ക്ലായിക്കോട്(കാസർകോട്): 'ഇനിയും കാത്തിരുന്നാൽ ഈ കാലവർഷത്തിലും കടമുറിക്കുള്ളിൽ കഴിയേണ്ടി വരും. അതിനാൽ പലരോടും കടം വാങ്ങി വീട് വാർത്തു.'- പറയുമ്പോൾ, സർക്കാരിനെതിരെയുള്ള പ്രതിഷേധവും കടക്കാരനായ സങ്കടവും നിറയുന്നു മുകുന്ദ്കുമാറിന്. ക്ലായിക്കോട് വില്ലേജിലെ കുണ്ടംപ്രദേശം സ്വദേശിയാണ് മുകുന്ദ്കുമാർ.

To advertise here,

കഴിഞ്ഞ വർഷം ജൂലായ് അഞ്ചിനാണ് ഇദ്ദേഹത്തിന്റെ വീടിന് നാശനഷ്ടമുണ്ടായത്. രണ്ടുമുറി വീടിന്റെ മേൽക്കൂര ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞതായിരുന്നു. ഇടവപ്പാതിയിലെ പേമാരിയ്ക്കിടെ ആഞ്ഞടിച്ച കാറ്റിൽ വെൽഡിങ് ചെയ്ത് ഉറപ്പിച്ച ഷീറ്റ് മുഴുവൻ പാറിപ്പോകുകയായിരുന്നു. അരക്കിലോമീറ്റർ അപ്പുറത്തേക്ക് ഷീറ്റിനെ വീശിയെറിഞ്ഞ് പൊടിച്ചുകളഞ്ഞു. പെരുമഴയിൽ വെള്ളം കയറി വീട്ടിലെ സാധനങ്ങളെല്ലാം നശിച്ചു.

കാർപ്പെന്റർ പണിയാണ് ഇദ്ദേഹത്തിന്. പണി സാധനങ്ങൾ, അതുമായി ബന്ധപ്പെട്ട മിനി യന്ത്രങ്ങൾ എല്ലാം ഉപയോഗിക്കാൻ പറ്റാതായി. അന്നുതന്നെ പ്രദേശത്തെ ഒരു കടമുറിയിലേക്ക് മാറിയതാണ്. ഇന്നും അവിടെത്തന്നെയാണ് താമസം. കെടുതിയുണ്ടായതിന് പിന്നാലെ പഞ്ചായത്തിൽ നിന്നും വില്ലേജ് കാര്യാലയത്തിൽനിന്നും ഉദ്യോഗസ്ഥരെത്തി റിപ്പോർട്ട് തയ്യാറാക്കി. നഷ്ടപരിഹാരത്തിന് വില്ലേജ് ഓഫീസിൽ അപേക്ഷ നൽകി. പഞ്ചായത്തിലെ എൻജിനീയർ വന്ന് നഷ്ടക്കണക്ക് തിട്ടപ്പെടുത്തി വില്ലേജ് ഓഫീസർക്ക് നൽകി.

ക്ലായിക്കോട് വില്ലേജ് ഓഫീസിൽനിന്ന് താലൂക്ക് ഓഫീസിലേക്കും അവിടെനിന്ന് കളക്ടറേറ്റിലേക്കും പിന്നീട് തിരുവനന്തപുരത്തേക്കും അപേക്ഷയും കണക്കും അതിവേഗമെത്തി. അതിനപ്പുറത്തേക്ക് ഒന്നും നടന്നില്ല. ഓരോ ദിവസവും നഷ്ടപരിഹാരത്തുകയ്ക്കായുള്ള കാത്തിരിപ്പായിരുന്നു മുകുന്ദ്കുമാറിന്റേത്. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ വിളിച്ച് പലതവണ ചോദിച്ചു. ഉദ്യോഗസ്ഥർ ബന്ധപ്പെടുമെന്നല്ലാതെ മറ്റൊരു മറുപടിയും അവിടെ നിന്നുണ്ടായിട്ടില്ലെന്നും ഒരു ഉദ്യോഗസ്ഥനും ബന്ധപ്പെട്ടിട്ടില്ലെന്നും മുകുന്ദ്കുമാർ പറയുന്നു. രണ്ടു ലക്ഷം രൂപയോളം കടം വാങ്ങിയാണ് വീട് വാർക്കുന്നതടക്കമുള്ള പണി നടത്തുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

രണ്ടുവർഷത്തിനിടെ നയാപൈസ കിട്ടിയില്ല...

ജില്ലയിൽ രണ്ടുവർഷത്തിനിടെ കാലവർഷക്കെടുതിയിൽ തകർന്ന ഒരു വീടിന് പോലും നയാപൈസ കിട്ടിയിട്ടില്ല. ക്ലായിക്കോട് വില്ലേജിൽ ക്ലായിക്കോട്, വെള്ളാട്ട് തുടങ്ങിയ പ്രദേശങ്ങളിലുൾപ്പെടെ പത്തിലധികം വീട്ടുകാർ നഷ്ടപരിഹാരത്തിനായി കാത്തുനിൽക്കുന്നു. 2024ലെ ഇടവപ്പാതിയിലും കർക്കടകപ്പേമാരിയിലും വലിയ നഷ്ടമാണ് ജില്ലയിലെ പലയിടത്തുമുണ്ടായത്. പൂർണമായും ഭാഗികമായും തകർന്ന എത്രയോ വീടുകൾ. കഴിഞ്ഞ വർഷം കനത്തമഴയിലും കാറ്റിലും വിവിധ ദിവസങ്ങളിലായി തകർന്നത് നിരവധി വീടുകൾ. ഓടുകൾ പാറിപ്പോയതും മരം വീണ് വീടിന്റെ വാർപ്പ് ടെറസുകൾ പൊട്ടിയതും ചെറിയ കൂരകളുടെ മേൽക്കുരയായുണ്ടായിരുന്ന ഷീറ്റുകൾ നിലംപൊത്തിയതും അങ്ങനെ ഒരുപാട് വീടുകൾക്ക് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. രണ്ടു വർഷവും അതത് വില്ലേജ് ഓഫീസുകളിൽനിന്ന് കൃത്യമായ കണക്ക് രേഖപ്പെടുത്തി ദിവസങ്ങൾക്കുള്ളിൽ അയച്ചിരുന്നു. ഒരുമാസം തികയും മുൻപേ താലൂക്ക്തലത്തിൽനിന്നും കളക്ടറേറ്റിൽ നിന്നും നഷ്ടപരിഹാര കണക്കുകൾ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടുകളും അയച്ചു.