തിരുവനന്തപുരം: ദീർഘകാലമായി ടാക്‌സ് അടയ്ക്കാതെ നികുതി കുടിശ്ശികയായി കിടക്കുന്ന വാഹനങ്ങൾക്കായി സർക്കാർ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വീണ്ടും നടപ്പിലാക്കുന്നു.

To advertise here,

2022 മാർച്ച് 31-ന് ശേഷം ടാക്‌സ് അടക്കാൻ കഴിയാത്തതും അതിന് മുൻപ് എത്ര കാലത്തേക്കും നികുതി കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് മോട്ടോർ വാഹന വകുപ്പ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

നാല് വർഷത്തിൽ കൂടുതലായി എത്ര കാലത്തെ കുടിശ്ശികയുണ്ടെങ്കിലും 01.04.2022 മുതൽ 31.03.2026 വരെയുള്ള നികുതി കുടിശ്ശികയുടെ നിശ്ചിത ശതമാനം തുക മാത്രം അടച്ച് തീർപ്പാക്കാൻ ഈ പദ്ധതി അവസരം നൽകുന്നു.

മോട്ടോർ വാഹനവകുപ്പ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം

ദീർഘകാലമായി ടാക്‌സ് അടക്കാതെ നികുതി കുടിശ്ശികയായികിടക്കുന്ന മോട്ടോർ വാഹനങ്ങൾക്കായി കേരള സർക്കാർ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (#OneTimeSettlementScheme) വീണ്ടും നടപ്പിലാക്കുന്നു.

2022 മാർച്ച് 31-ന് ശേഷം ടാക്‌സ് അടക്കാൻ കഴിയാത്തതും അതിന് മുൻപ് എത്ര കാലത്തേക്കും നികുതി കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം.

നാല് വർഷത്തിൽ കൂടുതലായി എത്ര കാലത്തെ കുടിശ്ശികയുണ്ടെങ്കിലും 01.04.2022 മുതൽ 31.03.2026 വരെയുള്ള നികുതി കുടിശ്ശികയുടെ നിശ്ചിത ശതമാനം തുക മാത്രം താഴെ പറയുന്ന നിരക്കിൽ അടച്ച് തീർപ്പാക്കാൻ ഈ പദ്ധതി അവസരം നൽകുന്നു:

നോൺ-ട്രാൻസ്‌പോർട്ട് (Private) വാഹനങ്ങൾ: 2026 മാർച്ച് 31 വരെയുള്ള നാല് വർഷത്തെ നികുതി കുടിശ്ശികയുടെ 40 ശതമാനം മാത്രം.

ട്രാൻസ്‌പോർട്ട് വാഹനങ്ങൾ: 2026 മാർച്ച് 31 വരെയുള്ള നാല് വർഷത്തെ നികുതി കുടിശ്ശികയുടെ 30 ശതമാനം മാത്രം.

ഈ ഒറ്റത്തവണ നികുതി തീർപ്പാക്കൽ സൗകര്യം 2027 മാർച്ച്31 വരെ ലഭ്യമായിരിക്കും. പദ്ധതി പ്രയോജനപ്പെടുത്തുന്ന വാഹന ഉടമകളെ ഗ്രീൻ ടാക്‌സ് അടയ്ക്കുന്നതിൽനിന്നും ക്ഷേമനിധി രസീത് ഹാജരാക്കുന്നതിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.

മോഷ്ടിക്കപ്പെട്ടതോ പൊളിച്ചുമാറ്റിയതോ ഉപയോഗശൂന്യമായതോ ആയ വാഹനങ്ങളുടെ ഉടമകൾക്ക് മതിയായ രേഖകൾ സമർപ്പിച്ചാൽ നികുതി ബാധ്യതയിൽനിന്ന് ഇളവ് ലഭിക്കുന്നതാണ്. റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്കും നികുതിയോടൊപ്പം റവന്യു കളക്ഷൻ ചാർജ് അടച്ച് ഈ പദ്ധതിയുടെ പ്രയോജനം നേടാം.

വാഹനം നിലവിലില്ല എന്ന നിലയിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ബാധ്യത അവസാനിപ്പിച്ച വാഹനം ഭാവിയിൽ റോഡിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ ഇളവില്ലാതെ യഥാർത്ഥ നികുതി പൂർണ്ണമായും ഒടുക്കേണ്ടിവരുന്നതാണ്.