മുളന്തുരുത്തി: ഓർത്തഡോക്സ്-യാക്കോബായ സഭാതർക്കത്തിൽ സർക്കാർ ഇടപെടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുളന്തുരുത്തി കുട്ടൻകുളങ്ങര പള്ളിയിൽ നടന്ന സ്നേഹദോസിന്റെ 180-ാം വാർഷികവും സൂനഹദോസ് വാർഷികാഘോഷ സമ്മേളനവും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങളെ തമ്മിൽ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും ഇരുവിഭാഗങ്ങളും സാഹോദര്യത്തോടെ നിലനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

To advertise here,

ഇരുവിഭാഗവും ഒന്നിച്ചാൽ സഭയുടെ ശക്തി വളരെ വലുതായിരിക്കുമെന്നും കേരളത്തിന്റെ മുഖച്ഛായതന്നെ മാറുമെന്നും സതീശൻ ചൂണ്ടിക്കാട്ടി. സമ്മേളനത്തിന് മുന്നോടിയായി ചേർന്ന യോഗത്തിലെ പ്രധാന പ്രമേയവും ഈ സഭാതർക്കം പരിഹരിക്കണമെന്നതായിരുന്നു. ക്രിസ്തുവിന്റെ സന്ദേശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും കാരുണ്യപ്രവർത്തനങ്ങൾ നടത്താനും സ്നേഹത്തിന്റെ മഹാഗോപുരങ്ങൾ സൃഷ്ടിക്കാനും ഒത്തൊരുമയിലൂടെ സാധിക്കുമെന്ന് സതീശൻ പറഞ്ഞു.

ചടങ്ങിൽ ശ്രേഷ്ഠ കത്തോലിക്കാ ബസേലിയസ് പൗലോസ് പ്രഥമൻ ബാവയുടെ സ്മരണാർഥമുള്ള പുരസ്കാരം നടൻ മമ്മൂട്ടിക്ക് സമ്മാനിച്ചു. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ബാവായുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി പുരസ്കാരം പ്രഖ്യാപിച്ചത്.

സമൂഹത്തിൽ വെറുപ്പും വിദ്വേഷവും പടരുന്ന കാലത്ത് എല്ലാ ശത്രുക്കളെയും മിത്രങ്ങളാക്കിയാണ് താൻ ശത്രുത ഇല്ലാതാക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. ആരും കലഹിക്കാതെ അതിർവരമ്പുകളില്ലാതെ ജീവിക്കുന്ന ഒരു നല്ലകാലത്തിനായി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.