ദുർബലവിഭാഗക്കാർക്കുള്ള പ്രധാനമന്ത്രി ആവാസ് യോജനയിൽ അനുവദിച്ച വീട് നിർമിക്കാനൊരുങ്ങി കുരുക്കിലായിരിക്കുകയാണ് ബളാലിലെ കുളത്തുംകാൽ തങ്കമണിയും ഭർത്താവ് ഗോവിന്ദനും.

തങ്കമണിയും ഭർത്താവ് ഗോവിന്ദനും വാടകവീട്ടിൽ
വെള്ളരിക്കുണ്ട് (കാസർകോട്): വിലയ്ക്ക് വാങ്ങിയ എട്ടുസെന്റിൽ വീട് നിർമിക്കാൻ നിലമൊരുക്കിയപ്പോൾ 50 മീറ്റർ ദൂരത്തേക്ക് മണ്ണ് മാറ്റിയിട്ടതിന് ജിയോളജി വകുപ്പ് പിഴയായി അടയ്ക്കാൻ ആവശ്യപ്പെട്ടത് ഒരുലക്ഷം രൂപ. ദുർബലവിഭാഗക്കാർക്കുള്ള പ്രധാനമന്ത്രി ആവാസ് യോജനയിൽ അനുവദിച്ച വീട് നിർമിക്കാനൊരുങ്ങി കുരുക്കിലായിരിക്കുകയാണ് ബളാലിലെ കുളത്തുംകാൽ തങ്കമണിയും ഭർത്താവ് ഗോവിന്ദനും. കുന്ന് മുഴുവനായി ഇടിച്ചുതീർത്ത് മണ്ണെടുക്കുമ്പോഴും നടപടിയില്ലാത്തിടത്താണ് പിഎംഎവൈയിൽ ലഭിച്ച വീട് നിർമിക്കാൻ മണ്ണ് നീക്കിയതിന് നടപടി വന്നത്.
പഞ്ചായത്ത് ഒാഫീസിനടുത്ത് പരിമിതസൗകര്യങ്ങളുള്ള വാടകമുറിയിൽ താമസിച്ച് ഹോട്ടൽ നടത്തി നിത്യവൃത്തികഴിയുകയാണ് ഈ ദമ്പതിമാർ. മലമുകളിൽ 29 സെന്റ് സ്ഥലവും ചെറിയൊരു വീടുമുണ്ടായിരുന്നു. ഭർത്താവിന് കാഴ്ച കുറയുകയും രോഗാവസ്ഥയിലാകുകയും ചെയ്തതോടെ സൗകര്യമുള്ള സ്ഥലത്ത് ഒരുവീട് വേണമെന്നായി. ഇതിനായി ബളാൽ രാജപുരം റോഡിനോട് ചേർന്ന് ബളാൽ ടൗണിനടുത്ത് എട്ടുസെന്റ് വാങ്ങിയത് മൂന്നുവർഷം മുമ്പ്. പഞ്ചായത്ത് ഒാഫീസ് കവലയിൽനിന്ന് 250 മീറ്റർ അകലെ.
വീടിനായി അപേക്ഷ സമർപ്പിച്ചു. പിഎംഎവൈയിൽ അനുവദിച്ചു. നിർമാണത്തിലേക്ക് കടന്നപ്പോൾ പ്രശ്നം തുടങ്ങി. ചെരിഞ്ഞ ഭൂമിയായതിനാൽ നിരപ്പാക്കേണ്ടിവന്നു. ഇടിച്ച് നിരത്തിയപ്പോൾ മണ്ണ് ബാക്കിവന്നു. റോഡിന് എതിർവശത്ത് വേറൊരാളുടെ കൃഷിയിടത്തിലേക്ക് മണ്ണ് മാറ്റിയിട്ടു. പാറക്കൂട്ടവും പൊട്ടിച്ചുമാറ്റി. ഇതിനിടയിൽ ജിയോളജി വകുപ്പിനുമുമ്പിൽ പരാതിയെത്തി. പരിശോധന നടന്നു. അനധികൃതമായി മണ്ണ് ഖനനം നടത്തിയെന്നാണ് കണ്ടെത്തൽ. ബന്ധപ്പെട്ട് നിയമത്തിലെ വകുപ്പ് ഒന്ന്, ചട്ടം രണ്ട്, മൂന്ന് പ്രകാരം നടപടിയെടുക്കുമെന്നാണ് വിശദീകരണം ആവശ്യപ്പെട്ടുള്ള നോട്ടീസിൽ പറയുന്നത്. നോട്ടീസിന് വിശദീകരണം നൽകാൻ തങ്കമണി ജിയോളജി വകുപ്പധികൃതരുടെ മുമ്പിലെത്തി. ഒരുലക്ഷം രൂപ പിഴവരുമെന്നാണ് അധികൃതർ ആദ്യം പറഞ്ഞത്. കാര്യങ്ങൾ ബോധ്യപ്പെട്ടപ്പോൾ ഇത് 50,000 ആക്കികുറച്ചതായി തങ്കമണി പറയുന്നു. 5000 പോലും കൈയിലില്ലെന്ന് പറഞ്ഞ് കൈമലർത്തുന്നു അവർ. വീട് പണി പാതിവഴിയിലാണ്. നാലുലക്ഷം രൂപയാണ് സഹായമായി ലഭിക്കുക. ബാക്കിതുക കണ്ടെത്തണം. ഇതിനിടയിൽ പിഴയടയ്ക്കാൻ വഴിതേടി അലയുകയാണ് ഈ കുടുംബം. വാടകവീട്ടിൽ അസൗകര്യങ്ങളുടെ നടുവിലാണ് താമസിക്കുന്നത്. ഹോട്ടലിനും താമസത്തിനും മാസം 5,000 രൂപ വാടകവേണം.
Content Highlights: A Kerala couple building a PM Awas Yojana home faces a Rs 1 lakh fine for using soil for leveling. Facing hardship, they seek help to pay the penalty and complete their house.
Published: 09 Nov 2025, 06:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented