തിരുവനന്തപുരം: നവകേരളയാത്രയ്ക്കിടെ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ ഉൾപ്പെടെയുള്ളവർ കെ.എസ്.യു.-യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ചെന്ന കേസിൽ എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ കൂടുതൽ കുരുക്കിൽ. കേസ് ഡയറിയിലടക്കം വെട്ടിത്തിരുത്തൽ നടത്തിയത് എ.ഡി.ജി.പി. നിർദേശിച്ചിട്ടാണെന്ന് അക്കാലത്ത് അജിത് കുമാറിന്റെ ഓഫീസിന്റെ ഭാഗമായി പ്രവർത്തിച്ച രണ്ട് ഗ്രേഡ് എസ്.ഐ.മാർ മൊഴിനൽകി.

To advertise here,

എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിനാണ് (എസ്.ഐ.ടി.) മൊഴിനൽകിയത്. ആദ്യമന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ നൽകാൻ റഫർ റിപ്പോർട്ട് തയ്യാറാക്കിയത് ക്രമസമാധാനച്ചുമതലയുണ്ടായിരുന്ന മുൻ എ.ഡി.ജി.പി.യുടെ ഓഫീസിൽവെച്ചാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് എസ്.ഐ.ടി. ശനിയാഴ്ച ജില്ലാ സെഷൻസ് കോടതിയിൽ നൽകിയിരുന്നു.

പ്രത്യേക അന്വേഷണസംഘം രണ്ടുമണിക്കൂറോളം ഇവരെ ചോദ്യംചെയ്തു. തങ്ങളെ കുരുക്കുകയായിരുന്നുവെന്ന് വൈകാരികമായാണ് എസ്.ഐ.മാർ പറഞ്ഞത്. എല്ലാകാര്യങ്ങളും അജിത്കുമാർ നിർദേശിച്ചതാണ്. കേസ് ഇല്ലാതാക്കാനുള്ള തിരുത്തലുകൾ വരുത്തിയതും അങ്ങനെയാണ്.

ഇതിലൊരാൾ തുടക്കത്തിലേ നടന്നകാര്യങ്ങൾ വിശദീകരിച്ചു. മറ്റെയാൾ ആദ്യം പ്രതിരോധിച്ചാണ് സംസാരിച്ചതെങ്കിലും അന്വേഷണ സംഘത്തിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. പിന്നീടാണ് സമ്മതിച്ചത്. എ.ഡി.ജി.പി.യുടെ നിർദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും അതിൽ നിയമപരമായി തെറ്റുണ്ടെന്ന് തോന്നിയില്ലെന്നും ഇവർ പറഞ്ഞു.

എസ്.ഐ.മാരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും അജിത് കുമാറിൽനിന്ന് എസ്.ഐ.ടി. വിശദീകരണം തേടിയിട്ടില്ല. ‘രക്ഷാപ്രവർത്തനക്കേസ്’ അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിലാണ് എ.ഡി.ജി.പി. പ്രതിക്കൂട്ടിലുള്ളത്. ഇതിൽ പ്രത്യേക റിപ്പോർട്ട് ഡി.ജി.പി.ക്ക് നൽകിയേക്കും. ഇതിനുശേഷം സർക്കാരിന്റെ തീരുമാനം അനുസരിച്ചായിരിക്കും നടപടി. 

ആദ്യ അന്വേഷണസംഘത്തിന്റെ റഫർ റിപ്പോർട്ട് തയ്യാറാക്കിയത് മുൻ എ.ഡി.ജി.പി.യുടെ ഓഫീസിൽവെച്ചെന്ന് എസ്.ഐ.ടി.

നവകേരളയാത്രക്കിടെ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ ഉൾപ്പെടെയുള്ളവർ കെ.എസ്.യു.-യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്.ഐ.ടി.) റിപ്പോർട്ട് കോടതിയിൽ.

ആദ്യമന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ നൽകാൻ റഫർ റിപ്പോർട്ട് തയ്യാറാക്കിയത് ക്രമസമാധാനച്ചുമതലയുണ്ടായിരുന്ന മുൻ എ.ഡി.ജി.പി.യുടെ ഓഫീസിൽവെച്ചാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് എസ്.ഐ.ടി. ജില്ലാ സെഷൻസ് കോടതിയിൽ നൽകിയത്. അതേസമയം, റിപ്പോർട്ടിൽ എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന്റെ പേരെടുത്തു പറഞ്ഞിട്ടില്ല.

മുൻ അന്വേഷണോദ്യോഗസ്ഥന്റെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് എസ്.ഐ.ടി. ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ എസ്.ഐ.ടി.യോടും പ്രോസിക്യൂഷനോടും കോടതി വിവിധ ചോദ്യങ്ങളും സംശയങ്ങളുമുന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നനിലയിലാണ് പുതിയ റിപ്പോർട്ട്.

പോലീസ് സ്റ്റാൻഡിങ് ഓർഡർ (പി.എസ്.ഒ. റൂൾ) 241(4) പ്രകാരം ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ആളുകളുടെ തുടമുതൽ തോൾവരെയുള്ള ഭാഗത്തേ അടിക്കാവൂ. എന്നാൽ, ഇവിടെ തല ലക്ഷ്യമാക്കി അടിച്ചു. പ്രതികൾ പരിശീലനം ലഭിച്ച പോലീസുകാരായതിനാൽ ഇതിന്റെ ഗൗരവം അവർക്ക് അറിയാമായിരുന്നു.

മുഖ്യമന്ത്രിയുടെ എസ്കോർട്ട് സംഘത്തിന് ലാത്തി ഔദ്യോഗികമായി നൽകിയിട്ടില്ല. ചെറിയ തോക്കാണ് ഇവരുടെ ആയുധം. വലിയ തടിലാത്തി പ്രതികളുടെ കൈയിൽ എങ്ങനെ വന്നുവെന്നും മനഃപൂർവം കൊണ്ടുവന്നതാണോയെന്നും അന്വേഷിക്കും. പ്രതികൾക്കെതിരേ വധശ്രമത്തിനുള്ള 308 വകുപ്പ് ആദ്യം ചുമത്താതെ പിന്നീടെന്തിനു ചേർത്തുവെന്ന് കോടതി ചോദിച്ചിരുന്നു.

ഇതു പെട്ടെന്നോ യാന്ത്രികമായോ ചേർത്തതല്ലെന്ന് എസ്.ഐ.ടി. റിപ്പോർട്ടിൽ പറയുന്നു. അടിയേറ്റ എ.ഡി. തോമസിന്റെ തലയ്ക്ക് സി.ടി. സ്കാൻ നടത്തുകയും മുറിവിൽ തുന്നലിടുകയും ചെയ്തു. ആക്രമണം തടഞ്ഞില്ലായിരുന്നെങ്കിൽ മരണംവരെ സംഭവിക്കാമായിരുന്നു. മെഡിക്കൽ ബോർഡിന്റെ അഭിപ്രായവും ഇതുതന്നെയായിരുന്നു -റിപ്പോർട്ടിൽ വ്യക്തമാക്കി.

പറഞ്ഞത് കള്ളമോ

പോലീസ് ഫോട്ടോഗ്രാഫർ സംഘർഷം പകർത്തിയെന്നും ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കിയെന്നും ക്രൈംബ്രാഞ്ചിന്റെ ആദ്യ റഫർ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, ഫോട്ടോഗ്രാഫർ സ്ഥലത്തെത്തുമ്പോഴേക്കും സംഘർഷം കഴിഞ്ഞിരുന്നു. പകർത്തിയത് സംഭവശേഷമുള്ള ദൃശ്യങ്ങൾ മാത്രമാണ്.

പോലീസ് ഫോട്ടോഗ്രാഫറുടെ വീഡിയോയിൽ അടിക്കുന്ന ദൃശ്യങ്ങളില്ലെന്ന വാദമാണ് പ്രതികൾ കോടതിയിൽ ഉന്നയിച്ചിരുന്നത്. പ്രതികളെ രക്ഷിക്കാൻവേണ്ടിയാണോ തെറ്റായ വിവരം റഫർ റിപ്പോർട്ടിൽ ചേർത്തത്?, ലഭ്യമായ രേഖകൾക്കു വിരുദ്ധമായി എങ്ങനെ റഫർ റിപ്പോർട്ട് തയ്യാറാക്കി?, ഇതിന് ഉത്തരവാദിത്വം ആർക്ക്? എന്നീ കാര്യങ്ങൾ അന്വേഷിക്കുകയാണെന്ന് എസ്.ഐ.ടി. വ്യക്തമാക്കി.

റിപ്പോർട്ട് വാർത്തയായത് വിമർശിച്ച് കോടതി

പ്രതികളുടെ ജാമ്യാപേക്ഷയിൽ ശനിയാഴ്ച വാദം നടക്കുന്നതിനുമുൻപേ എസ്.ഐ.ടി. പുതിയ സമഗ്രറിപ്പോർട്ട് നൽകുമെന്നും അതിലെ ഉള്ളടക്കവും മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. കോടതിയിൽ വരുന്നതിനുമുൻപേ മാധ്യമങ്ങൾക്കു വിവരം നൽകുകയാണോ വേണ്ടതെന്ന് കോടതി ശകാരിച്ചു.

എസ്.ഐ.ടി.യുടെ എക്‌സ്‌ക്ളൂസീവ് റിപ്പോർട്ട് എങ്ങനെ പത്രത്തിന് കിട്ടിയെന്നും ചോദിച്ചു. കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ വിശദാംശങ്ങളെല്ലാം ഇന്ന് പത്രത്തിൽ വന്നതാണ്, പ്രോസിക്യുട്ടർ പറഞ്ഞ സബ്മിഷനുകളും പത്രത്തിൽ വന്നിട്ടുണ്ട്. കോടതിയിൽ വരുന്നതിനുമുൻപേ റിപ്പോർട്ട് മാധ്യമങ്ങൾക്ക് നൽകുന്നത് മോശം സിസ്റ്റത്തിന്റെ ഭാഗമാണെന്നും കോടതി പറഞ്ഞു.