
താമരശ്ശേരി: അകാലത്തിൽ പൊലിഞ്ഞ മകന്റെ ഓർമ്മകളുമായി ആ അച്ഛൻ, മകളുടെ കൈയുംപിടിച്ച് കല്ലുരുട്ടി സെയ്ന്റ് തോമസ് പള്ളിക്കുസമീപത്തെ ചികിത്സാസഹായസമിതി ഓഫീസിലെത്തി. ഏഴുവയസ്സുണ്ടായിരുന്ന മകന് ഗിയറുള്ള സൈക്കിൾ വാങ്ങാൻ മാറ്റിവെച്ച 12,500 രൂപ അവന്റെ ചേച്ചി എസ്.എം.എ. ബാധിതരായ മൂന്നു കുരുന്നുകളുടെ അച്ഛനു നൽകുന്നത് നിറകണ്ണുകളോടെ നോക്കിനിന്നു. സമ്പാദ്യക്കുടുക്കയിൽ സ്വരൂപിച്ച പണം ചൂരൽമല ദുരിതാശ്വാസനിധിയിലേക്ക് നൽകിയ അതേ രണ്ടാംക്ലാസുകാരൻ, വിയോഗശേഷവും വേദനിക്കുന്നവർക്ക് കൈത്താങ്ങാവുന്നതുകണ്ട് അവിടെയുണ്ടായിരുന്നവരുടെ മനസ്സു വിങ്ങി.
മാതൃഭൂമി ഡിജിറ്റൽ വിഭാഗം ലീഡ് യു.ഐ. ഡിസൈനർ പാഴൂർ സ്വദേശി ഷമീഷ് കാവുങ്ങലിന്റെ മകൻ അമൻ സ്കൂൾവിട്ട് മടങ്ങുന്നതിനിടെ വാഹനാപകടത്തിൽ മരിച്ചത് ജൂലായ് 24-നായിരുന്നു. പൂവ്വത്തേരിചാലിൽ ഈഥൻ മോസസ്, ഡേവിഡ് മാഗ്നസ്, ഒലിവർ ജോനോ എന്നിവരുടെ ചികിത്സയ്ക്ക് കൈത്താങ്ങേകിക്കൊണ്ട് അച്ഛൻ പി.ഡി. അരുണിന് അമന്റെ സഹോദരി ഇമ, തുക കൈമാറി.
‘നിന്റെ സൈക്കിൾ ഇന്നും പൂർത്തിയാകാത്ത ആഗ്രഹമായി അച്ഛന്റെ മനസ്സിലുണ്ട്. ആ പണത്തിലൂടെ മൂന്ന് കുഞ്ഞുങ്ങളുടെ ജീവിതത്തിൽ അല്പമെങ്കിലും സന്തോഷം നിറയ്ക്കാൻ കഴിയട്ടെ...’ - ഫെയ്സ്ബുക്കിലെ കുറിപ്പ് ഷമീഷ് ഇങ്ങനെയാണ് അവസാനിപ്പിച്ചത്. അമ്പതുകോടിയോളം രൂപയാണ് എസ്.എം.എ. ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കുവേണ്ടത്. ഇതിനകം 12.76 കോടിയാണ് എത്തിയത്.
Content Highlights: A father donated his deceased 7-year-old son's bicycle savings of Rs 12,500., The funds were given to support three children suffering from Spinal Muscular Atrophy (SMA).
Published: 01 Nov 2026, 07:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented