ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ അവതാര പുരുഷനാണെന്നും എന്നാൽ, ഒരു നവോത്ഥാന നായകൻ എന്ന സ്ഥാനത്തിനപ്പുറത്തേക്ക് അദ്ദേഹത്തെ അംഗീകരിക്കാൻ നാം തയ്യാറാകാത്തത് ശരിയല്ലെന്നും പത്തനംതിട്ട ശ്രീരാമകൃഷ്ണ മഠത്തിലെ ആപ്തലോകാനന്ദ സ്വാമിജി മഹാരാജ് പറഞ്ഞു.

To advertise here,

ശിവഗിരിയിൽ ശ്രീനാരായണഗുരുവിന്റെ 98-ാമത് മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായുള്ള മഹാപരിനിർവാണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവന് അർഹമായ സ്ഥാനം മലയാളികൾ കൊടുത്തിട്ടുണ്ടോയെന്ന് നാം സ്വയം ചോദിക്കണം. നവോത്ഥാന നായകൻ എന്നതിനേക്കാൾ എത്രയോ അപ്പുറമായിരുന്നു ഗുരുദേവൻ. കാലാകാലങ്ങളിൽ ഭരിച്ച സർക്കാരുകൾ അവരുടെ രാഷ്ട്രീയചിന്തകൾക്കും ആദർശങ്ങൾക്കും അനുസരിച്ച് ഗുരുദേവനെ വ്യാഖ്യാനിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഗുരുദേവനെ വിലയിരുത്താനും പഠിക്കാനും പഠിപ്പിക്കാനും കഴിവുള്ള ആരും ഇന്ന് കേരളസമൂഹത്തിലുണ്ടെന്നു പറയാൻ സാധിക്കില്ല. സമൂഹത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തുന്നതിന് ഗുരുദേവന് വിവാദ പ്രസ്താവനകൾ വേണ്ടിവന്നില്ല. വാദിക്കേണ്ടിയും ജയിക്കേണ്ടിയും വന്നില്ല.

രാഷ്ട്രീയപാർട്ടികൾ പറയുന്നത് അവർ നിലനിൽക്കുന്നതുതന്നെ മതേതരത്വത്തിനു വേണ്ടിയാണെന്നാണ്. ഭാരതത്തിൽ മതേതരത്വം വന്നത് ഭരണഘടനയിൽ എഴുതിവെച്ചതുകൊണ്ടോ രാഷ്ട്രീയപ്രസ്ഥാനങ്ങൾ അതിനുവേണ്ടി പ്രവർത്തിച്ചതുകൊണ്ടോ അല്ല. ഗുരുദേവനെപ്പോലെയുള്ള അവതാര പുരുഷന്മാർ കാണിച്ചുതന്ന മാർഗത്തിലൂടെ സഞ്ചരിച്ചുവന്ന നമ്മുടെ പൂർവികരാണ് ഇവിടെവന്ന എല്ലാവരെയും രണ്ടു കൈയുംനീട്ടി സ്വീകരിച്ച് പ്രവർത്തിക്കാൻ അവസരം കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഗുരുദേവൻ ഏതൊരു സത്യത്തിന്റെ സാഫല്യതയ്ക്കു വേണ്ടിയാണോ ശ്രമിച്ചത് അതിൽനിന്ന് നാം മുന്നോട്ടുപോയോ, ഇപ്പോൾ പിന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നുവോയെന്ന് ചിന്തിക്കണമെന്ന് അധ്യക്ഷനായ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ശ്രീനാരായണ ഭക്തർ അത് നല്ലവണ്ണം മനസ്സിലാക്കി അറിഞ്ഞ് ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. വർത്തമാന കാലഘട്ടത്തിൽ നാം നേരിടുന്ന പ്രതിസന്ധികൾക്കു പ്രത്യൗഷധമായി ഗുരുദർശനം നിലകൊള്ളുമ്പോഴാണ് അതിന്റെ പ്രസക്തി വർധിക്കുന്നതെന്ന് ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ശ്രീനാരായണധർമം പരിപാലിക്കാൻ ബാധ്യസ്ഥരായ പലരും അതിനു വിരുദ്ധമായി പ്രവർത്തിക്കുന്ന സാഹചര്യം കണ്ടില്ലെന്നു നടിക്കാൻ കഴിയില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുൻ മന്ത്രി വി.എം. സുധീരൻ പറഞ്ഞു.

മദ്യവും മയക്കുമരുന്നും നമ്മുടെ നാടിനെ ഗ്രസിക്കുന്ന മഹാവിപത്തുകളാണ്. ലഹരിക്കെതിരേ പ്രവർത്തിക്കുന്ന സർക്കാരും മറ്റുള്ളവരും മദ്യം എന്ന വാക്ക് പറയാൻ തയ്യാറാകുന്നില്ല. ഗുരുദേവൻ വിഭാവനംചെയ്ത മദ്യരഹിതമായ സമൂഹം വളർത്തിയെടുക്കുന്നതിനു പകരം മദ്യ, ലഹരി വ്യാപനത്തിന്റെ നടത്തിപ്പുകാരായി ഭരണകൂടങ്ങൾ മാറുന്ന പ്രതികൂല സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണങ്ങൾ നടത്തി. ആന്ധ്രയിലെ ഗുരുദേവശിഷ്യ സദ്ഗുരു മലയാളസ്വാമി ശിഷ്യൻ പരമാത്മാനന്ദഗിരി സ്വാമികൾ മഹാസമാധി സന്ദേശം നൽകി. അടൂർ പ്രകാശ് എംപി, വി. ജോയി എംഎൽഎ, മുൻ എംഎൽഎ വർക്കല കഹാർ, വർക്കല നഗരസഭാ ചെയർമാൻ കെ.എം. ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ, സ്വാമി അസംഗാനന്ദഗിരി എന്നിവർ സംസാരിച്ചു. സ്വാമി സച്ചിദാനന്ദ രചിച്ച ‘ശ്രീനാരായണ ധർമതീർഥം’, സ്വാമി സൂക്ഷ്മാനന്ദ രചിച്ച ‘ലിവിങ് റിയാലിറ്റി’, ശിവഗിരിമഠത്തിന്റെ ശ്രീനാരായണ സ്മൃതി പതിപ്പ് എന്നിവയുടെ പ്രകാശനവും നടന്നു.

ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ് ശിവഗിരിയിൽ സമാധിദിനാചരണം നടന്നത്. ഗുരുദേവന്റെ സമാധിസമയമായ വൈകീട്ട്‌ 3.30-ന് മഹാസമാധിപൂജ നടന്നു. പർണശാലയിൽനിന്നും പൂർണകുംഭം സ്വാമി ശുഭാംഗാനന്ദ സമാധിസ്ഥലത്തേക്ക് ആനയിച്ചു. സമാധിമന്ദിരത്തിൽ സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ മഹാസമാധിപൂജയും സമൂഹപ്രാർഥനയും നടന്നു.