തിരുവനന്തപുരം: ഒട്ടേറെ വിവാദങ്ങളിൽപ്പെട്ടെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്ന എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെ ഇത്തവണ കുടുക്കിയത് പഴുതടച്ച അന്വേഷണം. എസ്.എ.ടി. തലവൻ എ.പി. ഷൗക്കത്തലി നടത്തിയ അന്വേഷണത്തിൽ കേസ് ഡയറി തിരുത്താൻ എ.ഡി.ജി.പി. ഇടപെട്ടുവെന്നതിന്റെ വ്യക്തമായ തെളിവ് ലഭിച്ചിരുന്നു.

To advertise here,

ആലപ്പുഴ മർദനക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴികളും സമാഹരിച്ച തെളിവുകളും അജിത്കുമാറിന് എതിരായി. എ.ഡി.ജി.പി. അജിത് കുമാർ കേസ് ഡയറി പരിശോധിക്കുകയും മുഖ്യമന്ത്രിയുടെ അകമ്പടി ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കിയതിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതായി തുടക്കത്തിൽ കേസ് അന്വേഷിച്ച ഡിവൈ.എസ്.പി. കെ.പി. തോംസൺ മൊഴിനൽകിയിരുന്നു.

അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളെയും അജിത്കുമാർ വിമർശിച്ചു. കേസ് അന്വേഷിച്ച കെ.എസ്. അരുണിന്റെയും സുനിൽരാജിന്റെയും മൊഴികളും ഇത് ശരിവെക്കുന്നുണ്ട്. വയനാട് ദുരന്തമേഖലയിലാണെന്ന പേരിൽ രക്ഷപ്പെടാനുള്ള അജിത്കുമാറിന്റെ ശ്രമം ഇതിലാണ് തകർന്നത്.

അഞ്ച് ഉദ്യോഗസ്ഥർക്കെതിരേയും നടപടി

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ക്കേസ് അന്വേഷിച്ച ഡിവൈ.എസ്.പി.മാരും റിപ്പോർട്ട് തിരുത്താൻ സമ്മർദം ചെലുത്തിയ എ.ഡി.ജി.പി. ഓഫീസിലെ ഗ്രേഡ് എസ്.ഐ.മാരും അടക്കം അഞ്ച് ഉദ്യോഗസ്ഥർക്കെതിരേയും വകുപ്പുതല നടപടിയുണ്ടാകും.

ഇവർക്ക് തത്കാലം സസ്‌പെൻഷൻ ഉണ്ടാകില്ലെങ്കിലും സ്ഥാനക്കയറ്റവും ഇൻക്രിമെന്റും തടയുന്നതടക്കമുള്ള ശിക്ഷയുണ്ടാകും. കേസ് അന്വേഷിച്ച ഡിവൈ.എസ്.പി.മാരായ സുനിൽരാജ്, കെ.പി. തോംസൺ, കെ.എസ്. അരുൺ, എ.ഡി.ജി.പി. ഓഫീസിലെ എസ്.ഐ.മാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവർക്കെതിരേയാണ് വകുപ്പുതല നടപടിക്ക് ശുപാർശയുള്ളത്.

സസ്പെൻഷൻ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ -ചെന്നിത്തല

തൃശ്ശൂർ: എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെ സസ്പെൻഡ് ചെയ്തത് ഡി.ജി.പി.യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നും അസാധാരണമായി ഒന്നുമില്ലെന്നും മന്ത്രി രമേശ് െചന്നിത്തല.

അധികാരദുർവിനിയോഗവും വഴിവിട്ടുള്ള പ്രവർത്തനങ്ങളും ആരുകാണിച്ചാലും അംഗീകരിക്കില്ല. അത് അന്വേഷണത്തിലൂടെ തെളിഞ്ഞാൽ മുഖംനോക്കാതെ നടപടിയെടുക്കും. ആലപ്പുഴ ‘രക്ഷാപ്രവർത്തന’ത്തിൽ മറ്റൊരു കേസ് എടുക്കുന്നതു സംബന്ധിച്ച് അറിവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

കുന്നംകുളം കസ്റ്റഡിമർദനത്തിൽ തുടരന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം ബാക്കി കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.