തിരുവനന്തപുരം: കഴിഞ്ഞവർഷം തിരുവനന്തപുരത്ത് നടന്ന 67-ാമത് സംസ്ഥാന സ്‌കൂൾ കായിക മേളയോടനുബന്ധിച്ചുള്ള മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്. വിവിധ വിഭാഗങ്ങളിലായി ഏഴ് മാധ്യമ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.

To advertise here,

പ്രിന്റ് വിഭാഗത്തിൽ മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌കാരം മാതൃഭൂമിയുടെ ബി. മുരളീകൃഷ്ണന് ലഭിച്ചു. വിജയവണക്കം എന്ന ചിത്രത്തിനാണ് പുരസ്‌കാരം. വിഷ്വൽ മീഡിയാ വിഭാഗത്തിൽ മികച്ച ക്യാമറാമാനുള്ള പുരസ്‌കാരത്തിന് മാതൃഭൂമി ന്യൂസിലെ വി. വിജു അർഹനായി. 20,000 രൂപയും സർട്ടിഫിക്കറ്റുമടങ്ങുന്നതാണ് പുരസ്‌കാരം.

പ്രിന്റ് വിഭാഗത്തിലെ സമഗ്ര കവറേജിനുള്ള പുരസ്‌കാരം-മലയാള മനോരമ, മികച്ച പത്ര റിപ്പോർട്ടർ-ദേശാഭിമാനിയിലെ പ്രദീപ് ഗോപാൽ (വാർത്ത: മരണം തോറ്റു, ജോവിയ വിജയിച്ചു), വിഷ്വൽ മീഡിയയിലെ സമഗ്ര കവറേജിനുള്ള പുരസ്‌കാരം-ഏഷ്യാനെറ്റ് ന്യൂസ്, മികച്ച ടെലിവിഷൻ റിപ്പോർട്ടർ-മഹേഷ് പോലൂർ (മീഡിയാ വൺ), മികച്ച ശ്രവ്യ മാധ്യമം-ആകാശവാണി.

കമാൽ വരദൂർ (മാധ്യമപ്രവർത്തകൻ, ചന്ദ്രിക), കെ. വിശ്വനാഥൻ (മാധ്യമപ്രവർത്തകൻ, മാതൃഭൂമി), ഒളിമ്പ്യൻ കുഞ്ഞുമുഹമ്മദ് (അസിസ്റ്റന്റ് സ്‌പോർട്‌സ് ഓർഗനൈസർ) എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരജേതാക്കളെ തിരഞ്ഞെടുത്തത്. ശനിയാഴ്ച കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സമാപന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.