മുക്കം: അപൂർവ ജനിതകരോഗമായ എസ്.എം.എ. ബാധിച്ച കുരുന്നുകളുടെ ചികിത്സയ്ക്കായി നാടൊന്നാകെ നെട്ടോട്ടമോടുമ്പോൾ, ചികിത്സാസഹായകമ്മിറ്റിയെ ആശങ്കയിലാഴ്ത്തി വ്യാജന്മാരും വ്യാജപ്രചാരണവും. കുരുന്നുകളുടെ ചികിത്സയുടെ പേരിൽ പണംപിരിച്ച് തട്ടിപ്പുനടത്താൻ ശ്രമിച്ച സംഭവത്തിൽ തിരുവമ്പാടി പുന്നക്കൽ സ്വദേശി നടക്കാവിൽ എൻ.എ. നൈസാമിന്റെ പേരിൽ മുക്കം പോലീസ് കേസെടുത്തു.
ഒറ്റപ്രസവത്തിലുണ്ടായ കല്ലുരുട്ടി പൂവ്വത്തേരിചാലിൽ ഡേവിഡ്, ഏഥൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ആകെ 50 കോടി രൂപയാണ് കണ്ടെത്തേണ്ടത്. എന്നാൽ, കുട്ടികളുടെ ചികിത്സയ്ക്കാവശ്യമായ 50 കോടി ലഭിച്ചെന്നും ഇനി പണം അയക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ശബ്ദസന്ദേശത്തെത്തുടർന്ന്, പ്രതിദിന കളക്‌ഷൻ കുറയുന്നതിനിടെയാണ് ധനസമാഹരണത്തിന്റെ പേരിൽ നടത്തിയ തട്ടിപ്പുകൂടി പുറത്തായത്. ഇനിയുള്ള 26 ദിവസത്തിനിടെ 32 കോടിയോളം രൂപയാണ് ചികിത്സാസഹായകമ്മിറ്റി കണ്ടെത്തേണ്ടത്.
ചികിത്സാസഹായകമ്മിറ്റിയുടെ അനുമതിയില്ലാതെ, സ്വന്തം ക്യു.ആർ. കോഡുപയോഗിച്ച് പണം സ്വീകരിച്ചെന്നും വ്യാജ വൊളന്റിയർ കാർഡ് നിർമിച്ചെന്നുമാണ് നൈസാമിന്റെ പേരിലുള്ള പരാതി. മുക്കം വെസ്റ്റ് മാമ്പറ്റ ശ്രീലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനാണ് ഇയാൾ. രണ്ടാഴ്ചമുൻപ് നൈസാം പണപ്പിരിവ് ആരംഭിച്ചെങ്കിലും കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാൾ പിരിവ് നടത്തുന്ന കാര്യം ചികിത്സാസഹായകമ്മിറ്റി അറിയുന്നത്. തുടർന്ന്, പോലീസിൽ പരാതിനൽകിയതോടെ, ആകെ പിരിച്ചെടുത്ത തുകയെന്നുപറഞ്ഞ് അൻപത്തിയയ്യായിരം രൂപ നൈസാം ചികിത്സാസഹായകമ്മിറ്റി ഓഫീസിലെത്തി നൽകിയിരുന്നു. എന്നാൽ, കുട്ടികളുടെ പേരുപറഞ്ഞ് ഒരു ലക്ഷത്തിലേറെ പണമായും ക്യു.ആർ. കോഡിലൂടെ വേറെയും തുക സമാഹരിച്ചെന്ന് ട്രസ്റ്റിലെ കളക്‌ഷൻ ഏജന്റുമാർ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. നാലുമാസംമുൻപ് ട്രസ്റ്റ് പ്രവർത്തനമാരംഭിച്ച ഘട്ടത്തിൽ 25,000 രൂപ ശമ്പളം വാഗ്ദാനംചെയ്താണ് കളക്‌ഷൻ ഏജൻറുമാരെ നിയമിച്ചത്. പ്രതിദിനം മൂവായിരം രൂപ കളക്‌ഷൻ ടാർഗറ്റ് നിശ്ചയിച്ചാണ് ഇവരെ ഏജൻറുമാരാക്കിയത്. രണ്ടുമാസമായി ശമ്പളം ലഭിക്കാതായതോടെയാണ് ട്രസ്റ്റ് ചെയർമാനെതിരേ വെളിപ്പെടുത്തലുമായി ജീവനക്കാർതന്നെ രംഗത്തെത്തിയത്. ജീവകാരുണ്യപ്രവർത്തനങ്ങളുടെ പേരിൽ ദിവസേന സമാഹരിക്കുന്ന ഭീമമായ തുക നൈസാമിന്റെ മാതാവിന്റെ പേരിലുള്ള അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത്.
പണമയക്കുമ്പോൾ ശ്രദ്ധവേണം
ധനസമാഹരണത്തിനായി കുരുന്നുകളുടെ പിതാവിന്റെ പേരിൽ ഫെഡറൽ ബാങ്കിന്റെ ഓമശ്ശേരി ശാഖയിലാണ് ചികിത്സാസഹായകമ്മിറ്റി അക്കൗണ്ട് ആരംഭിച്ചത്. പണമയക്കാൻ ക്യു.ആർ. കോഡ് സ്കാൻ ചെയ്യുമ്പോൾ അക്കൗണ്ട് ഉടമയുടെ പേര് അരുൺ പി.ഡി. എന്നാണെന്ന് ഉറപ്പുവരുത്തണമെന്ന് ചികിത്സാസഹായകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Content Highlights: Mukkam police investigate fraudulent fundraising attempts for SMA treatment, as scammers exploit public generosity, causing concern for the treatment support committee.
Published: 11 Nov 2026, 09:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented