കൊച്ചി: കൈതൊട്ടാൽ പൊള്ളുന്നവരുടെ കേസ് തെക്കുവടക്ക് അടിക്കുമെന്നും കോടതിയുടെ കൈ ചങ്ങലയ്ക്കിട്ടിട്ടില്ലാത്തതിനാൽ ഇത് അനുവദിക്കില്ലെന്നും ഹൈക്കോടതി. എസ്.എൻ.ഡി.പി. യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രോസിക്യൂഷൻ അനുമതി വൈകുന്നതിൽ പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീൻ. പ്രോസിക്യൂഷൻ അനുമതിയുടെ കാര്യത്തിൽ സെപ്റ്റംബർ 18-നകം തീരുമാനമെടുക്കാൻ കോടതിയിൽ ഹാജരായ പിന്നാക്കവികസന അഡീഷണൽ ചീഫ് സെക്രട്ടറി വീണ എൻ. മാധവന് നിർദേശം നൽകി. തീരുമാനമുണ്ടായില്ലെങ്കിൽ വിശദീകരണം നൽകാൻ അന്ന് നേരിട്ട് ഹാജരാകണമെന്നും നിർദേശിച്ചു.

To advertise here,

കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ മാരാരിക്കുളം സ്വദേശി എം.എസ്. അനിൽ നൽകിയ ഉപഹർജിയാണ് കോടതിയിലുള്ളത്. പ്രോസിക്യൂഷൻ അനുമതിയുടെ കാര്യത്തിൽ തീരുമാനമെടുക്കാത്തതിനാലാണ് അഡീഷണൽ ചീഫ് സെക്രട്ടറിയെ കോടതി വിളിച്ചുവരുത്തിയത്. ഒാഗസ്റ്റ് 14-ലെ ഹൈക്കോടതി ഉത്തരവ് വ്യാഴാഴ്ച മാത്രമാണ് ലഭിച്ചതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി വിശദീകരിച്ചു.

ഇതൊക്കെ തീരുമാനമെടുക്കാതിരിക്കാനുള്ള തന്ത്രമാണെന്ന് കോടതി വിമർശിച്ചു. അതല്ലെന്നും വീട്ടുപോയതാണെന്നും വിജിലൻസ് അഭിഭാഷകൻ വിശദീകരിച്ചു. തുടർച്ചയായി ഇത്തരം വീഴ്ചയുണ്ടാകുമ്പോൾ കരുതിക്കൂട്ടിയുള്ളതാണെന്നേ കരുതാനാകുവെന്നും കോടതി പറഞ്ഞു.

ചിലർക്കെതിരാകുമ്പോൾ തീരുമാനം വേഗത്തിലാകുകയും മറ്റുചിലരുടെ കാര്യത്തിൽ തീരുമാനം ഇല്ലാതിരിക്കുന്നതുമായ അവസ്ഥയുണ്ട്. ഇതൊന്നും അനുവദിക്കില്ല. ‌ ഫയൽ എത്തിക്കുന്ന കാര്യത്തിൽ സർക്കാർ അഭിഭാഷകനും വീഴ്ചയുണ്ടായെന്നും കോടതി കുറ്റപ്പെടുത്തി. ഇത് നീതിനിർവഹണത്തിന് എതിരായ നടപടിയാണെന്നും പറഞ്ഞു. വിഷയം 18-ന് വീണ്ടും പരിഗണിക്കും.

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പരാതിയെത്തുടർന്നാണ് മൈക്രോ ഫിനാൻസ് കേസ് രജിസ്റ്റർചെയ്തത്. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ‌പ്രസിഡന്റ് എൻ. സോമൻ, മൈക്രോഫിനാൻസ് കോഡിനേറ്റർ കെ.കെ. മഹേശൻ എന്നിവർ കെ.എസ്.ബി.സി.ഡി.സി. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.