പത്തനംതിട്ട: ദേശീയശ്രദ്ധ നേടിയ തീര്‍ഥാടനകേന്ദ്രമായിട്ടും കേന്ദ്രബജറ്റില്‍ ശബരിമലയ്ക്കുവേണ്ടി പദ്ധതികള്‍ വന്നില്ല. പണമില്ലായ്മയാണ് ശബരിമല വികസനത്തിനുള്ള പ്രധാന തടസ്സമെന്നിരിേക്കയാണ് ഈ അവഗണന. ശബരിമലയ്ക്ക് പണം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള കാര്യമായ നീക്കം സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നതും മറ്റൊരു വീഴ്ച.

To advertise here,

സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി 1033.62 കോടി രൂപയുടെ ലേ ഔട്ട് പ്ലാനുകള്‍ക്കാണ് സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിനുമാത്രമായി ഇത്രയും തുക കണ്ടെത്താന്‍ കഴിയില്ല. ശബരിമലയ്ക്കുമാത്രമായി രൂപവത്കരിച്ച ഉന്നതാധികാരസമിതിയുടെ പക്കലും പണമില്ല.

25 കൊല്ലം മുന്‍കൂട്ടിക്കണ്ടുള്ള വികസനം ശബരിമലയില്‍ നടപ്പാക്കുമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ശബരിമല വികസനത്തിനുള്ള മാസ്റ്റര്‍പ്ലാനില്‍ നിര്‍ദേശിച്ച തുകയുടെ ചെറിയ ശതമാനം സംസ്ഥാനബജറ്റുകളില്‍ അനുവദിക്കാറുണ്ട്. എന്നാല്‍, അത് കിട്ടുന്നതിലും തടസ്സങ്ങളുണ്ട്.

ശബരിമല വികസനത്തിന് തുകയനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് സംസ്ഥാനത്തുനിന്ന് ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമാക്കി പ്രഖ്യാപിച്ച് തുകയനുവദിക്കുമെന്ന പ്രതീക്ഷ, മുന്‍ കേന്ദ്രബജറ്റുകളിലും ഉണ്ടായിരുന്നു. നടക്കാതെപോയ ആ പ്രതീക്ഷ ഇക്കുറിയും ഉണ്ടായിരുന്നു.

മൂന്നുവര്‍ഷംമുന്‍പ് തീര്‍ഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 കോടി രൂപ ദേവസ്വത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതാണ് ഒടുവില്‍ ശബരിമലയ്ക്ക് കിട്ടിയ സഹായം. പമ്പമുതല്‍ നീലിമലവഴി ശരംകുത്തിവരെയുള്ള പാതയില്‍ കരിങ്കല്ല് പാകിയത് ഈ പണംകൊണ്ടാണ്.

ചെങ്ങന്നൂര്‍-പമ്പ റെയില്‍പ്പാത സംബന്ധിച്ച പ്രഖ്യാപനം ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. സന്നിധാനത്ത് ക്ഷേത്രം നില്‍ക്കുന്ന ഭാഗത്ത് സമ്പൂര്‍ണ നവീകരണമാണ് മാസ്റ്റര്‍പ്ലാനില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് 300 കോടി രൂപയുടെ പദ്ധതിയും സംസ്ഥാനം തയ്യാറാക്കിയിട്ടുണ്ട്.

പതിനെട്ടാംപടി കയറിച്ചെല്ലുമ്പോള്‍ ക്ഷേത്രംമാത്രം കാണുന്ന രീതിയിലുള്ള വികസനമാണ് വിഭാവനം ചെയ്തിട്ടുള്ളത്. പമ്പ ഹില്‍ടോപ്പില്‍നിന്ന് ഗണപതിക്ഷേത്രമുറ്റംവരെയുള്ള സുരക്ഷാപാലമാണ് മറ്റൊരു പദ്ധതി. 31.9 കോടി രൂപയുടേതാണിത്. നിലയ്ക്കലില്‍ സമ്പൂര്‍ണവികസനത്തിനുള്ള പദ്ധതിക്കും പണമില്ലാത്തതാണ് പ്രശ്‌നം. സംസ്ഥാനസര്‍ക്കാര്‍ ചോദിച്ചില്ല, കേന്ദ്രം അറിഞ്ഞ് ചെയ്തുമില്ല-ഇതാണ് ശബരിമലയുടെ കാര്യത്തില്‍ സംഭവിച്ചത്.