കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയ(എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് എഴുത്തുകാരി സാറാ ജോസഫ്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് സാറാ ജോസഫിന്റെ വിമര്‍ശനം. 'കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎംശ്രീ കുട്ടികള്‍ക്കായി.' എന്നായിരുന്നു കുറിപ്പ്.

To advertise here,

മന്ത്രിസഭയിലും എല്‍ഡിഎഫിലും സിപിഐ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പ് വകവെക്കാതെയാണ് പിഎംശ്രീ പദ്ധതിയില്‍ പങ്കാളിയാകാനുള്ള സര്‍ക്കാര്‍ തീരുമാനം. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയാണ് വ്യാഴാഴ്ച ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. സിപിഐയെ അനുനയിപ്പിക്കാനെന്ന പേരില്‍ സിപിഎം നേതൃത്വം ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ്, ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെത്തി രഹസ്യമായി ഒപ്പിട്ടത്. ഇതോടെ, സമഗ്ര ശിക്ഷാ കേരളയ്ക്ക്(എസ്എസ്‌കെ) രണ്ടു വര്‍ഷമായി തടഞ്ഞുവെച്ച 1500 കോടിയോളം രൂപയുടെ കേന്ദ്രഫണ്ട് വൈകാതെ ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

വാണിജ്യവത്കരണവും കാവിവത്കരണവും പ്രോത്സാഹിപ്പിക്കുന്നതാണ് എന്‍ഇപിയെന്നാണ് സിപിഎമ്മും സിപിഐയും ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളുടെ വിമര്‍ശനം. ഇങ്ങനെ, രാഷ്ട്രീയവും നയപരവുമായി വിയോജിപ്പുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ എന്‍ഇപി അംഗീകരിച്ചിരുന്നില്ല. കരാര്‍ ഒപ്പിട്ടതോടെ സംസ്ഥാനത്തെ നൂറ്റമ്പതോളം സ്‌കൂളുകള്‍ പിഎം-ശ്രീയായി മാറും. ദേശീയവിദ്യാഭ്യാസ നയമനുസരിച്ചുള്ള പാഠ്യപദ്ധതി പിന്തുടരണമെന്നാണ് പിഎം-ശ്രീ മാര്‍ഗരേഖയിലെ വ്യവസ്ഥ.