കൊച്ചി: ചേരാനല്ലൂരിൽ സ്‌കൂട്ടർ യാത്രികന്റെ മരണത്തിന് ഇടയാക്കിയ കാറപകടത്തിൽ പ്രായപൂർത്തിയാകാത്ത മകൻ ഉൾപ്പെട്ടതിനെ തുടർന്ന് കേസെടുത്ത അഡീഷണൽ ജില്ലാ ജഡ്ജിക്ക് വ്യാഴാഴ്ച കേരള ഹൈക്കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചു. ജഡ്ജി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവ് പുറപ്പെടുവിച്ചത്. അപകടം നടന്നതായി അറിഞ്ഞതിന് തൊട്ടുപിന്നാലെ ജഡ്ജി തെളിവുകളിൽ തിരിമറി നടത്തി എന്നാരോപിച്ച വാദിഭാഗം ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. എന്നാൽ നിയമപ്രകാരം മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ എന്ന് വ്യക്തമാക്കിയ കോടതി, പ്രതിക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം അനുവദിക്കുകയായിരുന്നു.

To advertise here,

ഒക്ടോബർ 25-ന് കൊച്ചി ചേരാനല്ലൂരിൽവെച്ച് പ്രതിയായ ജഡ്ജിയുടെ 17 വയസ്സുള്ള മകൻ ഓടിച്ച മെഴ്സിഡസ് ബെൻസ് കാർ ഇരുചക്രവാഹനത്തിലിടിച്ചാണ് ജയബാലകൃഷ്ണൻ എന്ന സ്‌കൂട്ടർ യാത്രക്കാരൻ കൊല്ലപ്പെട്ടത്. തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിൽ (MACT) സേവനമനുഷ്ഠിക്കുന്ന ജഡ്ജിയെ അപകടത്തിന് ശേഷം പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പ്രതിയാക്കുകയായിരുന്നു.

ഭാരതീയ ന്യായ സംഹിത, 2023 (BNS) ലെ സെക്ഷൻ 105 (കൊലപാതകമല്ലാത്ത നരഹത്യ), മോട്ടോർ വാഹന നിയമം, 1988-ലെ (MVA) സെക്ഷൻ 181, 183, 199A (1), 199A (2) എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ. തയ്യാറാക്കിയിരിക്കുന്നത്. ഒരു മൈനർ മോട്ടോർ വാഹന കുറ്റകൃത്യം ചെയ്യുമ്പോൾ, നിയമപരമായ ചില അപവാദങ്ങൾക്ക് വിധേയമായി, രക്ഷിതാവോ വാഹന ഉടമയോ ഉത്തരവാദിയാണെന്ന് കരുതപ്പെടുകയും അവർക്കെതിരെ കേസെടുത്ത് ശിക്ഷിക്കുകയും ചെയ്യാം എന്ന് സെക്ഷൻ 199A വ്യവസ്ഥ ചെയ്യുന്നത്.

മുൻകൂർ ജാമ്യം തേടി കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ, വാഹനം അവിടെനിന്ന് മാറ്റിയതിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്ന് ജഡ്ജി അവകാശപ്പെട്ടു. താൻ ഉറങ്ങിക്കിടക്കുമ്പോൾ മൈനറായ മകൻ രഹസ്യമായി വാഹനമെടുത്തുപോയി. അപകടത്തിൽപ്പെട്ട വിവരം ഫോൺ കോളിലൂടെ അറിഞ്ഞപ്പോൾ മാത്രമാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. 

'മൈനറായ കുട്ടി രഹസ്യമായി വാഹനവുമെടുത്ത് പോകുമ്പോൾ വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന രക്ഷിതാവിന് ബി.എൻ.എസ്. സെക്ഷൻ 105 പ്രകാരമുള്ള അറിവ് ഉണ്ടെന്ന് ചുമത്തുന്നത് നിയമപരമായി നിലനിൽക്കാത്തതും ക്രിമിനൽ നിയമ തത്വങ്ങൾക്ക് അടിസ്ഥാനപരമായി എതിരുമാണ്.' എന്നാണ് ഹർജിയിലെ പ്രധാന വാദം. പ്രതിയായ ജഡ്ജിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ പി. വിജയഭാനു, അഭിഭാഷകൻ ജോൺ എസ്. റാൽഫ് എന്നിവരാണ് ഹാജരായത്.

പിന്നാലെയാണ്, ജഡ്ജിയെ നാലുമണിക്കൂർ ചോദ്യംചെയ്തതിന്റെയും ഇനിയും ചോദ്യം ചെയ്യേണ്ടതിന്റെയും ആവശ്യകതയെ കോടതി ചോദ്യംചെയ്തത്. പ്രതി ഒരു ജഡ്ജി ആയതിനാൽ അന്വേഷണത്തോട് സഹകരിക്കുമെന്നും കോടതി വ്യക്തമാക്കി. 'മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ഹർജിക്കാരനെ പോലീസ് അറസ്റ്റ് ചെയ്യരുത്. എന്നിരുന്നാലും, അദ്ദേഹം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, ആവശ്യപ്പെടുന്ന മുറയ്ക്ക് വീണ്ടും ഹാജരാകേണ്ടതുമാണ്. ഹർജിക്കാരനെ ചോദ്യം ചെയ്യുന്നത് സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായിട്ടായിരിക്കണം.' എന്നാണ് കോടതി ഉത്തരവിൽ പറയുന്നത്.

ജഡ്ജി ഇന്നലെ പോലീസിന് മുന്നിൽ ഹാജരാകുകയും നാലുമണിക്കൂറിലധികം ചോദ്യം ചെയ്യലിന് വിധേയനാകുകയും ചെയ്തുവെന്ന്, ആരോപണവിധേയനായ ജഡ്ജിക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ പി. വിജയഭാനു കോടതിയെ അറിയിച്ചു. പോലീസിന് മുന്നിൽ ഹാജരാകാൻ മറ്റൊരു നോട്ടീസ് കൂടി തുടർന്ന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന്, 'അദ്ദേഹത്തെ നാലുമണിക്കൂർ ചോദ്യം ചെയ്തതിന്റെയും ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യുന്നതിന്റെയും ആവശ്യമെന്താണ്? അദ്ദേഹത്തിന്റെ അറസ്റ്റ് എന്തിനാണ് ആവശ്യപ്പെടുന്നത്? അദ്ദേഹം ഒരു ജുഡീഷ്യൽ ഓഫീസറാണ്, അന്വേഷണത്തോട് സഹകരിക്കുകയും ചെയ്യും.' കോടതി പറഞ്ഞു.

അതേസമയം, അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ പ്രതിനിധീകരിച്ച അഭിഭാഷകൻ ജാമ്യാപേക്ഷയെ എതിർത്തു. അപകടവിവരം അറിഞ്ഞ ഉടൻ പ്രതിയായ ജഡ്ജി തെളിവുകളിൽ തിരിമറി നടത്തിയെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ നിയമപ്രകാരം മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ എന്ന് വ്യക്തമാക്കിയ കോടതി, പ്രതിക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം അനുവദിക്കുകയായിരുന്നു. ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് സമർപ്പിക്കാൻ പ്രോസിക്യൂട്ടറോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഒക്ടോബർ 26-ന് എറണാകുളത്തെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ജഡ്ജിയുടെ മകന് ജാമ്യം അനുവദിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. അതിനിടെ, അപകടത്തിൽ മരിച്ചയാളുടെ കുടുംബം ജുഡീഷ്യൽ ഓഫീസറുടെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി.

അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കുന്നതിനായി ഹൈക്കോടതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഒക്ടോബർ 27-ന് പ്രാഥമിക യോഗം ചേർന്നതായാണ് വിവരം. പോലീസ് അന്വേഷണം നടന്നു വരുന്നതിനാൽ, ജുഡീഷ്യൽ ഓഫീസർക്കെതിരെ നിലവിൽ നടപടികളൊന്നും എടുക്കേണ്ടതില്ലെന്നും അന്വേഷണ ഏജൻസിയിൽ നിന്നുള്ള തുടർ വിവരങ്ങൾക്കായി കാത്തിരിക്കാനും കമ്മിറ്റി തീരുമാനിച്ചതായും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.