കൊച്ചി: സിനിമകൾ ചിത്രീകരിക്കുമ്പോൾ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് വനിത കമ്മീഷൻ ആവശ്യപ്പെട്ടു. ഇതിനുപുറമെ, സിനിമയുടെ പ്രൊഡക്ഷൻ യൂണിറ്റുകളിൽ ലിംഗ അവബോധ പരിശീലനവും നിർബന്ധമാക്കണമെന്ന് കമ്മീഷൻ. ഹൈക്കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതിക്ക് മുന്നിൽ ഒരു അധിക രേഖയായാണ് ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. നേരത്തെ സംസ്ഥാന സർക്കാർ സിനിമ നയം രൂപീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, സിനിമയിൽ സ്ത്രീകളെ പോസിറ്റീവായി ചിത്രീകരിക്കണമെന്ന് നിർദേശം വെച്ചിരുന്നു. ഇതിന് കൂടുതൽ വിശാലമായ നിർവചനം നൽകുന്നതാണ് വനിത കമ്മീഷൻ റിപ്പോർട്ട്.
സിനിമയിൽ സ്ത്രീകളുടെ മാന്യതയും അന്തസും കാത്തുസൂക്ഷിക്കുന്ന തരത്തിലും ഭരണഘടനപരമായ അവകാശങ്ങൾ സംരക്ഷിക്കുന്ന രീതിയിലുമായിരിക്കണം സിനിമയിൽ സ്ത്രീകളെ ചിത്രീകരിക്കാൻ എന്നതാണ് പ്രധാന നിർദേശം. അഭിനേതാക്കൾ ചെയ്യുന്ന റോളുകൾ ഒരു സ്ത്രീക്ക് മാനഹാനി ഉണ്ടാക്കുന്നതോ അവരുടെ അന്തസിനെ ഇടിച്ചുതാഴ്ത്തുന്നതോ ആകരുതെന്നും നിർദേശത്തിൽ പറയുന്നു.
ഇതിനുപുറമെ, സിനിമയുടെ പ്രൊഡക്ഷൻ യൂണിറ്റുകളിൽ ലിംഗ അവബോധ പരിശീലന ക്ലാസുകൾ നിർബന്ധമായും നടത്തിയിരിക്കണമെന്നും വനിത കമ്മീഷൻ നിർദേശിക്കുന്നു. പ്രീ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട ഫിലിം സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് ഇത്തരം പരിശീലനങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.
ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ സ്‌ത്രീകൾക്ക് സാങ്കേതിക മേഖലയിൽ പരിശീലനം നൽകുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. ഇത്തരത്തിൽ പരിശീലനം ലഭിക്കുന്ന സ്ത്രീകൾക്ക് സിനിമയിൽ പ്രാമുഖ്യം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. ഇതിനായി സ്ത്രീകൾ സുപ്രധാന ഭാഗമാകുന്ന സിനിമകൾക്ക് നികുതി ഇളവുകളും മറ്റ് ഗ്രാന്റുകളും സർക്കാർ നൽകണമെന്നതും റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങളിലൊന്നാണ്.
Content Highlights: The Kerala Women Commission has urged the High Court to ensure women rights during film shoots
Published: 14 Oct 2024, 05:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented