
കോഴിക്കോട്: സമസ്തയും മുസ്‌ലിം ലീഗും തമ്മിലുള്ള തർക്കത്തിൽ മേൽത്തട്ടിൽ താത്‌കാലിക അനുരഞ്ജനമായെങ്കിലും ഭിന്നതതുടരുന്നത് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ നിർണായകമാവും. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണിത് ഭീഷണിയാവുക.
മലപ്പുറത്ത് 94 പഞ്ചായത്തുകളിൽ 68 എണ്ണമാണ് യുഡിഎഫ് ഭരിക്കുന്നത്. പലയിടത്തും ഒന്നോരണ്ടോ സീറ്റിന്റെ വ്യത്യാസമേയുള്ളൂ. പ്രാദേശികതലത്തിൽ സമസ്തയിലെ ലീഗ് വിരുദ്ധർ എല്ലായിടത്തും ശക്തരല്ല. പക്ഷേ, നേരിയ ഭൂരിപക്ഷത്തിന് വിജയിക്കുന്ന പഞ്ചായത്തുകളിൽ ഒരു ബൂത്തിൽ 10 വോട്ടുകൾ മതി ഇവർ നിർണായകമാവാൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ ഉൾപ്പെടെ മുസ്‌ലിം ലീഗിനുനേരേ സമസ്തയിലെ ലീഗ് വിരുദ്ധരുടെ വ്യാപകമായ കാന്പയിൻ നടന്നിരുന്നെങ്കിലും രാഷ്ട്രീയതരംഗത്തിൽ അവർ നിഷ്‌പ്രഭരായി. പക്ഷേ, തദ്ദേശതിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥികൾക്കെതിരേ ഇവർ പ്രവർത്തിച്ചേക്കാം. ലീഗ് വിരുദ്ധരെ കൂട്ടിയോജിപ്പിക്കാൻ ഇവരുടെ നേതൃത്വത്തിൽ ശ്രമംനടന്നേക്കാം എന്നാണ് വിലയിരുത്തൽ. പക്ഷേ, അത്തരത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റുള്ളവരെ സ്വാധീനിക്കാൻ അവർക്ക് കഴിയില്ലെന്നുമാണ് മുസ്‌ലിം ലീഗ് നേതൃത്വം വിലയിരുത്തുന്നത്.
സമസ്തയിലെയും മുസ്‌ലിം ലീഗിലെയും നേതാക്കളുടെ നേതൃത്വത്തിൽ പലതവണ അനുരഞ്ജനചർച്ചകൾ നടന്നിരുന്നെങ്കിലും ഇരുപക്ഷവും മുന്നോട്ടുവെച്ച ഡിമാൻഡുകൾ അതേപോലെ നിലനിൽക്കുകയാണ്. ഭിന്നത അവസാനിപ്പിക്കാതെ, സമസ്ത നൂറാം വാർഷികത്തിന്റെ മുന്നോടിയായുള്ള താത്‌കാലിക യോജിപ്പുമാത്രമാണ് ഇപ്പോഴുണ്ടായത്. അത് താഴെത്തട്ടിൽ എത്തിയിട്ടുമില്ല. സമസ്തയിൽനിന്ന് സസ്പെൻഡ് ചെയ്ത ലീഗ് അനുകൂലിയായ മുശാവറ അംഗം മുസ്തഫൽ ഫൈസിയെ തിരിച്ചെടുക്കാൻ സമസ്ത തയ്യാറായിട്ടില്ല. വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞാണ് തിരിച്ചെടുക്കാതിരുന്നത്. അതിൽ മുസ്‌ലിം ലീഗിന് അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പായതുകൊണ്ടാണ് പരസ്യനിലപാട് സ്വീകരിക്കാത്തത്. കഴിഞ്ഞദിവസം സമസ്തയിൽ പുതുതായി ഉൾപ്പെടുത്തിയ ആറ് മുശാവറ അംഗങ്ങളും ഒരുവിഭാഗത്തിന്റെ ആളുകളാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷമാണ് ലീഗ്‌വിരുദ്ധപക്ഷം സമസ്തയിൽ ശക്തിപ്പെട്ടത്. അതിനുമുൻപ് ഒറ്റപ്പെട്ട ചില നീക്കങ്ങളേ ഉണ്ടായിരുന്നുള്ളൂ. മലപ്പുറം ജില്ലയിൽ സമസ്തയിലെ രണ്ടാംനിര നേതാവിന്റെ നേതൃത്വത്തിൽ ലീഗ് സ്ഥാനാർഥിക്കെതിരേ യോഗം നടന്നത് മാത്രമാണ് അതിനുമുൻപുണ്ടായ പ്രധാനസംഭവം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ ശക്തമായ ലീഗ്‌വിരുദ്ധ സംഘം വഖഫ് ബോർഡ് വിഷയത്തോടെയാണ് ലീഗുമായുള്ള ഏറ്റുമുട്ടലിലേക്കുപോയത്. അന്ന് തുടങ്ങിയ രൂക്ഷമായ അഭിപ്രായഭിന്നത ഇപ്പോഴും തുടരുന്നുണ്ട്. സമസ്തയിലെ രണ്ടാംനേതൃനിരയിലെ പല നേതാക്കളും ഇപ്പോഴും ലീഗ്‌വിരുദ്ധപക്ഷത്തുതന്നെയാണ്.
Published: 15 Nov 2025, 08:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented