കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലുള്ള വിദ്യാർഥികളോട് അരിശം തീരാത്തതെന്തെന്ന് ഹൈക്കോടതി. 60 ദിവസത്തിലേറെയായി അവർ സസ്പെൻഷനിലല്ലേ. ഇനി എന്തിനാണ് ക്ഷമാപണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ചോദിച്ചു. കുഞ്ചൻനമ്പ്യാരുടെ ‘അതുകൊണ്ടരിശം തീരാഞ്ഞവനാപ്പുരയുടെ ചുറ്റും മണ്ടിനടന്നു’ എന്ന വരിയും കോടതി പരാമർശിച്ചു. സസ്പെൻഷനെതിരേ 16 വിദ്യാർഥികൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

To advertise here,

ആത്യന്തികമായി അനുഭവിക്കുന്നത് ആ കുട്ടികളും രക്ഷിതാക്കളുമല്ലേ? ഇനി എന്താണു വേണ്ടത്. പരീക്ഷ എഴുതാനും അനുവദിച്ചില്ല. പെരുമാറ്റദൂഷ്യമുണ്ടെങ്കിലും 60 ദിവസം പോരേ. അവരുടെ സമരത്തെയൊന്നും ന്യായീകരിക്കുകയല്ല. ഇന്നത്തെ നേതാക്കന്മാരിൽ ആരുണ്ട് ഇത്തരത്തിലൊന്നും പ്രവർത്തിക്കാത്തത്. സസ്പെൻഷൻ പിൻവലിക്കൂ. അപേക്ഷിക്കുകയാണ് -കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. തീരുമാനം വെള്ളിയാഴ്ച അറിയിക്കൂ, അന്ന് വാദംകേൾക്കാം -കോടതി വ്യക്തമാക്കി.

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് ആദ്യവും വൈസ് ചാൻസലർ ഡോ. സിസാ തോമസ് നൽകിയ പരാതിയിൽ രണ്ടാമതും എഫ്.ഐ.ആർ. രജിസ്റ്റർചെയ്തെന്ന് സർവകലാശാല വിശദീകരിച്ചു. ഒരേ വിഷയത്തിൽ രണ്ട് എഫ്.ഐ.ആറുകൾ നിലനിൽക്കുമോയെന്ന് കോടതി ചോദിച്ചു. സർവകലാശാലയ്ക്കായി ഹാജരായ സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തിനോട് പ്രശ്നപരിഹാരത്തിനായി ഇടപെടാനും കോടതി ആവശ്യപ്പെട്ടു.

നേരത്തേ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു. സർവകലാശാലയുടെ അപ്പീലിൽ ഇത് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇടപെടാതെ സസ്പെൻഷനെതിരേ നൽകിയ ഹർജിയിൽ വേഗത്തിൽ തീരുമാനമെടുക്കാൻ സിംഗിൾ ബെഞ്ചിനോട് നിർദേശിച്ച് ഹൈക്കോടതിയിലേക്ക് മടക്കി.

ഓഗസ്റ്റ് 13-ന് സിൻഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായിരുന്നു സസ്പെൻഷൻ. വിദ്യാർഥികൾ വി.സി. ഡോ. സിസ തോമസിനെ പ്രതീകാത്മകമായി ദഹിപ്പിച്ചെന്നും കൈയേറ്റംചെയ്യാൻ ശ്രമിച്ചെന്നുമാണ് സർവ്വകലാശാലയുടെ പരാതി. പഠനപ്രവർത്തനങ്ങളുടെ ഭാഗമായ ലൈറ്റ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് വിളക്കിന്റെ പ്രതീകാത്മക സംസ്കാരമാണ് നടത്തിയതെന്നാണ് വിദ്യാർഥികളുടെ വാദം.