തിരുവനന്തപുരം: ഐടിയിലൂടെയും അനുബന്ധ മേഖലകളിലൂടെയും സംസ്ഥാനത്തിന്റെ വികസന മുഖച്ഛായതന്നെ മാറ്റിയ ടെക്‌നോപാർക്ക് നാലാംഘട്ട വികസനത്തിനു പൂർണമായും സജ്ജമാകുന്നു. ഇതിന്റെ ഭാഗമായി ഫേസ് നാല് വിപുലീകരണത്തിനുള്ള സമഗ്ര മാസ്റ്റർപ്ലാൻ പുറത്തിറങ്ങി.

To advertise here,

ഐടിയിലെ നൂതന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സാങ്കേതികവിദ്യയുടെ അതിവേഗമുള്ള തുടർവികസനം സാധ്യമാക്കുന്ന തരത്തിലാണ് ഫേസ് നാല് ഒരുങ്ങുന്നത്. പള്ളിപ്പുറത്ത് ടെക്‌നോസിറ്റിയിൽ നഗരത്തിനുള്ളിലെ ഉപനഗരമെന്ന നിലയിലാണ് ഫേസ് നാല് ഒരുങ്ങുന്നത്. 389 ഏക്കറാണ് ആകെ വിസ്തൃതി. ലോകോത്തര ഐടി സൗകര്യങ്ങൾ, ഗവേഷണകേന്ദ്രങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ഓഫ് കേരള, സൺടെക് ബിൽഡിങ്, കബനി ഐടി ബിൽഡിങ്, വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ടിസിഎസ് ഐടി ഹബ്ബ് എന്നിവയും ഐടി പ്രൊഫഷണലുകൾക്കായുള്ള സമ്പൂർണ തൊഴിൽ -വിനോദ-ഷോപ്പിങ്-ഭവന സമുച്ചയമെന്ന രീതിയിൽ വിഭാവനം ചെയ്യുന്ന ക്വാഡും ഫേസ് നാലിലാണ്. 8.5 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ഐടി കെട്ടിടവും എട്ടുലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ഐടി അനുബന്ധ സമുച്ചയവുമാണ് ക്വാഡിലുള്ളത്.

ഇലക്ട്രോണിക്‌സ് ഉൾപ്പെടെ വളർന്നുവരുന്ന സാങ്കേതിക മേഖലകൾക്കായി പ്രത്യേക സോണുകൾ നാലാംഘട്ടത്തിൽ ആസൂത്രണംചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ നൈപുണ്യ വികസന മേഖല, ബഹിരാകാശ ഉപഗ്രഹ നവീകരണത്തിനായുള്ള കേരള സ്‌പേസ് പാർക്ക്, ചെറുകിട ഇടത്തരം സംരംഭങ്ങളെ വളർത്തുന്നതിനുള്ള എംഎസ്എംഇ ടെക്‌നോളജി സെന്റർ, കേരള സ്റ്റാർട്ടപ് മിഷനു കീഴിലുള്ള എമർജിങ് ടെക്‌നോളജി ഹബ്ബ്, നിർദിഷ്ട സെൻട്രൽ െഫാറൻസിക് സയൻസ് ലബോറട്ടറി, യൂണിറ്റി മാൾ എന്നിവയും നാലാംഘട്ടത്തിലെ പദ്ധതികളാണ്. 110 കെവി ഇലക്ട്രിക്കൽ സബ്‌സ്റ്റേഷനും മികച്ച ജലവിതരണ സംവിധാനം ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളും ഇവിടെയുണ്ട്.

ശക്തമായ ഡിജിറ്റൽ ആവാസവ്യവസ്ഥ സൃഷ്ടിക്കും

ആഗോള സുസ്ഥിര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതി ഊർജ കാര്യക്ഷമത, സുസ്ഥിര വാസ്തുവിദ്യ എന്നിവയുടെ സംയോജനത്തിന് ഊന്നൽ നൽകുന്നതാണ്. ഡൽഹി ആസ്ഥാനമായുള്ള സിപി കുക്രേജ ആർക്കിടെക്റ്റ്‌സാണ് 'വാക്ക് ടു വർക്ക്' എന്ന ആധുനിക ആശയം മുന്നോട്ടുെവക്കുന്ന മാസ്റ്റർപ്ലാൻ തയ്യാറാക്കിയിട്ടുള്ളത്. ആഗോള സാങ്കേതികകേന്ദ്രമായി മാറുന്നതിനുള്ള കേരളത്തിന്റെ യാത്രയിൽ സുപ്രധാന ചുവടുവയ്പായി ഫേസ് നാല് അടയാളപ്പെടുത്തും. ശക്തമായ ഡിജിറ്റൽ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള വിവിധ സൗകര്യങ്ങൾ സംയോജിപ്പിച്ചുള്ളതാണ് മാസ്റ്റർപ്ലാൻ.-കേണൽ (റിട്ട.) സഞ്ജീവ് നായർ, സിഇഒ ടെക്‌നോപാർക്ക്