കണ്ണൂർ: കെ-റെയിൽയിൽ ഒരു നാടുമുഴുവൻ എതിർത്തതാണെന്നും അതിവേഗ റെയിലുമായി മുന്നോട്ടുവന്നാലും അതുപോലെ അതിശക്തമായി എതിർക്കുമെന്നും കോൺഗ്രസ് എംപി കെ. സുധാകരൻ. അതിവേഗ റെയിൽപാതയ്ക്കെതിരെയും ശക്തമായ സമരം നടത്തുമെന്ന് അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

To advertise here,

അതിവേഗ റെയിൽപാത വന്നാൽ ഉണ്ടാകുന്ന പ്രയാസം ചെറുതല്ല. ജനങ്ങൾക്ക് ഉൾക്കൊള്ളാൻ ആകാത്ത വികസനം നാടിന് ആവശ്യമില്ല. കെ റെയിലിൽ പദ്ധതിയെ ഒരു നാട് മുഴുവൻ എതിർത്തതാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സുധാകരൻ രംഗത്തെത്തി. വർഗീയതയുടെ രാജാവായി പിണറായി വിജയൻ മാറിയെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു നേതാവ് വർഗീയതയുടെ വക്താവായി മാറിയത്. പിണറായി വിജയനാണ് എല്ലാത്തിനും ചുക്കാൻ പിടിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തോട് പാർട്ടി തീരുമാനിച്ചാൽ കണ്ണൂരിൽ മത്സരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി ഇതുവരെയും തന്റെ അഭിപ്രായം ചോദിച്ചിട്ടില്ല. ചോദിക്കുമെന്നാണ് കരുതുന്നത്. എല്ലാം പാർട്ടി തീരുമാനിക്കട്ടെയെന്നും സുധാകരൻ പറഞ്ഞു.