വന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൗൺസിൽ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

അവിശ്വാസ പ്രമേയത്തോട് സി.പി.എം. സഹകരിക്കാത്തത് ബി.ജെ.പി.യുമായുള്ള രഹസ്യധാരണമൂലമെന്ന കോൺഗ്രസ് കൗൺസിലിലെ കക്ഷിനേതാവ് കെ.എസ്.ശബരീനാഥന്റെ ആരോപണം മേയർ തള്ളി. കോർപ്പറേഷനിൽ കോൺഗ്രസ്-സി.പി.എം. സഖ്യശക്തി രാഷ്ട്രീയമാണുള്ളതെന്ന് രാജേഷ് ആരോപിച്ചു. പ്രമേയത്തിൽ മുൻ മന്ത്രി കോൺഗ്രസിന് കൈകൊടുക്കാൻ പറയുമ്പോൾ സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയ് വേണ്ടെന്നു പറയുന്നതാണ് നിലവിലെ സ്ഥിതി. അടിയന്തര കൗൺസിൽ ചേരാൻ ഇരു പാർട്ടിക്കാരും കത്ത് നൽകിയെങ്കിലും കത്തുകളിൽ മുനിസിപ്പൽ ആക്ട് പ്രകാരം വേണ്ട ഒപ്പ് ഇല്ലായിരുന്നു. ഒരേ ലെറ്റർ ഹെഡ്ഡിൽ എണ്ണം തികച്ച് തന്നാൽ പരിഗണിക്കും.

സംയുക്തമായി പ്രമേയം കൊണ്ടുവരുമെന്ന് ഇന്നലെ വരെ പറഞ്ഞവർ നിലപാട് മാറ്റിയത് ജനരോഷത്തെ ഭയന്നാണെന്ന് ബി.ജെ.പി. സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ ആരോപിച്ചു. കാപ്പ കേസിൽ കരുതൽ തടങ്കലിൽ തുടരുന്ന ബി.ജെ.പി. കൗൺസിലർ സുഗതൻ ഏപ്രിൽ മാസത്തെ കൗൺസിൽ യോഗത്തിൽ പങ്കെടുത്തുവെന്നും ജൂലായിലെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതെ ഇരുന്നാൽ മാത്രമേ അയോഗ്യനാവുകയുള്ളൂവെന്നും മേയർ വ്യക്തമാക്കി.

വാഗ്ദാനങ്ങൾ പാലിക്കും; ഭരണസ്തംഭനമില്ല

ഭരണസമിതി അധികാരത്തിൽ വന്ന് ഒരുവർഷത്തിനകം നഗരത്തിലെ തെരുവുനായ പ്രശ്‌നം, കുടിവെള്ള പ്രശ്‌നം, വെള്ളക്കെട്ട്, മാലിന്യസംസ്‌കരണം എന്നിവ നടപ്പിലാക്കുമെന്നായിരുന്നു വാഗ്ദാനമെന്നും നടപടികൾ പുരോഗമിക്കുന്നുവെന്നും വി.വി.രാജേഷ്. തെരുവുനായ പ്രശ്‌നം പൂർണമായും നിയന്ത്രണവിധേയമാക്കാൻ കോർപ്പറേഷന് സാധിച്ചിട്ടുണ്ട്.

ഭരണത്തിലെത്തി ആറ് മാസത്തിനകമാണ് ഈ നേട്ടം. മാലിന്യപ്രശ്‌നം, കുടിവെള്ള പ്രശ്‌നം, വെള്ളക്കെട്ട് എന്നിവയിൽ കേന്ദ്ര- സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ആവശ്യമുണ്ട്. മാലിന്യ സംസ്‌കരണത്തിന് നിലവിൽ ശാസ്ത്രീയമായ സംവിധാനങ്ങളില്ല. സ്ഥിരമായൊരു ശാസ്ത്രീയ സംവിധാനം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണെന്നും കോർപ്പറേഷനിൽ ഭരണസ്തംഭനമില്ലെന്നും മേയർ വ്യക്തമാക്കി.