ആലപ്പുഴ: മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടന്നത് അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയിൽ റിപ്പോർട്ട് നൽകി. കേസ് എഴുതിത്തള്ളാനുള്ള റിപ്പോർട്ട് തയ്യാറാക്കിയത് എഡിജിപി ഓഫീസിൽവെച്ചാണെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.

To advertise here,

കേസ് മുൻപ് അന്വേഷിച്ചിരുന്ന ഡിവൈഎസ്പിയും എഡിജിപി ഓഫീസിലെ ഉദ്യോഗസ്ഥരും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി ഈ നിഗമനത്തിൽ എത്തിയത്. അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത് കുമാറിലേക്ക് അന്വേഷണം നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. മേലുദ്യോഗസ്ഥരുടെ സമ്മർദത്താൽ കേസ് അട്ടിമറിച്ചു എന്ന വാദിഭാഗത്തിന്റെ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് പുതിയ റിപ്പോർട്ട്.

കൂടാതെ, മർദനം നടന്ന സമയത്ത് പോലീസിന്റെ ഫോട്ടോഗ്രാഫർക്ക് സ്ഥലത്തെത്താൻ കഴിഞ്ഞിരുന്നില്ലെന്നും മർദ്ദനം കഴിഞ്ഞശേഷമാണ് അദ്ദേഹം എത്തിയതെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചു. അതിനാൽ പോലീസിന്റെ ദൃശ്യങ്ങളിൽ മർദ്ദനത്തിന്റെ തെളിവുകളില്ലെന്നും സ്വകാര്യ ചാനൽ ദൃശ്യങ്ങളാണ് പ്രധാനമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

അതേസമയം, എസ്.ഐ.ടിയുടെ നടപടികളിൽ ആലപ്പുഴ സെഷൻസ് കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിന് മുൻപ് എങ്ങനെ മാധ്യമങ്ങൾക്ക് ലഭിച്ചു എന്ന് കോടതി ചോദിച്ചു. എസ്.ഐ.ടിക്ക് വ്യക്തിപരമായ താല്പര്യങ്ങൾ ഉണ്ടോ എന്ന് സംശയിച്ച കോടതി, അന്വേഷണ വിവരങ്ങൾ ആദ്യം നൽകേണ്ടത് കോടതിയിലല്ലേ എന്നും ചോദിച്ചു.

പ്രതികൾക്കെതിരെ ആദ്യം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നതെങ്കിലും പിന്നീട് പെട്ടെന്ന് നരഹത്യാശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചേർത്തതിനെയും കോടതി ചോദ്യംചെയ്തു. പ്രതികൾക്ക് ജാമ്യം കിട്ടുന്ന അവസ്ഥ വന്നപ്പോഴാണോ ഇത്തരത്തിൽ വകുപ്പുകൾ മാറ്റിച്ചേർത്തതെന്ന് കോടതി ആരാഞ്ഞു. കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരുകയാണ്.