കോഴിക്കോട്: മതനിയമങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചുവെന്ന് കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് എ. സൈഫുദ്ദീൻ ഹാജി. കാന്തപുരം പറഞ്ഞതിനെ വിമർശിക്കാം. പക്ഷേ മതകാര്യങ്ങൾ വിശദീകരിക്കേണ്ടതില്ല. മുഖ്യമന്ത്രിക്ക് ഇക്കാര്യം ബോധ്യപ്പെട്ടുവെന്നും പൊതുജനങ്ങളോട് പിഴവ് വിശദീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞതായി എ. സൈഫുദ്ദീൻ ഹാജി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

To advertise here,

എ. സൈഫുദ്ദീൻ ഹാജിയുടെ വാക്കുകൾ;

മുഖ്യമന്ത്രിയുടെ കാബിനറ്റ് വിശദീകരണവുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തിൽ നടത്തിയ പരാമർശത്തിൽ പ്രതിഷേധം അറിയിച്ചു. കാന്തപുരം ഉസ്താദ് പറഞ്ഞ പരാമർശത്തോട് വ്യക്തി എന്ന നിലയ്ക്കോ പാർട്ടി നേതാവ് എന്ന് നിലയ്ക്കോ മുഖ്യമന്ത്രി എന്ന നിലയ്ക്കോ വിയോജിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും വി.ഡി. സതീശൻ എന്നയാൾക്കുണ്ട്. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിൽ പെട്ടതാണ്. അതിൽ ഞങ്ങൾ കൈകടത്തുന്നില്ല.

എന്നാൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് അറിയാത്ത ഖുർആനും ഇസ്ലാമിക ചരിത്രവും എനിക്കറിയാം, ഞാൻ പറയുന്നതാണ് ശരി എന്ന നിലയ്ക്ക് മുഖ്യമന്ത്രി വിശദീകരിക്കാൻ ശ്രമിച്ചതും, കാന്തപുരം ഉസ്താദ് 19-ാം നൂറ്റാണ്ടിൽ പറയേണ്ടതാണ് 21-ാം നൂറ്റാണ്ടിൽ പറയുന്നതെന്നും അതിനെ തള്ളിക്കളയുന്നുവെന്നും പറഞ്ഞത്, മുഖ്യമന്ത്രിയായ വ്യക്തി മുഫ്തിയാകാൻ ശ്രമിച്ചതിലുള്ള അമർഷവും പ്രതിഷേധവുമാണ് രേഖപ്പെടുത്തിയത്.

അദ്ദേഹത്തിന് ഏതോ കേന്ദ്രത്തിൽനിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിശദീകരിക്കാൻ ശ്രമിച്ചത്. അത് തീർത്തും തെറ്റാണ്. അത് അദ്ദേഹത്തിന്റെ തെറ്റല്ല. പൊതു സമൂഹത്തിന് മുമ്പിൽ അത് വിശദീകരിക്കാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട് - എ. സൈഫുദ്ദീൻ ഹാജി പറഞ്ഞു.

സമസ്ത കാന്തപുരം വിഭാഗം മുതിർന്ന നേതാവും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി കടലുണ്ടി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ടത്.

കാന്തപുരത്തിന്റെ പരാമർശത്തെ മുഖ്യമന്ത്രി തെറ്റായി വ്യാഖ്യാനിച്ചെന്ന് ആരോപിച്ച് മുസ്ലിം ജമാഅത്ത് ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തേ രംഗത്തെത്തുകയും, പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എ.പി. വിഭാഗം നേതാക്കൾ നേരിട്ടെത്തി മുഖ്യമന്ത്രിയെ കണ്ടത്. പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. 

കാന്തപുരത്തിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരേ ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കാന്തപുരം മതത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നും 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളാണ് ഇപ്പോൾ പറയുന്നുവെന്നുമായിരുന്നു വിമർശനം. ഇതിലുണ്ടായ നീരസവും വിഷമവും അറിയിക്കാനും പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെടാനുമാണ് എ.പി. വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്.

ഇതിനിടെ കാന്തപുരത്തെ പിന്തുണച്ച് സമസ്ത ഇ.കെ. വിഭാഗം അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഓരോ വ്യക്തിക്കും തങ്ങളുടെ മതപരമായ വിശ്വാസങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ട്. അതിനെ പരിഹസിക്കുന്നത് ശരിയല്ല. മതപരമായ കാര്യങ്ങൾ പറയുന്നവരെ ചെറുതാക്കി കാണിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.