പള്ളിക്കത്തോട്: പള്ളിക്കത്തോട്ടിൽ നടന്ന കലുങ്കു സൗഹൃദസദസ്സിലാണ് കുഞ്ഞ് ഇമ്മാനുവലിന് വീട് പണിത് നൽകാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വാക്ക് നൽകിയത്. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടും വീട് ലഭിക്കാതിരുന്നതോടെയാണ് ആനിക്കാട് ഓന്തേശേരിയിൽ ആന്റണി ദേവസ്യയും ഭാര്യ മഞ്ജുവും മക്കളായ ഇമ്മാനുവലിനും ഇവാനും ഒപ്പം സൗഹൃദസംഗമത്തിലെത്തിയത്.

To advertise here,

വീട് വേണമെന്ന ആവശ്യം ഇവർ അറിയിച്ചെങ്കിലും സുരേഷ് ഗോപി തന്റെ നിസ്സഹായവസ്ഥ പറഞ്ഞു. എന്നാൽ, സംഗമംകഴിഞ്ഞ് പോകുന്നതിന് മുൻപ് ഇമ്മാനുവൽ, ഇതേ ആവശ്യം ഉന്നയിച്ചു. കുട്ടിയുടെ മോശം ആരോഗ്യസ്ഥിതി മനസ്സിലാക്കിയ സുരേഷ് ഗോപി, തന്റെ മകളുടെ പേരിലുള്ള ചാരിറ്റബിൾ സൊസൈറ്റിയിൽനിന്ന് വീട് നിർമിക്കുന്നതിനുള്ള നാലുലക്ഷം രൂപ നൽകാമെന്ന് വാക്ക് നൽകിയിരുന്നു.

കദളിമറ്റത്ത് സേവാഭാരതി സൗജന്യമായി നൽകിയ സ്ഥലത്ത് വീട് നിർമാണത്തിന് ശനിയാഴ്ച ശിലയിട്ടു. സേവാഭാരതിയുടെ ചുമതലയുള്ള സി.എൻ. പുരുഷോത്തമൻ നമ്പൂതിരി, ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ. ഹരി, പള്ളിക്കത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. വിപിനചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, സേവാപ്രമുഖ് ആർ. രാജേഷ്, വാർഡ് അംഗങ്ങളായ വിജയൻ മാഷ്, അശ്വതി സതീഷ്, ആശാ ഗിരീഷ്, കൺവീനർ കെ.എസ്. ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.