വർക്കല:  ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് ശിവഗിരി മഠവുമായി ചേർന്ന് മാതൃഭൂമി ശിവഗിരിയിൽ സംഘടിപ്പിക്കുന്ന മാതൃഭൂമി 'ഗുരുസാഗരം-2025' കോൺക്ലേവിന് തുടക്കം. ശ്രീനാരായണഗുരു തന്റെ ചിന്തകളിലും ദർശനത്തിലും ജീവിതത്തിനും വിദ്യാഭ്യാസത്തിനും ആധ്യാത്മികതയ്ക്കും നൽകിയ സന്ദേശങ്ങൾ സമ്മേളനം ചർച്ച ചെയ്യും.

To advertise here,

മാതൃഭൂമി എഡിറ്റർ മനോജ് കെ.ദാസ് രാവിലെ 10-ന് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി ശിവനാരായണ തീർഥ എന്നിവർ പങ്കെടുത്തു. പ്രൊഫ. എം.എൻ. കാരശ്ശേരി, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ ഗുരു സ്മാരക പ്രഭാഷണം നടത്തി. 12-ന് ആരംഭിച്ച ആദ്യത്തെ സെഷനിൽ 'ഭാരത നവോത്ഥാനത്തിൽ ഗുരുവിൻ്റെ പങ്ക്' എന്ന വിഷയത്തിലാണ് ചർച്ച. പ്രൊഫ. എം.എൻ. കാരശ്ശേരി, ഡോ. ടി.എസ്.ശ്യാം കുമാർ, സ്വാമി ശിവസ്വരൂപാനന്ദ എന്നിവർ ചർച്ചയിൽ പങ്കെത്തു. മങ്ങാട് ബാലചന്ദ്രനായിരുന്നു മോഡറേറ്റർ.

'ഗുരു ഭാവി ലോകത്തിൻ്റെ പ്രവാചകൻ' എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ പി.എൻ.ഗോപികൃഷ്ണൻ, എസ്. ഗോപാലകൃഷ്ണൻ, ശിവഗിരിമഠം പ്രസിഡന്റ്റ് സ്വാമി സച്ചിദാനന്ദ എന്നിവർ പങ്കെടുക്കും. മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹനൻ മോഡറേറ്ററാകും. 'ശ്രീനാരായണ ഗുരു: കവി, ദാർശനികൻ, പരിഷ്ക്കർത്താവ്' എന്ന വിഷയത്തിലാണ് മൂന്നാമത് സെഷൻ നടക്കുന്നത്.
വി. ഷിനിലാൽ, ജെ.രഘു, പ്രൊഫ. സജയ് കെ.വി. എന്നിവർ പങ്കെടുക്കും. ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ മോഡറേറ്ററാകും. മഹാത്മാഗാന്ധി-ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി വർഷമാണ് 2025. ചരിത്രത്തിലിടം നേടിയ മഹാത്മാക്കളുടെ അന്നത്തെ കൂടിക്കാഴ്ചയുടെ ശതാബ്ദിയാഘോഷത്തിന്റെ തുടർച്ചയായാണ് മാതൃഭൂമി 'ഗുരുസാഗരം- 2025' കോൺക്ലേവ് സംഘടിപ്പിക്കുന്നത്.