തിരുവനന്തപുരം: വൈദ്യുതിനിയന്ത്രണം വൻ പ്രതിഷേധത്തിന് വഴിവെക്കുന്നതിനാൽ യൂണിറ്റിന് 30 രൂപവരെ കൊടുത്ത് വൈദ്യുതിവാങ്ങാൻ കെ.എസ്.ഇ.ബി. (KSEB) ക്ക് സർക്കാരിന്റെ അനുമതി. തിങ്കളാഴ്ചമുതൽ വാങ്ങാനാണ് ശ്രമം. ഇപ്പോൾ പരമാവധി 10 രൂപവരെ വിലയ്ക്ക് വാങ്ങാനാണ് വൈദ്യുതി റെഗുലേറ്റി കമ്മിഷന്റെ അനുമതിയുള്ളത്.

To advertise here,

അടിയന്തര സാഹചര്യമായതിനാൽ സർക്കാരിന്റെ അനുമതിയോടെ കെ.എസ്.ഇ.ബി.തന്നെ കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. പല സംസ്ഥാനങ്ങളും വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നത് ചൂണ്ടിക്കാട്ടി സർക്കാരിന് കെ.എസ്.ഇ.ബി. കത്തുനൽകിയിരുന്നു.

നിയന്ത്രണം ഏതുവിധേനയും ഒഴിവാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും കെഎസ്.ഇ.ബി. ചെയർമാൻ എം.ജി. രാജമാണിക്യവും നടത്തിയ ചർച്ചയിലാണ് തീരുമാനം.

എൻ.ടി.പി.സി.യുടെ രത്നഗിരി പവർ പ്ലാന്റിൽ നിന്നാണ് യൂണിറ്റിന് 30 രൂപ വിലയ്ക്ക് ഈ മാസം 30 വരെ 300 മെഗാവാട്ട് വാങ്ങുന്നത്. കൂടാതെ ഒഡിഷയിൽ നിന്നും ന്യൂക്ലിയർ പവർ കേർപ്പറേഷനിൽ നിന്നും 150 മെഗാവാട്ട് വീതം വാങ്ങാനും വാക്കാൽ ധാരണയായിട്ടുണ്ട്. ഒഡിഷയിൽ നിന്നുള്ളതിന് 10 രൂപയാണ് വില. ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ നിന്നുള്ളത് അനുവദിക്കുമ്പോഴേ വില നിശ്ചയിക്കൂ. ഇങ്ങനെ 600 മെഗാവാട്ട് വൈദ്യുതി കൂടുതൽ കിട്ടുന്നതോടെ നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ. ഇപ്പോൾ മിക്കയിടങ്ങളിലും രാത്രിയിൽ മൂന്നുനേരംവരെ വൈദ്യുതി മുടങ്ങുന്നുണ്ട്.

ഇതിനുപുറമേ, ബിഹാർ, മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വിതരണക്കമ്പനികളുമായി നേരിട്ട് സംസാരിച്ച് ലഭ്യമായത്ര വൈദ്യുതി വാങ്ങാൻ മൂന്ന്‌ കെ.എസ്.ഇ.ബി. ഡയറക്ടർമാർ തിങ്കളാഴ്ച പുറപ്പെടും.