തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംതെറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചുറ്റുമതിൽ ഇടിച്ചുതകർത്തു. ഇടിയുടെ ആഘാതത്തിൽ മതിൽ പൊളിഞ്ഞു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന പോത്തൻകോട് സ്വദേശികളായ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

To advertise here,

കാറോടിച്ചിരുന്ന ബാലരാമപുരം സ്വദേശി മനുവിനെ കസ്റ്റഡിയിലെടുത്തുവെന്ന് വലിയതുറ എസ്.എച്ച്.ഒ. ഡി.ഒ.ദിനേശ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് 4.45-ന് ഓൾ സെയ്ന്റ്‌സ്-ശംഖുംമുഖം റോഡിൽ എയർഫോഴ്സ് സ്റ്റേഷനു സമീപത്തെ ടെക്നിക്കൽ ഏരിയയിലെ വളവിലാണ് അപകടം. ഓൾ സെയ്ന്റിസിൽനിന്ന് ശംഖുംമുഖത്തേക്കു വന്ന കാർ വളവിൽവെച്ച് നിയന്ത്രണംതെറ്റി വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയ്ക്കു സമീപത്തെ ചുറ്റുമതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അതുവഴിവന്ന വാഹനയാത്രക്കാരും വിമാനത്താവളത്തിലെ സുരക്ഷാസേനാംഗങ്ങളും പോലീസുമെത്തിയാണ് കാറിനുള്ളിൽ അകപ്പെട്ടവരെ പുറത്തെത്തിച്ചത്.

ഇതേ മതിലിൽ നാലാംതവണയാണ് കാറിടിച്ച് മതിൽ തകർന്ന് അപകടമുണ്ടാകുന്നത്. ഇതേ സ്ഥലത്ത് കാർ മതിലിലേക്ക് പാഞ്ഞുകയറി കാറോടിച്ചിരുന്ന വെട്ടുകാട് സ്വദേശിയായ യുവാവ് സംഭവസ്ഥലത്തു മരിച്ചിരുന്നു. ഇതുപോലെ രാഷ്ട്രീയ നേതാവിന്റെ മകൻ ഉൾപ്പെട്ട സംഘം സഞ്ചരിച്ചിരുന്ന കാറും മതിൽ ഇടിച്ചുതകർത്തിരുന്നു. ഓൾ സെയ്ന്റ്‌സ് ഭാഗത്തുനിന്ന് ശംഖുംമുഖത്തേക്കു വരുന്ന വാഹനങ്ങളുടെ അമിതവേഗമാണ് അപകടത്തിനു കാരണമെന്ന് വലിയതുറ പോലീസ് പറഞ്ഞു.