തിരുവനന്തപുരം: കെപിസിസി ഭാരവാഹിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാർക്കും രൂക്ഷവിമർശനം. പിഎം ശ്രീ ഉൾപ്പടെയുള്ള വിഷയത്തിലെ അതൃപ്തി കോൺഗ്രസ് പ്രാദേശിക നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. പ്രവർത്തകർ ഫോൺ വിളിച്ചാൽപോലും പല മന്ത്രിമാരെയും കിട്ടാറില്ലെന്ന് പരാതിയുണ്ടായി. ജില്ലയിലെത്തുന്ന മന്ത്രിമാർ അവരുടെ പരിപാടികൾ ജില്ലാ കോൺഗ്രസ് നേതൃത്വത്തെ അറിയിക്കാറില്ലെന്നും ഇക്കാര്യം യോഗത്തിൽ ചർച്ചയായെന്നും കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ് മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.

To advertise here,

'മുഖ്യമന്ത്രിക്കെതിരെ ശക്തമായ വിമർശനമാണ് യോഗത്തിൽ ഉണ്ടായത്. മുഖ്യമന്ത്രി നെഹ്റുവിയൻ സോഷ്യലിസത്തിൽ വിശ്വസിക്കുന്ന ആളാണെന്നാണ് പറയാറുള്ളത്. എനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ് അത്. പക്ഷേ, അത് പലപ്പോഴും പ്രവൃത്തിയിൽ കാണുന്നില്ല. അതുകൊണ്ട് അദ്ദേഹം നെഹ്റുവിയൻ സോഷ്യലിസം എന്ന് പറഞ്ഞാൽ മാത്രംപോരാ, അത് ജീവിതത്തിലും പ്രവർത്തനത്തിലും കാണിക്കുകയും തുടരുകയും വേണം എന്നാണ് ഞാൻ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നതെന്ന് വ്യക്തമാക്കി.

പിഎം ശ്രീയുടെ കാര്യത്തിലും മുഖ്യമന്ത്രി വിമർശനം നേരിട്ടു. പിഎം ശ്രീയിൽ കുഴപ്പമൊന്നുമില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ, അദ്ദേഹത്തിൻ്റെ ആ പ്രതികരണത്തിനോടുള്ള വിയോജിപ്പ് ഞാൻ അറിയിച്ചു. പിഎം ശ്രീയിൽ നമ്മൾ എടുത്ത നിലപാടിൻ്റെ കൂടി ഭാഗമാണ്

കോഴിക്കോട് ഉൾപ്പടെ മലബാറിൽ നമുക്ക് കിട്ടിയ വോട്ടുകൾ. അങ്ങനെ നമ്മളെ വിശ്വസിച്ച് വോട്ട് ചെയ്ത ജനങ്ങളോട് ജയിച്ചതിന് ശേഷം പിഎം ശ്രീയിൽ കുഴപ്പമില്ല എന്ന് പറഞ്ഞാൽ അത് ഉൾക്കൊള്ളാൻ സാധിക്കില്ല. പിഎം ശ്രീയിലും വഖഫിലും പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണത്തിലുമൊക്കെ ജനങ്ങളെയും കൂടി ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള തീരുമാനങ്ങളാണ് എടുക്കേണ്ടതെന്ന് യോഗത്തിൽ അറിയിച്ചു. എല്ലാം പതുക്കെ മതി എന്നുള്ള ഒരു തീരുമാനമല്ല ജനങ്ങൾക്കും പ്രവർത്തകർക്കും വേണ്ടത്. പ്രതിപക്ഷ നേതാവിനെതിരെ നിയമപരമായി വേഗത്തിൽ മുന്നോട്ടുപോകണം എന്നാണ് പ്രവർത്തകർ ആവശ്യപ്പെട്ടത്.

പിഎം ശ്രീ മാത്രമല്ല വിജയത്തിൻ്റെ രഹസ്യമെന്നും വേറെയും കുറേ ഘടകങ്ങൾ ഉണ്ടായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഞാൻ ഉന്നയിച്ച ഈ വിമർശനങ്ങളിൽ ബാക്കിയുള്ളവർ എല്ലാവരും പിന്തുണച്ചിരുന്നു. ഫോൺ വിളിച്ചാൽ പോലും മന്തിമാർ എടുക്കാറില്ലെന്നും വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും ഓഫീസിലേയ്ക്ക് കെപിസിസി ജനറൽ സെക്രട്ടറിമാർക്ക് ഒക്കെ എപ്പോഴും കയറിച്ചെല്ലാമെന്നാണ് കെപിസിസി പ്രസിഡൻ്റ് പറഞ്ഞത്. പക്ഷേ, ഞാൻ ശ്രമിച്ചിട്ട് പോലും മുഖ്യമന്ത്രിയെ കാണാൻ സാധിച്ചിട്ടില്ല.

കേരളത്തിലെ മന്ത്രിമാരുടെ പ്രവർത്തനത്തിൽ ഒന്നും കുഴപ്പമില്ല. പക്ഷേ, മന്ത്രിമാർ പല പരിപാടികൾക്കും ജില്ലകളിൽ എത്തുമ്പോൾ അവിടുത്തെ കോൺഗ്രസിന്റെ പ്രധാന നേതാക്കന്മാർ പോലും പലപ്പോഴും അറിയുന്നില്ല. മുഖ്യമന്ത്രി ഇതിൽനിന്ന് വ്യത്യസ്തനാണ്. കാരണം, 26 വകുപ്പുകളും മുഖ്യമന്ത്രിയുടെ പദവിയും ഒക്കെ പരിഗണിക്കുമ്പോൾ അദ്ദേഹത്തിന് എല്ലാവരെയും എല്ലാ കാര്യങ്ങളും അറിയിക്കുക എന്നത് നടക്കില്ല. അതുകൊണ്ട് മുഖ്യമന്ത്രിയുടെ കാര്യം ഞാൻ പറയുന്നില്ല. ബാക്കിയുള്ള മന്ത്രിമാർ രണ്ടോ മൂന്നോ വകുപ്പല്ലേ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് അവർ എല്ലാവരെയും പ്രാദേശിക നേതാക്കളെ പരിപാടികൾ അറിയിക്കണം. മന്ത്രിമാർ ജില്ലയിൽ എത്തുമ്പോൾ നേതാക്കളെ അറിയിക്കണം എന്ന നിർദേശം മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. മന്ത്രിമാർ ഈ വിമർശനത്തിൽ മൗനത്തിലായിരുന്നു.

മന്ത്രിമാരുടെ പരിപാടികളും അവർ ഉദ്ദേശിക്കുന്ന ഭരണനേട്ടങ്ങളും ഒക്കെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള സിസ്റ്റമാറ്റിക് ആയ സംവിധാനം പാർട്ടിയിൽ ഉണ്ടാകണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു. മാസത്തിൽ ഒരിക്കലെങ്കിലും പാർട്ടി യോഗം വിളിക്കണം. മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാരുടെ പ്രവർത്തനത്തിലും പാർട്ടിയുടെ സുപ്രധാന പദവികളിൽ ആളുകളെ നിയമിക്കുന്നതിലും ഒക്കെ പാർട്ടിയിൽ ഒരു സംവിധാനം ഉണ്ടാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടു.

വെെദ്യുതി പ്രതിസന്ധിയും യോഗത്തിൽ ചർച്ചയായി. പക്ഷേ പ്രതിസന്ധി സണ്ണി ജോസഫ് കൃത്യമായി വിശദീകരിച്ചു. വെെദ്യുതി വകുപ്പിൽ മേന്മയില്ലെന്നും വകുപ്പ് പ്രതിക്കൂട്ടിൽ ആണെന്നും അദ്ദേഹം സമ്മതിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കടംവാങ്ങിയ വെെദ്യുതി പോലും തിരിച്ച് കൊടുക്കാൻ സാധിച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പിന് മുൻപ് പ്രതിസന്ധി പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്', പിഎം നിയാസ് പറഞ്ഞു.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ കെപിസിസി ഭാരവാഹി യോഗമാണ് കഴിഞ്ഞ ദിവസം ഇന്ദിരാ ഭവനിൽ ചേർന്നത്. സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ, കെപിസിസി ഭാരവാഹികളായ മന്ത്രിമാർ, വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, ഡിസിസി പ്രസിഡന്റുമാർ മുതലായവർ പങ്കെടുത്തിരുന്നു.