2028 വരെ നടപ്പാക്കേണ്ട പദ്ധതികളുമായി ശിവഗിരി മഠം

ശിവഗിരിമഠത്തിലെ നാരായണഗുരുവിന്റെ മുറി
വര്‍ക്കല: യുഗപ്രഭാവനായ ശ്രീനാരായണഗുരു മഹാസമാധിയായിട്ട് ഒരു നൂറ്റാണ്ടാകുന്നു. സമൂഹത്തിന്റെ ഉന്നമനത്തിനു നേര്‍വഴി കാട്ടിയ മഹാഗുരുവില്ലാതെ 97 വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. ഗുരുദര്‍ശനങ്ങള്‍ ആഗോളതലത്തില്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യമാണ് മഹാസമാധിയുടെ ശതാബ്ദിക്ക് ശിവഗിരിമഠം ഏറ്റെടുത്തിരിക്കുന്നത്. 2028 വരെ നീളുന്ന മഹാപരിനിര്‍വാണ ശതാബ്ദിയാചരണ പരിപാടികളുടെ ഉദ്ഘാടനം 23-ന് ശിവഗിരിയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു നിര്‍വഹിക്കും.
1928 സെപ്റ്റംബര്‍ 20-ന്(കന്നി അഞ്ച്) ഉച്ച കഴിഞ്ഞ് 3.30-നാണ് ഗുരു സമാധിപ്രാപിച്ചത്. 1928 ഫെബ്രുവരി മാസത്തോടെ മൂത്രാശയസംബന്ധമായ ചില രോഗങ്ങള്‍ ഗുരുവിനുണ്ടായി. പ്രഗത്ഭരായ അലോപ്പതി ഡോക്ടര്‍മാരും ആയുര്‍വേദ, സിദ്ധ, നാട്ടുചികിത്സാ വൈദ്യന്മാരും ചികിത്സിച്ചെങ്കിലും രോഗം വിട്ടുമാറിയില്ല. കന്നി അഞ്ചിന് ഗുരു സമാധിപ്രാപിച്ചതോടെ ജനങ്ങള്‍ ശിവഗിരിയിലേക്കു കൂട്ടമായി പ്രവഹിച്ചു. പിറ്റേദിവസം വൈദികമഠത്തില്‍ ഉച്ചയ്ക്ക് അഭിഷേകം നടത്തി. പുഷ്പങ്ങള്‍കൊണ്ട് അലങ്കരിച്ച ചപ്രത്തിലിരുത്തി എഴുന്നള്ളിച്ച് വനജാക്ഷി സ്മാരക മണ്ഡപത്തില്‍ ഇരുത്തി.
വൈകീട്ട് അഞ്ചിന് ശിവഗിരി കുന്നിലായിരുന്നു സമാധിയിരുത്തല്‍ ചടങ്ങ്. ശനിയാഴ്ച ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ മൂടിക്കല്ല് സ്ഥാപിച്ചു. അന്നു മുതല്‍ ആരാധന, പ്രാര്‍ഥന മുതലായവ നടത്തി. കാലക്രമേണ മഹാസമാധിമന്ദിരവും അവിടെ ഗുരുദേവപ്രതിമാ പ്രതിഷ്ഠയും ഉണ്ടായി. ഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന ആലുവ സര്‍വമതസമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശിര്‍വാദത്തോടെ വത്തിക്കാനില്‍ നടന്നത് ശ്രദ്ധനേടിയിരുന്നു. തുടര്‍ന്ന് ലണ്ടനിലും ദുബായിലും ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്റിലും ശതാബ്ദിയാഘോഷ പരിപാടികള്‍ നടന്നു.
2028 വരെ ഇന്ത്യയിലും വിദേശത്തുമായി 100 ശ്രീനാരായണ ദാര്‍ശനിക മഹാസമ്മേളനങ്ങള്‍ ശിവഗിരിമഠം സംഘടിപ്പിക്കും. ഗുരുവിന്റെ കൃതികള്‍ ഭാരതീയഭാഷകളിലും വിദേശഭാഷകളിലും തര്‍ജ്ജമചെയ്ത് പ്രചരിപ്പിക്കും. ഗുരുവിന്റെ ജീവിതചരിത്രം, മഹാപരിനിര്‍വാണ ശതാബ്ദിസ്മാരക ഗ്രന്ഥം, ശ്രീനാരായണ ധര്‍മസംഘത്തിന്റെ ചരിത്രഗ്രന്ഥം എന്നിവ പ്രസിദ്ധപ്പെടുത്തും.
Published: 22 Oct 2025, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented